മാടമ്പള്ളിയിലെ യഥാർഥ മനോരോഗി: വീണ്ടും മണിച്ചിത്രത്താഴിന്‍റെ പുനർവ്യാഖ്യാനങ്ങൾ

മാടമ്പള്ളിയിലെ യഥാർഥ മനോരോഗി: മണിച്ചിത്രത്താഴിന്‍റെ റീറിലീസിനൊപ്പം ആ സിനിമയുടെ പുനർവ്യാഖ്യാനങ്ങളും ഇന്നലെ എന്ന സിനിമയുമായുള്ള യാ‌ദൃച്ഛിക ബന്ധവും ചർച്ചയാകുന്നു
Manichithrathazhu, Innale
മണിച്ചിത്രത്താഴ്, ഇന്നലെ
Updated on

പ്രത്യേക ലേഖകൻ

വടക്കൻപാട്ടിന്‍റെ പുനർവ്യാഖ്യാനത്തിലൂടെ എം.ടി. വാസുദേവൻ നായർ ചതിയൻ ചന്തുവിനെ ദുരന്തനായകനാക്കി. മഹാഭാരതത്തിലെ മൗനങ്ങൾ പൂരിപ്പിച്ച് രണ്ടാമൂഴം എന്ന ക്ലാസിക് നോവലും എഴുതി. അത്രത്തോളമില്ലെങ്കിലും, മലയാളത്തിലെ എവർഗ്രീൻ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ മണിച്ചിത്രത്താഴ് റീറിലീസ് ചെയ്തപ്പോൾ, ആ സിനിമയിൽ തിരക്കഥാകൃത്ത് മധു മുട്ടം ബാക്കി വച്ച മൗനങ്ങളുടെ പുനർവ്യാഖ്യാനങ്ങളും വീണ്ടും ചർച്ചയാകുകയാണ്.

തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ കലവൂർ രവികുമാർ മധു മുട്ടവുമായി നടത്തിയ ഒരു അഭിമുഖത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇതിലൊന്ന്. മണിച്ചിത്രത്താഴ് 1993ൽ ആദ്യം റിലീസ് ചെയ്തതിനു പിന്നാലെയാണ് അന്ന് മാധ്യമപ്രവർത്തകനായിരുന്ന രവികുമാർ ഈ അഭിമുഖം നടത്തുന്നത്.

Kalavoor Ravikumar
കലവൂർ രവികുമാർ

അസുഖം ഗംഗയ്ക്കല്ല നകുലനാണെന്നാണ് രവികുമാറിന്‍റെ നിരീക്ഷണം. ഭർത്താവിൽനിന്നു തൃപ്തി ലഭിക്കാത്ത നവവധുവിന് അടുത്ത വീട്ടിലെ യുവാവിനോടു തോന്നിയ ആസക്തിയുടെ കഥ എന്നാണ് മണിച്ചിത്രത്താഴിനെ അദ്ദേഹം വിശേഷിപ്പിക്കുന്നത്. തിരക്കഥാകൃത്ത് മധു മുട്ടവുമായും സംവിധായകൻ ഫാസിലുമായും താൻ നേരിട്ട് സംസാരിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും കലവൂർ രവികുമാർ.

പാട്ടിന്‍റെ വരികളിൽ ഒളിപ്പിച്ച കഥ

''വരുവാനില്ലാരും...'' എന്ന പാട്ട് കേട്ടപ്പോഴാണ് ഈ സംശയം ആദ്യം തോന്നിയത്. സിനിമയിലെ മറ്റു ഗാനങ്ങൾ എഴുതിയ ബിച്ചു തിരുമലയല്ല ഈ പാട്ടെഴുതിയത്, മറിച്ച്, തിരക്കഥാകൃത്തായ മധു മുട്ടം തന്നെയാണ്. ചിത്രത്തിൽ ഒളിപ്പിച്ചു വച്ച മറ്റൊരു കഥയാണ് ആ പാട്ടിലുള്ളതെന്നാണ് രവികുമാറിനു തോന്നിയത്.

വിവാഹിതയായ ഗംഗയുടെ ജീവിതത്തിൽ ഇനി ആരും വരാനില്ലെങ്കിലും അവർ കാത്തിരിക്കുന്നുണ്ട് എന്നാണ് പാട്ടിൽ. താനൊരു പൂക്കാത്ത മാങ്കൊമ്പാണെന്ന ഗംഗയുടെ വിഷാദം കുട്ടികളില്ലാത്തതിന്‍റെ ധ്വനിയാകാം.

വർക്കഹോളിക്കായ നകുലൻ

നവ ദമ്പതികളായ ഗംഗയും നകുലനും തമ്മിൽ ഒരു ആലിംഗനരംഗം പോലും ചിത്രത്തിലില്ല. ബെഡ് റൂമിൽ പോലും നകുലൻ ജോലിയിലാണ്.

''നകുലേട്ടൻ കിടക്കാറായോ? കിടക്കുമ്പോൾ എന്നെ വിളിക്കണം'' എന്നെല്ലാം ഗംഗ പറയുന്നുമുണ്ട്. അതൃപ്തിയൊന്നും പ്രകടമാക്കുന്നില്ലെങ്കിലും അതൊക്കെ സിനിമയിൽ ഒളിപ്പിച്ചു വച്ച കഥയിലേക്കുള്ള സൂചനയാണെന്നാണ് കലവൂർ രവികുമാർ പറയുന്നത്.

Part of Kalavoor Ravikumar's interview with Madhu Muttam
മധു മുട്ടവുമായി കലവൂർ രവികുമാർ നടത്തിയ അഭിമുഖത്തിന്‍റെ ഭാഗം.

പേരുകളിൽ ഒളിപ്പിച്ച സൂചന

കഥാപാത്രങ്ങളുടെ പേരുകളും ബോധപൂർവം തെരഞ്ഞെടുക്കപ്പെട്ടതാണെന്നാണ് അദ്ദേഹത്തിന്‍റെ വാദം. നകുലൻ എന്നാൽ കുലമില്ലാത്തവൻ എന്നർഥം വരും. മഹാദേവൻ എന്നാൽ ശിവനും. ശിവനും ഗംഗയും തമ്മിലുള്ള പവിത്രമല്ലാത്ത ബന്ധത്തെക്കുറിച്ചും ഇവിടെ സൂചനയുണ്ട്.

തന്‍റെ ഭാര്യയായ പാർവതി കാണാതെ ഗംഗയെ ജഡയിൽ ഒളിപ്പിച്ചിരിക്കുകയാണ് ശിവൻ. മണിച്ചിത്രത്താഴിന്‍റെ അവസാന ഭാഗത്തോടടുപ്പിച്ച് ഗംഗ മഹാദേവനെ കയറിപ്പിടിക്കുന്ന രംഗമുണ്ട്. മഹാദേവനുമായി വിവാഹം ഉറപ്പിച്ചിരിക്കുന്ന അല്ലിയെ കൊല്ലാനും അതിനു മുൻപേ ശ്രമിക്കുന്നുണ്ട്.

മധു മുട്ടത്തിന്‍റെയും ഫാസിലിന്‍റെയും സ്ഥിരീകരണം

ഈ വാദങ്ങളെല്ലാം അക്കാലത്ത് മധു മുട്ടത്തിനു മുന്നിൽ അവതരിപ്പിച്ചപ്പോൾ, അദ്ദേഹം തന്‍റെ കൈകൾ കവർന്നു എന്നും കലവൂർ രവികുമാർ ഓർക്കുന്നു. എന്നിട്ട് മധു മുട്ടം പറഞ്ഞു, ''ഒരാൾ ഇങ്ങനെ സൂക്ഷ്മമായി എന്നെ തിരിച്ചറിഞ്ഞല്ലോ, സന്തോഷം''.

തന്‍റെ നിരീക്ഷണം സംവിധായകൻ ഫാസിലിനെ പിന്നീട് അഭിമുഖം ചെയ്തപ്പോഴും ഉന്നയിച്ചത് കലവൂർ രവികുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ അകംപൊരുൾ സുരേഷ് ഗോപിക്ക് അറിയാമായിരുന്നോ എന്നു ചോദിച്ചപ്പോൾ, ''ആർക്കും അറിയില്ല'' എന്നായിരുന്നത്രെ അദ്ദേഹം ചിരിച്ചുകൊണ്ട് നൽകിയ മറുപടി.

Madhu Muttam, Fazil
മധു മുട്ടം, ഫാസിൽ

'ഇന്നലെ'യുടെ പ്രീക്വൽ?

കലവൂർ രവികുമാറിന്‍റെ നിരീക്ഷണങ്ങളുമായി ചേർന്നു പോകുന്നതാണ് വർഷങ്ങൾക്കു മുൻപ് ഒരു മനഃശാസ്ത്ര വിദഗ്ധന്‍റെ പേരിൽ വന്ന, ഭാവനാസമ്പന്നമായ മറ്റൊരു വ്യാഖ്യാനം. ഇതുപ്രകാരം, 1993ൽ ഇറങ്ങിയ മണിച്ചിത്രത്താഴിന്‍റെ മുൻതുടർച്ചയാണ് 1990ൽ ഇറങ്ങിയ 'ഇന്നലെ' എന്ന പത്മരാജൻ ചിത്രം. അഥവാ, ഇന്നലെയുടെ പ്രീക്വലായി മണിച്ചിത്രത്താഴിനെ വ്യാഖ്യാനിക്കാം.

ശോഭനയും സുരേഷ് ഗോപിയും ഇതിലും ഭാര്യാഭർത്താക്കൻമാരുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗംഗയുടെയും നകുലന്‍റെയും സ്ഥാനത്ത് ഗൗരിയും നരേന്ദ്രനും- പേരുകളിൽ പോലും സമാനത.

മനഃശാസ്ത്ര വിശകലനം

'ഇന്നലെ' റിലീസ് ചെയ്ത് മൂന്നു വർഷത്തിനു ശേഷമാണ് 'മണിച്ചിത്രത്താഴ്' ഇറങ്ങുന്നത്. എന്നുവച്ച് മണിച്ചിത്രത്താഴ് എഴുതുമ്പോൾ ഇന്നലെയുടെ സ്വാധീനം ഉണ്ടായിട്ടുള്ളതായി മധു മുട്ടമോ ഫാസിലോ എവിടെയും പറഞ്ഞിട്ടുള്ളതായി അറിയില്ല. പക്ഷേ, വ്യാഖ്യാനം കൗതുകകരമാണ്. അത് ഏകദേശം ഇങ്ങനെ പോകുന്നു:

ഡോ. സണ്ണിയുടെ ചികിത്സയിലൂടെ താത്കാലിക രോഗശാന്തി മാത്രമാണ് ഗംഗയ്ക്ക് ലഭിച്ചത്. അതിന്‍റെ മൂലകാരണം, അതായത് ദാമ്പത്യത്തിലെ അതൃപ്തി, ഉള്ളിൽ ഉറങ്ങിക്കിടന്നു. ഗംഗയും നകുലനും കൽക്കത്തയ്ക്കു പോയി. അവിടെയും നകുലന്‍റെ ലൈംഗിക വിരക്തി തുടരുകയായിരുന്നു. അങ്ങനെ ഏതോ ഒരു അവസരത്തിൽ ഗംഗയുടെ അസുഖം വീണ്ടും തലപൊക്കി.

'ഇന്നലെ' എന്ന സിനിമയിൽ ശോഭനയുടെ ഗൗരി വാഹനാപകടത്തിൽ മറവി (റിട്രോഗ്രേഡ് അംനീഷ്യ) ബാധിച്ച കഥാപാത്രമാണ്. അങ്ങനെ നടിക്കുന്ന കഥാപാത്രം എന്ന് വ്യാഖ്യാനം. അങ്ങനെ ഗംഗ എന്ന ഗൗരി ഒരവസരം കിട്ടിയപ്പോൾ നകുലൻ എന്ന നരേന്ദ്രനെ മറന്നതായി ഭാവിച്ച് കൂടുതൽ സ്നേഹവും കരുതലും പ്രകടിപ്പിക്കുന്ന ശരത് എന്ന ജയറാം കഥാപാത്രത്തിനൊപ്പം ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.

വ്യാഖ്യാനങ്ങളുടെ പ്രസക്തി

ഇത്തരത്തിൽ നിരവധി വ്യാഖ്യാനങ്ങളാണ് ഇപ്പോൾ സിനിമാപ്രേമികളുടെ ചർച്ചയിൽ നിറയുന്നത്. ഇതിനു പുറമേ ശ്രീദേവിയുടെയും കാട്ടുപറമ്പന്‍റെയുമൊക്കെ വെർഷനുകളിലുള്ള പുനരാഖ്യാന സാധ്യതകളും ഏറെ.

ഒരു സാഹിത്യസൃഷ്ടിയെ, സിനിമയെ കാലാതിവർത്തിയായി നിലനിർത്തുന്നതിൽ പുനർവായനകളും പുനർ വ്യാഖ്യാനങ്ങളും കൂടി നിർണായക പങ്ക് വഹിക്കുന്നു എന്നതിന്‍റെ ഉത്തമോദാഹരണമാണിത്.

Trending

No stories found.

Latest News

No stories found.