'മാലാഖക്കുഞ്ഞുങ്ങൾ'ക്കൊപ്പം മോഹൻലാലിന്‍റെ പിറന്നാൾ ആഘോഷം

ആരാധകരും സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളുമെല്ലാം പിറന്നാൾ ആശംസകൾ നേർന്നു
'മാലാഖക്കുഞ്ഞുങ്ങൾ'ക്കൊപ്പം മോഹൻലാലിന്‍റെ പിറന്നാൾ ആഘോഷം
Updated on

തിരുവനന്തപുരം: ആരാധകരുടെ ആശംസകളിൽ ആറാടി അറുപത്തിമൂന്നാം പിറന്നാൾ ആഘോഷിച്ച് മലയാളത്തിന്‍റെ നടനവിസ്മയം മോഹൻലാൽ. ഇത്തവണ 'ഏഞ്ചൽസ് ഹട്ട്' ഷെൽറ്റർ ഹോമിലെ കുഞ്ഞുങ്ങൾക്കൊപ്പമാണ് താരം പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ മധുരം പങ്കു വയ്ക്കുന്ന ചിത്രം മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ചു.

ആരാധകരും സിനിമാതാരങ്ങളും രാഷ്ട്രീയനേതാക്കളുമെല്ലാം ലാലിന് പിറന്നാൾ ആശംസകൾ നേരാൻ മറന്നില്ല. ഒരുമിച്ചുള്ള ചിത്രം പങ്കു വച്ചു കൊണ്ടാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി ലാലിന് ആശംസകൾ നേർന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലിന് പിറന്നാളാശംസകൾ നേർന്നു. യുവതാരങ്ങളായ ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, അജു വർഗീസ്, ഉണ്ണി മുകുന്ദൻ, ഷൈൻ ടോം ചാക്കോ, മഞ്ജു വാര്യൻ, ശ്വേതാ മേനോൻ എന്നിവരും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ പങ്കു വച്ചു.

പത്തനംതിട്ടയിലെ ഇലന്തൂരിൽ 1960 മേയ് 21നാണ് മോഹൻ ലാൻ ജനിച്ചത്. 1978ൽ തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യമായി അഭിനയിച്ചത്. എന്നാൽ ചില തടസ്സങ്ങൾ മൂലം ചിത്രം പുറത്തിറങ്ങിയില്ല. അതിനു ശേഷം ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലൻ വേഷത്തിലൂടെ സിനിമയിലെത്തിയ മോഹൻലാലിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ആയി മാറിയതിനൊപ്പം സംസ്ഥാന, ദേശീയ പുരസ്കാരങ്ങളും വാരിക്കൂട്ടി.

പത്മശ്രീ, പത്മഭൂഷൺ പുരസ്കാരങ്ങളും ലാലിനെ തേടിയെത്തി. ഹിന്ദി കന്നഡ, തമിഴ് , തെലുങ്ക് തുടങ്ങിയ ഭാഷകളിലും മോഹൻലാൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

Trending

No stories found.

Latest News

No stories found.