രണ്ടരക്കോടി വാങ്ങി, പക്ഷേ പ്രൊമോഷന് വരില്ല; കുഞ്ചാക്കോ ബോബനെതിരേ 'പദ്മിനി' നിർമാതാവ്

താരത്തിൻ്റെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളുടെ നിർമ്മാതാക്കൾക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും 'പദ്മിനി'യുടെ നിർമാതാവ് തൻ്റെ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്
സുവിൻ കെ.വർക്കിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
സുവിൻ കെ.വർക്കിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
Updated on

കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്‌ഡേ സംവിധാനം നിർവ്വഹിച്ച മലയാള ചിത്രമാണ് 'പദ്മിനി'. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവർ നായികമാരായി എത്തിയ ചിത്രം ജൂലൈ 14 നാണ് തിയറ്റർ റിലീസ് ചെയ്തത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം 'ലിറ്റിൽ ബിഗ് ഫിലിംസ്'ന്റെ ബാനറിൽ സുവിൻ കെ.വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് നിർമ്മാതാവ് തന്‍റെ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്.

"പദ്മിനിയെ നിങ്ങളുടെ ഹൃദയങ്ങളിലേക്ക് ആശ്ലേഷിച്ചതിന് എല്ലാവർക്കും നന്ദി" എന്നു പറഞ്ഞുകൊണ്ടാണ് നിർമ്മാതാവ് സുവിൻ കെ.വർക്കി ആരംഭിച്ചത്. ചിത്രത്തിൻ്റെ പ്രൊമോഷൻ വേളകളിൽ ഉണ്ടായ അനുഭവങ്ങളാണ് പ്രധാനമായും കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ചിത്രത്തിലെ നായകവേഷം അഭിനയിക്കാൻ 2.5 കോടി വാങ്ങിയ നടൻ ടിവി അഭിമുഖങ്ങൾ നൽകിയില്ല, കൂടാതെ നടൻ്റെ ഭാര്യ നിയമിച്ച മാർക്കറ്റിംഗ് കൺസൾട്ടന്റ് സിനിമയുടെ റോ ഫൂട്ടേജ് കണ്ട് വിധി പറഞ്ഞതിനാൽ പരിപാടികളുടെ മുഴുവൻ പ്രൊമോഷൻ പ്ലാനും ചാർട്ടും നിരസിക്കപ്പെട്ടു എന്നാണ് നിർമ്മാതാവ് പറയുന്നത്. ഇത് കുഞ്ചാക്കോ ബോബൻ എന്ന നടനിലേക്കാണ് വിരൽ ചൂണ്ടുന്നത്. താരത്തിൻ്റെതായി അടുത്തിടെ പുറത്തിറങ്ങിയ സിനിമകളുടെ നിർമ്മാതാക്കൾക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും 'പദ്മിനി'യുടെ നിർമ്മാതാവ് തൻ്റെ കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

ഈ നടൻ സഹനിർമ്മാതാവായ ഒരു സിനിമക്ക് ഇങ്ങനെ സംഭവിക്കില്ലെന്നും താരം എല്ലാ ടിവി അഭിമുഖങ്ങളിലും പങ്കെടുക്കുകയും, ടിവി ഷോകളിലും അതിഥിയായിരിക്കുകയും ചെയ്യുന്നുണ്ടെന്നും, ബാഹ്യ നിർമ്മാതാവ് ആകുമ്പോൾ മാത്രമാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നുമാണ് നിർമ്മാതാവ് പറയുന്നത്. 25 ദിവസത്തെ ഷൂട്ടിങ്ങിന് 2.5 കോടി എടുത്ത സിനിമയുടെ പ്രമോഷനെക്കാൾ രസകരം യൂറോപ്പിൽ സുഹൃത്തുക്കളോടൊപ്പം ആഘോഷിക്കുന്നതാണെന്നും എന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തിട്ടുണ്ട്.

സിനിമകൾക്ക് വേണ്ടത്ര റൺ കിട്ടാത്തതിൽ എക്സിബിറ്റർമാർ പ്രതിഷേധിക്കുന്ന ഒരു സംസ്ഥാനത്ത്, എന്തുകൊണ്ട് സിനിമകൾക്ക് ശരിയായ അംഗീകാരം ലഭിക്കുന്നില്ല എന്ന ചോദ്യം ഉന്നയിക്കുന്നതോടൊപ്പം അഭിനേതാക്കൾക്ക് അവർ ഇടപെടുന്ന ഉൽപ്പന്നം മാർക്കറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും ഉണ്ടെന്നും. ഒരു വർഷത്തിൽ പുറത്തിറങ്ങുന്ന 200+ സിനിമകളിൽ നിങ്ങളുടെ സിനിമ കാണാൻ പ്രേക്ഷകരെ ആകർഷിക്കേണ്ടതുണ്ടെന്നും ഇത് ഷോബിസാണ്, നിങ്ങളുടെ നിലനിൽപ്പ് പ്രേക്ഷകരുടെ വിധിയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കാഴ്ചക്കാരെ നിസാരമായി കാണരുതെന്നും പറഞ്ഞുകൊണ്ടാണ് നിർമ്മാതാവ് സുവിൻ കെ.വർക്കി തൻ്റെ വരികൾ അവസാനിപ്പിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.