ആരാധകരോട് അഭ്യർഥനയുമായി ഉലകനായകൻ കമൽഹാസൻ. തന്നെ ഇനി ഉലകനായകൻ എന്ന് വിളിക്കരുതെന്നാണ് ആരാധകരോടുളള കമൽഹാസന്‍റെ അഭ്യർഥന. വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമൽഹാസന്‍റെ അഭ്യർഥന.
ഒന്നുകിൽ കമൽഹാസൻ എന്ന് വിളിക്കാം, അതല്ലെങ്കിൽ കമൽ, അതുമല്ലെങ്കിൽ കെ എച്ച് എന്ന് ഉപയോഗിക്കാം. ഉലകനായകനെന്ന് വിശേഷിപ്പിക്കരുത്. സിനിമയെന്ന കലയേക്കൾ വലുതല്ല കലാകാരനെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർഥി മാത്രമാണ് താനെന്നും കമൽ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
പോസ്റ്റിന്‍റെ പൂർണരൂപം
"എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങൾ എന്നെ 'ഉലകനായകൻ' എന്നതുൾപ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.
ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതൽ പഠിക്കാനും കലയിൽ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർഥിയാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണ്. എല്ലാവർക്കും വേണ്ടി. കഴിവുള്ള കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്.
കലാകാരൻ കലയേക്കാൾ വലുതല്ലെന്നാണ് എന്‍റെ അഗാധമായ വിശ്വാസം. എന്‍റെ അപൂർണതകളെക്കുറിച്ചും മെച്ചപ്പെടുത്താനുള്ള എന്‍റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേൽപ്പറഞ്ഞ ശീർഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാൻ ഞാൻ നിർബന്ധിതനാകുന്നു.