വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമ കണ്ടവർക്കറിയാം, ''ജ്ഞാപകം ഓടുതേ, മനം ഏങ്ങുതേ...'' എന്നു തുടങ്ങുന്ന തമിഴ് പാട്ടാണ് ആ സിനിമയുടെ ജീവശ്വാസം. പ്രണവ് മോഹൻലാലിന്‍റെ മുരളി എന്ന കഥാപാത്രം ചിട്ടപ്പെടുത്തുന്ന ഈ പാട്ട്, മറ്റൊരു സംഗീത സംവിധായകന്‍റെ പേരിൽ പുറത്തുവരുന്നതായാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. കലേഷ് രാമാനന്ദ് അവതരിപ്പിച്ച ഇന്ദ്രധനുഷ് എന്ന സംഗീത സംവിധായകന്‍റെ അനശ്വര ഗാനമായി സിനിമയിൽ ഇതു മാറുന്നുണ്ട്.
സംഗീത മോഷണം സിനിമയിൽ പുതിയ കാര്യമൊന്നുമല്ലെങ്കിലും, 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയിലെ ഇന്ദ്രധനുഷിനെ വിനീത് ശ്രീനിവാസൻ സൃഷ്ടിച്ചത് എ.ആർ. റഹ്മാനെ മുന്നിൽ കണ്ടാണോ എന്ന സംശയമാണ് ഇപ്പോൾ ബലപ്പെടുന്നത്. ഇതിനു കാരണമായിരിക്കുന്നത് ബോളിവുഡ് സംവിധായകൻ രാംഗോപാൽ വർമ ഒരു അഭിമുഖത്തിൽ നടത്തിയ വെളിപ്പെടുത്തലും!
എ.ആർ. റഹ്മാനെ ഓസ്കർ അവാർഡ് വരെയെത്തിച്ച 'സ്ലംഡോഗ് മില്യനെയർ' എന്ന സിനിമയിലെ 'ജയ് ഹോ' എന്ന പാട്ട് യഥാർഥത്തിൽ റഹ്മാൻ ചിട്ടപ്പെടുത്തിയതല്ല എന്നാണ് ആർജിവിയുടെ വെളിപ്പെടുത്തൽ.
സ്ലംഡോഗ് മില്യനെയർ എന്ന സിനിമയ്ക്കു വേണ്ടിയല്ല ജയ് ഹോ ആദ്യം തയാറാക്കിയത് എന്നത് പല സിനിമാ സംഗീത പ്രേമികൾക്കും അറിവുള്ള കാര്യമാണ്. സുഭാഷ് ഘായ് സംവിധാനം ചെയ്ത യുവരാജ് എന്ന സനിമയ്ക്കു വേണ്ടി ഒരുക്കിയ പാട്ടായിരുന്നു ഇത്. അതിലെ രംഗങ്ങൾക്കു ചേരാത്തതിനാൽ ചിത്രത്തിൽ ഉപയോഗിച്ചില്ലെന്നും, അതിനു ശേഷം സ്ലം ഡോഗ് മില്യനെയറിൽ ഉപയോഗിച്ചു എന്നുമായിരുന്നു ഇതുവരെ കേട്ടറിവുള്ള കഥ.
എന്നാൽ, ഈ കഥയിൽ ചില കൂട്ടിച്ചേർക്കലുകൾ നടത്തിയിരിക്കുകയാണ് രാംഗോപാൽ വർമ. യുവരാജിനു വേണ്ടി ഈ പാട്ടൊരുക്കുന്ന സമയത്ത് റഹ്മാൻ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല, ലണ്ടനിലായിരുന്നു. തന്‍റെ തിരക്ക് കാരണം റഹ്മാൻ ഒരു പാട്ടിന്‍റെ ചുമതല ഗായകൻ സുഖ്‌വീന്ദർ സിങ്ങിനെ ഏൽപ്പിച്ചു. അങ്ങനെ സുഖ്‌വീന്ദർ ഈണമിട്ട ജയ് ഹോയാണ് സുഭാഷ് ഘായിക്കു നൽകുന്നത്.
പാട്ടൊരുക്കാൻ പണം വാങ്ങിയ ശേഷം, മറ്റൊരാൾ തയാറാക്കിയ പാട്ട് തനിക്കു തരാൻ എങ്ങനെ ധൈര്യം വന്നു എന്നു റഹ്മാനോടു സീനിയർ ഡയറക്റ്ററായ സുഭാഷ് ഘായ് ചോദിക്കുകയും ചെയ്തിരുന്നുവത്രെ. എന്നാൽ, തന്‍റെ സംഗീതത്തിനല്ല, പേരിനാണ് നിങ്ങൾ പണം മുടക്കുന്നതെന്നും, തന്‍റെ പേരിൽ വരുന്ന പാട്ടിന് ആ പണത്തിന്‍റെ മൂല്യമുണ്ടാകുമെന്നും റഹ്മാൻ മറുപടി നൽകിയെന്നും ആർജിവി വിശദീകരിക്കുന്നു. 'താൽ' എന്ന സിനിമയിലെ പാട്ടിന് ഈണമിട്ടത് താനാണോ അതോ തന്‍റെ ഡ്രൈവറാണോ എന്നു താങ്കൾക്ക് എന്താണ് ഉറപ്പ് എന്നു കൂടി സുഭാഷ് ഘായിയോട് റഹ്മാൻ ചോദിച്ചത്രെ! എന്നാൽ, പാട്ട് യുവരാജിൽ ഉപയോഗിക്കാതിരിക്കാൻ കാരണം ഇതാണോ എന്ന് ആർജിവി വ്യക്തമാക്കിയിട്ടില്ല.
പിന്നീട് സ്ലംഡോഗ് മില്യനെയറിൽ പാട്ട് ഉപയോഗിക്കുമ്പോഴും സുഖ്‌വീന്ദർ അതിലെ മൂന്നു ഗായകരിൽ ഒരാൾ മാത്രമായിരുന്നു. വിജയ് പ്രകാശ്, മഹാലക്ഷ്മി അയ്യർ എന്നിവരായിരുന്നു മറ്റു രണ്ടു ഗായകർ. ഈ പാട്ട് പ്ലാൻ ചെയ്യാൻ തനിക്ക് രണ്ടു മാസവും പൂർത്തിയാക്കാൻ രണ്ടാഴ്ചയും എടുത്തെന്നാണ് അഭിമുഖങ്ങളിൽ റഹ്മാൻ പറഞ്ഞിട്ടുള്ളത്.
ഇതുമായി സാമ്യമുള്ള രംഗങ്ങളാണ് 'വർഷങ്ങൾക്കു ശേഷം' എന്ന സിനിമയിലുമുള്ളത്. ആത്മസുഹൃത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ വിപണി മൂല്യം ഉയർത്താൻ കൂടുതൽ പ്രശസ്തനായ സംഗീത സംവിധായകന് പ്രണവിന്‍റെ കഥാപാത്രം ട്യൂൺ കൈമാറുകയാണ് ഈ സിനിമയിൽ.
ജയ് ഹോ എന്ന പാട്ട് കംപോസ് ചെയ്തത് താനാണെന്ന വാർത്ത ഗായകൻ സുഖ്‌വീന്ദർ സിങ് നിഷേധിച്ചു. രാംഗോപാൽ വർമയ്ക്ക് എന്തോ തെറ്റിദ്ധാരണയുണ്ടായതു കാരണമായിരിക്കാം അങ്ങനെ പറഞ്ഞതെന്നും സുഖ്‌വീന്ദർ.
പാട്ട് ഇഷ്ടപ്പെട്ടിട്ടും സിനിമയ്ക്കു ചേരാത്തതിനാൽ സുഭാഷ് ഘായ് ഒഴിവാക്കുകയായിരുന്നു. മുംബൈ ജൂഹുവിലെ തന്‍റെ സ്റ്റുഡിയോയിൽ വച്ചാണ് അദ്ദേഹത്തെ ഇതു കേൾപ്പിക്കുന്നത്. ഗുൽസാർ മനോഹരമായി എഴുതിയ പാട്ട് തന്‍റെ ആഗ്രഹത്തിനു പാടി റെക്കോഡ് ചെയ്യുകയായിരുന്നു എന്നും, ഈ റെക്കോഡിങ്ങാണ് സ്ലംഡോഗ് മില്യനെയറിന്‍റെ സംവിധായകൻ ഡാനി ബോയ്‌ലിനെ റഹ്മാൻ കേൾപ്പിച്ചതെന്നും സുഖ്‌വീന്ദർ കൂട്ടിച്ചേർക്കുന്നു.