എന്‍റെ രാഷ്‌ട്രീയം സുരേഷ് ഗോപിയുടെ രാഷ്‌ട്രീയമല്ല: രൺജി പണിക്കർ
കൊച്ചി: ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്‌ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണിതെന്നും, എന്നാൽ, പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രൺജി പണിക്കർ. തനിക്ക് കൃത്യമായ രാഷ്‌ട്രീയമുണ്ടെന്നും, എന്നാൽ അത് സുരേഷ് ഗോപിയുടെ രാഷ്‌ട്രീയമല്ലെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
എറണാകുളം മണ്ഡലത്തിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രൺജി പണിക്കർ. ജനാധിപത്യത്തിന്‍റെ നിലനിൽപ്പിനു വേണ്ടി, അല്ലെങ്കിൽ അതിന്‍റെ അപകടസന്ധിയെ തരണം ചെയ്യുന്നതിനായാണ് വോട്ട് ചെയ്തത്. എല്ലാ പരിമിതികൾക്കും പരാധീനതകൾക്കും ഉള്ളിൽ നിന്നുകൊണ്ടു തന്നെ ജനാധിപത്യത്തിന് അതിന്‍റേതായ അതിജീവന മെക്കാനിസം ഉണ്ടെന്നു വിശ്വസിക്കുന്ന വോട്ടറാണു താനെന്നും രൺജി പണിക്കർ പറഞ്ഞു.
ജനാധിപത്യം സ്വന്തമായ പരിഹാരമാർഗങ്ങൾ സ്വാഭാവികമായി തന്നെ കണ്ടെത്തുന്നത് അടിയന്തരാവസ്ഥയ്ക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ നമ്മൾ കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.