മുംബൈ: ലോകമെമ്പാടുമുള്ള മലയാളികൾ 'ആടുജീവിതം' എന്ന സിനിമക്ക് വേണ്ടി കാത്തിരുന്ന പോലെ മറ്റേതെങ്കിലും ചിത്രത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. സംവിധായകൻ ബ്ലെസിയും ആടുജീവിതം എന്ന നോവലും തന്നെ ആയിരുന്നു അതിന് കാരണം. ബെന്യാമിൻ രചിച്ച ആടുജീവിതം എന്ന നോവൽ സിനിമയാകുമ്പോൾ അത് അനുഭവിച്ച് അറിയാനായാണ് ഏവരും അക്ഷമരായി കാത്തിരുന്നത്. ആ പ്രതീക്ഷികളൊന്നും അസ്ഥാനത്തായിരുന്നില്ലെന്ന് പ്രേക്ഷകർ പറയുന്നു. മറ്റെല്ലാം മലയാളികളെയുമെന്ന പോലെ ആടു ജീവിതം എന്ന സിനിമയെ മുംബൈ നഗരവും ഹൃദയത്തിലേറ്റിയിരിക്കുകയാണ്.
ബ്ലെസിയുടെ 16 വർഷത്തെ കാത്തിരിപ്പും പൃഥ്വിരാജിന്‍റെ സമർപ്പണവും വെറുതെ ആയില്ലെന്നു തന്നെയാണ് ആദ്യ ദിവസം തന്നെ ഷോ കഴിഞ്ഞ ശേഷമുള്ള പ്രേക്ഷകർക്ക് പറയാനുണ്ടായിരുന്നത്.
ബെന്യാമിന്‍റെ 'ആടുജീവിതം' നോവല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വായിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട മലയാള നോവലുകളിലൊന്നുമാണത്. ബ്ലസ്സിയുടെ 'ആടുജീവിതം' സിനിമ കണ്ടപ്പോള്‍ ഉണ്ടായ അനുഭൂതിയും അനുഭവവും വര്‍ണ്ണനാതീതമാണെന്ന് മുംബൈയിലെ സാമൂഹ്യ പ്രവർത്തകനും താക്കൂർളി നിവാസിയുമായ രമേശ് വാസു പറയുന്നു. പൃഥ്വിരാജിന്‍റെ നജീബിലേക്കുള്ള കൂടുമാറ്റം അപാരമാണ്. അതുപോലെ ഓരോ കഥാപാത്രവും. ഛായാഗ്രഹണവും സ്‌കോറും എല്ലാം ഒന്നിനൊന്നു മെച്ചം. മലയാളസിനിമയെ ലോകോത്തര തലത്തിലേക്ക് എത്തിക്കുന്ന സിനിമയായിരിക്കും 'ആടുജീവിതമെന്നും രമേശ് വാസു പറയുന്നു.
'എല്ലാത്തരം സിനിമകളും കാണുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആടുജീവിതം എനിക്ക് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ പറ്റാത്ത വിധം വാക്കുകൾക്ക് അപ്പുറം ആണെന്ന് മുംബൈയിൽ താമസിക്കുന്ന റെജിൻ പറയുന്നു. നല്ലൊരു സിനിമ കണ്ട സന്തോഷമുണ്ട്. നജീബ് അനുഭവിച്ച വിഷമങ്ങൾ ഉൾക്കൊണ്ടത് കൊണ്ട് തൊണ്ടയിടറിപ്പോയ നിമിഷങ്ങൾ ആയിരുന്നു ആടുജീവിതം കണ്ടിറങ്ങിയപ്പോൾ.ചിത്രം അതി ഗംഭീരമാണെന്നും റെജിൻ പറയുന്നു.
'ഗംഭീര പടമാണ്.പൃഥ്വിരാജ് സൂപ്പർ അഭിനയമാണ്. രണ്ടാം പകുതി അതി ഗംഭീരം. ഇത്രയും പ്രതീക്ഷിച്ചില്ല. സിനിമയ്ക്ക് വല്ലാത്തൊരു ഫീലുണ്ടെന്ന് മുംബൈയിൽ ഈയിടെ ജോലിക്കായി എത്തിയ അഖിലിന്‍റെ അഭിപ്രായം.
സിനിമയായി തോന്നിയില്ല ജീവിതം തന്നെയായിരുന്നുവെന്ന് നാരായണ അയ്യർ പറയുന്നു.ഉയർന്ന സാങ്കേതിക മികവ്. പൃഥ്വിരാജിന്‍റെ മികച്ച പ്രകടനം. ബ്ലെസി ഒന്നിലും കോമ്പ്രമൈസ് ചെയ്തിട്ടില്ല. ദൃശ്യങ്ങളും മനോഹരം ബിജിഎം അതിമനോഹരം എന്നും നാരായണ അയ്യർ.
ബ്ലെസി സാറിന്‍റെ പതിനാറ് വര്‍ഷത്തെ കഷ്ടപ്പാട് വെറുതെ ആയില്ലെന്നും ആ അധ്വാനം വെറുതെ അല്ലെന്നുമാണ് 20 വർഷത്തോളമായി മുംബൈയിൽ ഉള്ള വിനോദ് പറയുന്നത്. റിയലിസ്റ്റിക് ആയി പ്രേക്ഷകരെ പിടിച്ചിരുന്ന സിനിമയാണ് ആടുജീവിതം. ആദ്യ ദിവസം തന്നെ ഫിലിം കാണണം എന്നത് മുൻകൂട്ടി പ്ലാൻ ചെയ്തിരുന്നതായും അദ്ദേഹം പറഞ്ഞു. 'ആടുജീവിതം സിനിമ മലയാള സിനിമ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഈ സിനിമ എന്നും നിലനിൽക്കും. ഇന്നലെ സിനിമ കണ്ടു. ഇന്ന് ഒരു ദിവസം കഴിയാറായിട്ടും ആ സിനിമയുടെ ഫീൽ മനസ്സിൽ നിന്നും പോവാതെ നിൽക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
പൃഥ്വിരാജ് എന്ന നടനും ബ്ലെസ്സി എന്ന അസാധ്യ സംവിധായകനും. കൂടെ ആത്മാർത്ഥമായി ഈ സിനിമക്ക് വേണ്ടി പ്രയത്നിച്ച ഓരോ അണിയറ പ്രവർത്തകരും ചേർന്ന് പച്ചയായ ആവിഷ്കരണത്തിലൂടെ
ജീവിതത്തിൽ യഥാർത്ഥത്തിൽ അനുഭവിച്ച നജീബ് എന്ന വ്യക്തിയുടെ അനുഭവങ്ങൾ പൂർണ്ണമായും ആവിഷ്കരിക്കാൻ പൃഥ്വിരാജ് എന്ന നടന് കഴിഞ്ഞു എന്നത് എല്ലാം കൊണ്ടും ഒരു മലയാളിക്ക് തന്നെ അഭിമാനിക്കാവുന്നതാണ്
ഈ സിനിമക്ക് ഓസ്കർ വരെ ലഭിക്കാനുള്ള യോഗ്യത ഉണ്ടെന്ന കാഴ്ചപ്പാടിലാണ് താനെന്ന് കൃഷ്ണകുമാർ നമ്പൂതിരി പറയുന്നു.
'വർഷങ്ങൾക്കു മുൻപ് ജീവിതം കരക്കടുപ്പിക്കാൻ ദുബായ് എന്ന് കേൾക്കുമ്പോൾ ഒന്നും നോക്കാതെ ഇല്ലതെല്ലാം വിറ്റു വിദേശത്തേക്ക് പോകുകയും ജോലി എന്താണെന്നു പോലും നോക്കാതെ പോകുന്ന മനുഷ്യരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്. നജീബിനെ പോലെ ഉള്ള കുറെ മനുഷ്യ ജീവന്‍റെ കഥ ബ്ലെസ്സി എന്ന മനുഷ്യൻ പൃഥ്വിരാജ് എന്ന നടനെ വെച്ച് ഒരു സിനിമയാക്കിയപ്പോൾ വെറുതെ മേക്കപ്പിട്ട് അയാൾ മാറുകയായിരുന്നില്ല. കണ്ണുകളിൽ, മുഖത്ത്, വിരലിന്റെ ചലനങ്ങളിൽ, നടത്തത്തിൽ നജീബായി അയാൾ ജിവിക്കുകയായിരുന്നു. പൃഥ്വിയുടെ കണ്ണുകളാണ് പലപ്പോഴും ചിത്രത്തിൽ അഭിനയിക്കുന്നത്. അക്ഷരാർത്ഥത്തിൽ കഥാപാത്രത്തെ ഉള്ളിലേക്കെടുത്തുള്ള പ്രകടനം അവിസ്മരണീയമാണെന്ന്ഉമേഷ് നാരായണൻ പറഞ്ഞു