വിമാനം റാഞ്ചികളുടെ ഹിന്ദു പേരുകൾ യഥാർഥത്തിൽ ഉപയോഗിച്ച കോഡുകൾ: നെറ്റ്ഫ്ളിക്സ്

കാണ്ഡഹാർ വിമാനം റാഞ്ചലിനെ അടിസ്ഥാനമാക്കിയുള്ള വെബ് സീരീസ് വിവാദത്തിൽ നെറ്റ്ഫ്ളിക്സിന്‍റെ വിശദീകരണം

ന്യൂഡൽഹി: 'ഐസി 814 കാണ്ഡഹാർ ഹൈജാക്ക്' എന്ന വെബ് സീരീസിനെച്ചൊല്ലിയുള്ള വിവാദങ്ങളിൽ നെറ്റ്ഫ്ളിക്സിന്‍റെ ഔദ്യോഗിക പ്രതികരണം. വിമാനം റാഞ്ചിയവരുടെ സംഘത്തിലെ രണ്ടു പേർക്ക് ഹിന്ദു പേരുകൾ ഉപയോഗിച്ചതിനെച്ചൊല്ലിയാണ് വിവാദം ഉയർന്നത്. എന്നാൽ, ഭോല, ശങ്കർ എന്നീ പേരുകൾ ഭീകരർ യഥാർഥത്തിൽ ഉപയോഗിച്ച് കോഡ് പേരുകൾ തന്നെയായിരുന്നു എന്ന വിശദീകരണമാണ് നെറ്റ്ഫ്ളിക്സ് ഇപ്പോൾ സീരീസിന്‍റെ തുടക്കത്തിൽ ചേർത്തിരിക്കുന്നത്. യഥാർഥ വിവരങ്ങൾ കാഴ്ചക്കാരിലെത്താക്കാനാണ് ശ്രമമെന്നും നെറ്റ്ഫ്ളിക്സിന്‍റെ ഇന്ത്യയിലെ വൈസ് പ്രസിഡന്‍റ് (കണ്ടന്‍റ്) മോണിക്ക ഷേർഗിൽ വ്യക്തമാക്കി.

പാക്കിസ്ഥാൻ ഭീകരസംഘടനയായ ഹർക്കത്തുൽ മുജാഹിദ്ദീൻ 1999ലാണ് കാഠ്മണ്ഡുവിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള ഐസി 814 എയർ ഇന്ത്യ വിമാനം തട്ടിക്കൊണ്ടുപോയത്. ന്യൂഡൽഹിയിൽ ഇറക്കാൻ അനുവദിക്കാതെ താലിബാൻ ഭരണത്തിലായിരുന്ന അഫ്ഗാനിസ്ഥാനിലേക്കാണ് അന്നു വിമാനം കൊണ്ടു പോയത്.

അന്ന് അധികാരത്തിലിരുന്ന എ.ബി. വാജ്പേയി സർക്കാർ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മൂന്നു കുപ്രസിദ്ധ ഭീകരരെ ഇന്ത്യൻ ജയിലിൽ നിന്നു മോചിപ്പിക്കാനും നിർബന്ധിതമായിരുന്നു. 154 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മസൂദ് അസർ, അഹമ്മദ് ഉമർ സയീദ് ഷെയ്ക്ക്, മുഷ്താക്ക് സർഗാർ എന്നീ ഭീകരരെയാണ് ഇന്ത്യ അന്നു മോചിപ്പിച്ചത്.

2000ത്തിൽ ഇന്ത്യൻ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരം അനുസരിച്ച് ഭീകര സംഘത്തിലുണ്ടായിരുന്നവരുടെ പേരുകൾ ഇബ്രാഹിം അത്തർ, ഷാഹിദ് അക്തർ സയീദ്, സണ്ണി അഹമ്മദ് കാസി, മിസ്ത്രി സഹൂർ ഇബ്രാഹിം, ഷക്കീർ എന്നിങ്ങനെയാണ്. സീരീസിൽ ഇവർ എല്ലാവരും തിരിച്ചറിയാതിരിക്കാൻ കോഡ് പേരുകൾ ഉപയോഗിച്ചാണ് പരസ്പരം അഭിസംബോധന ചെയ്യുന്നത്. ഇതിൽപ്പെടുന്ന രണ്ടു പേരുകളാണ് ഭോലാ, ശങ്കർ എന്നിവ. ചീഫ്, ഡോക്റ്റർ, ബർഗർ എന്നിങ്ങനെയാണ് മറ്റു മൂന്നു പേരുടെ കോഡ് നാമങ്ങൾ.

ഇതേ കോഡ് നാമങ്ങൾ തന്നെയാണ് ഭീകരർ ഉപയോഗിച്ചിരുന്നതെന്ന് വിമാനത്തിന്‍റെ ക്യാപ്റ്റനായിരുന്ന ദേവി ശരൺ എഴുതിയ 'ഫ്ളൈറ്റ് ഇന്‍റു ഫിയർ: ദ് ക്യാപ്റ്റൻസ് സ്റ്റോറി' എന്ന പുസ്തകത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അന്നത്തെ യാത്രക്കാരും ഈ വിവരം സ്ഥിരീകരിച്ചിരുന്നു.

അതേസമയം, ഭോലാ, ശങ്കർ എന്നീ പേരുകൾ ഉപയോഗിക്കുക വഴി സീരീസ് നിർമാതാക്കൾ ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് വാർത്താവിതരണ പ്രക്ഷേപണം മന്ത്രാലയം മോണിക്ക ഷേർഗിലിനു സമൻസ് അയച്ചിരുന്നു. പാക് ഭീകരർക്ക് ഹിന്ദു പേരുകൾ നൽകി അവരെ വൈറ്റ് വാഷ് ചെയ്യാനാണ് നെറ്റ്ഫ്ളിക്സ് ശ്രമിക്കുന്നതെന്നാണ് ബിജെപി സോഷ്യൽ മീഡിയ മേധാവി അമിത് മാളവ്യ ആരോപിച്ചത്.

Trending

No stories found.

More Videos

No stories found.