ചെന്നൈ: സ്കൂളിൽ പോകാൻ വയ്യെന്ന് വാശിപിടിച്ചു കരഞ്ഞ കൊച്ചുമകനെ കാറിൽ കയറ്റി ഒപ്പമിരുത്തി സ്കൂളിലെത്തിച്ച് സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത്. രജനിയുടെ രണ്ടാമത്തെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്ത് ആണ് തന്‍റെ മകൻ വേദിന്‍റെയും രജനിയുടെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്.
''ഇന്ന് രാവിലെ എന്‍റെ മകന് സ്കൂളിൽ പോവാൻ മടി. അപ്പോൾ അവന്‍റെ പ്രിയപ്പെട്ട സൂപ്പർ ഹീറോ താത്ത തന്നെ അവനെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടുപോയി. അപ്പാ, നിങ്ങളാണ് എല്ലാ റോളുകളിലും ഏറ്റവും ബെസ്റ്റ്, അത് ഓഫ് സ്ക്രീനിൽ ആയാലും ഓൺസ്ക്രീനിലായാലും''- സൗന്ദര്യ കുറിച്ചു.
ബെസ്റ്റ് ഗ്രാൻഡ് ഫാദർ, ബെസ്റ്റ് ഫാദർ എന്നീ ഹാഷ് ടാഗുകളോടെയാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കിട്ടത്. സ്കൂളിൽ പോകാൻ മടിയോടെ തലതിരിച്ചു പിണങ്ങി കാറിലിരിക്കുന്ന വേദിനെയാണ് ആദ്യ ചിത്രത്തിൽ കാണാനാവുക. തങ്ങളുടെ ക്ലാസിലേക്ക് രജനികാന്ത് വന്നതു കണ്ട് അമ്പരപ്പിലിരിക്കുന്ന കുരുന്നുകളാണ് അടുത്ത ചിത്രത്തിൽ.
അതേസമയം, പുതിയ ഒട്ടേറെ ചിത്രങ്ങളുടെ തിരക്കിലാണ് രജനികാന്ത് ഇപ്പോൾ. ജയ് ഭീമിനു ശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ ആണ് റിലീസ് കാത്തിരിക്കുന്ന പ്രധാന രജനി ചിത്രം.
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി എന്നിവരാണ് ഈ ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി ആണ് അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന മറ്റൊരു ചിത്രം.