ചാർധാം തീർഥാടനത്തിൽ പങ്കെടുത്ത് രജനീകാന്ത്

താരത്തിന്‍റെ ദർശനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
ചാർധാം തീർഥാടനത്തിൽ പങ്കെടുത്ത് രജനീകാന്ത്
Updated on

ഡെറാഡൂൺ: പ്രശസ്തമായ ചാർധാം ആത്മീയ യാത്രയിൽ പങ്കെടുത്ത് സൂപ്പർ സ്റ്റാർ രജനീകാന്ത്. അദ്ദേഹം ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദരിനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ഒരാഴ്ചത്തെ തീർഥയാത്രയാണ് അദ്ദേഹം നടത്തുന്നത് എന്നാണു സൂചന. താരത്തിന്‍റെ ദർശനം കണക്കിലെടുത്ത് പ്രദേശത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ധാമുകളിൽ ദർശനം നടത്തിയ ശേഷം ക്ഷേത്രത്തിലെ പൂജകളിലും അദ്ദേഹം പങ്കെടുത്തു. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന "വേട്ടയ്യൻ' എന്ന സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി അബുദാബിയിൽ നിന്ന് തിരിച്ചെത്തിയതിനു പിന്നാലെയാണ് ചെന്നൈ വിമാനത്താവളം വഴി അദ്ദേഹം ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. ഏറെ വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനിയും ഒന്നിക്കുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ഏതാനും ദിവസത്തെ ധ്യാനത്തിനായി ഉത്തരാഖണ്ഡിലെ മഹാവതാർ ബാബാജി ഗുഹയിൽ എല്ലാ വർഷവും രജനി എത്താറുണ്ട്. കഴിഞ്ഞ വർഷം "ജയിലർ' സിനിമയുടെ റിലീസ് സമയത്തായിരുന്നു ഹിമാലയ യാത്ര.

എല്ലാ വർഷവും ഇത്തരം ആത്മീയ യാത്രകളിലൂടെ തനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുന്നുണ്ടെന്ന് രജനീകാന്ത് മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇത്തവണയും എനിക്ക് പുതിയ അനുഭവങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഇത്തരം പവിത്രവും പുണ്യവുമായ യാത്രകൾ എന്‍റെ ജീവിതത്തിനും വളർച്ചയ്‌ക്കും മുതൽക്കൂട്ടാണ്. ലോകത്തിനാകെ ആത്മീയത ആവശ്യമാണ്. ആത്മീയത എന്നാൽ സമാധാനവും സ്വസ്ഥതയും അനുഭവിക്കുക എന്നതാണ്. അടിസ്ഥാനപരമായി അതില്‍ ദൈവവിശ്വാസവും ഉള്‍പ്പെടുന്നു- രജനി ചൂണ്ടിക്കാട്ടി.

സ്വാമിനാരായൺ സൻസ്ഥ നിർമിച്ച അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിൽ രജനി ഷൂട്ടിങ്ങിന്‍റെ അവസാനഘട്ടത്തിൽ ദർശനം നടത്തിയിരുന്നു. ഹിമാലയ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയാലുടൻ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന "കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിലേക്ക് അദ്ദേഹം കടക്കുമെന്നാണു വിവരം. തുടങ്ങുന്നതിനു മുമ്പാണ് ഹിമാലയ യാത്ര.

Trending

No stories found.

Latest News

No stories found.