തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്തിനെതിരേയുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹം സംവിധാനം ചെയ്ത പാലേരി മാണിക്യം- ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ റീ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയ്‌ലർ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ പുറത്തു വിടും. 4 കെ, ഡോൾബി അറ്റ്മോസ് മികവോടെയാണ് ചിത്രം വീണ്ടും തിയെറ്ററുകളിലെത്തുക. ടി.പി. രാജീവന്‍റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. മമ്മൂട്ടി മൂന്നു വേഷങ്ങളിൽ എത്തുന്ന ചിത്രം 2009ലാണ് റിലീസ് ചെയ്തത്. അത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ നാല് പുരസ്കാരങ്ങൾ സിനിമ സ്വന്തമാക്കിയിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ശ്വേത മേനോന് മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചു. മൈഥിലിയായിരുന്നു മറ്റൊരു നായിക.
പാലേരി മാണിക്യത്തിലെ നായികയാക്കാനായി ക്ഷണിച്ചു വരുത്തിയ രഞ്ജിത് തന്നോട് മോശമായി പെരുമാറിയെന്നും പ്രതികരിച്ചപ്പോൾ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ബംഗാളി നടി ശ്രീലേഖ മിത്ര ആരോപിച്ചിരുന്നു.
എന്നാൽ ഓഡിഷനു വേണ്ടിയാണ് വിളിച്ചു വരുത്തിയതെന്നും അനുയോജ്യയല്ലാത്തതിനാൽ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് രഞ്ജിത്തിന്‍റെ ഭാഗം. വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അതേ ചിത്രം തിയെറ്ററിലേക്കേത്തുന്നത്.