തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ പിഷാരടിയും

പണിക്കൂലിയും ഇല്ല പണിക്കുറവും ഇല്ല എല്ലാ വിഭാഗങ്ങളിലും ശമ്പളം പ്രശ്നം ആണ്, ഏതെങ്കിലും മേഖല തൃപ്തികരമാണ് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണെന്ന് രമേഷ് പിഷാരടി
കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പ്രസംഗിക്കുന്ന രമേശ് പിഷാരടി.
കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ പ്രസംഗിക്കുന്ന രമേശ് പിഷാരടി.
Updated on

ആലപ്പുഴ: കണ്ണൂരിൽ നിന്നും എത്തിയ കാലം മുതൽ ആലപ്പുഴക്കാർക്ക് ഒപ്പമുള്ള ആളാണ്‌ കെ.സി. അദ്ദേഹം ആലപ്പുഴയിൽ ഉള്ളപ്പോൾ മറ്റൊരാളെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് രമേശ് പിഷാരടി കൂട്ടിച്ചേർത്തി. അഞ്ജലി ഓഡിറ്റോറിയത്തിൽ നടന്ന മഹിളാ ന്യായ് മഹിളാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെയും പിണറായിയുടെയും ഭരണത്തിന് കീഴിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഹാസ്യ രൂപേണ അവതരിപ്പിച്ചാണ് രമേശ്‌ പിഷാരടി തന്‍റെ പ്രസംഗം ആരംഭിച്ചത്. നാടിന്‍റെ അവസ്ഥ അറിയാൻ പത്രം വായിക്കേണ്ട അവസ്ഥ ഇല്ല. പകരം വണ്ടി എടുത്ത് പെട്രോൾ പമ്പിലും മാർക്കറ്റിലും പോയി സാധനങ്ങൾ വാങ്ങിച്ചാൽ മാത്രം മതി. ഇതിലൂടെ സ്ത്രീകൾക്ക് മനസിലാവും എന്താണ് നാട്ടിൽ നടക്കുന്നതെന്നും പിഷാരടി പറഞ്ഞു. പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് പുലിമുരുകൻ സിനിമയിൽ ഡയലോഗ് ഉണ്ട്. കെ സി യും അങ്ങനെ തന്നെയാണെന്നും രമേശ്‌ പിഷാരടി പറഞ്ഞു.

ലോക്സഭയിൽ 100 ചോദ്യങ്ങൾ ചോദിച്ചു എന്ന് വീമ്പു പറയുന്നതിനേക്കാൾ കാതലായ 30 ചോദ്യങ്ങൾക്കാണ് പ്രാധാന്യം. അങ്ങനെ ഉള്ളവരെയാണ് ലോക്സഭയിലേക്ക് എത്തിക്കേണ്ടതെന്നും ജനാധിപത്യം നിലനിർത്താൻ ഉള്ള അവസരം ആണ് ഈ തെരഞ്ഞെടുപ്പെന്നും അത് കൃത്യമായി വിനിയോഗിക്കണം എന്നുമാവശ്യപ്പെട്ടാണ് പിഷാരടി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്.

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾക്കും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും യുഡിഎഫും ഇന്ത്യ മുന്നണിയും മുഖ്യ പരിഗണന നൽകുമെന്ന് കെസി വേണുഗോപാൽ ആലപ്പുഴ റെയിബാൻ ഓഡിറ്റോറിയത്തിൽ പിഷാരടിയ്ക്കൊപ്പം വിവിധ തൊഴിൽ മേഖലകളിൽ നിന്നുള്ള സ്ത്രീകളുമായി സംവദിക്കവേ വ്യക്തമാക്കി.

കാർഷിക മേഖലയിൽ കർഷകർ നേരിടുന്ന അവഗണനയായിരുന്നു നെൽക്കർഷകയായ സുശീലയുടെ ആശങ്ക. സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന പരാതിയ്ക്ക് കർഷകർക്ക് പ്രാധാന്യം നൽകിയാണ് തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും രാജ്യത്തിന്‍റെ നട്ടെല്ലായ കർഷകരെ സംരക്ഷിക്കാൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും കാർഷിക ഉത്പന്നങ്ങൾക്ക് കർഷകർ വില നിശ്ചയിക്കുന്നത് അടക്കമുള്ള അവകാശങ്ങൾ നൽകി കർഷകരെ സംരക്ഷിക്കുമെന്നും കെസി വേണുഗോപാൽ മറുപടി നൽകി.

കാർഷിക സ്വയംപര്യാപ്തത നേടിയ ഇന്ത്യയിൽ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ യുഡിഎഫിന് സാധിക്കുമെന്ന് രമേശ് പിഷാരടി പറഞ്ഞു. തൊഴിൽ ദിനങ്ങൾ 100-ൽ നിന്ന് ഉയർത്തണമെന്നും വേതനം വർധിപ്പിക്കണം എന്നുമായിരുന്നു തൊഴിലുറപ്പ് മേഖലയിൽ നിന്നുള്ളവരുടെ ആവശ്യം. തൊഴിലുറപ്പ് കോൺഗ്രസിന്‍റെ കുഞ്ഞാണെന്നും അതിനെ സംരക്ഷിക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് കെസി ഉറപ്പ് നൽകി.

പണിക്കൂലിയും ഇല്ല പണിക്കുറവും ഇല്ല എല്ലാ വിഭാഗങ്ങളിലും ശമ്പളം പ്രശ്നം ആണ്, ഏതെങ്കിലും മേഖല തൃപ്തികരമാണ് എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണ് നിലവിൽ കേന്ദ്രത്തിലും സംസ്ഥാനത്തിലും ഉള്ളത്. ഇതിന് മാറ്റം വരാൻ ഇന്ത്യ മുന്നണി അധികാരത്തിൽ വരണമെന്നും അല്പം നർമ്മം കലർത്തികൊണ്ട് രമേശ്‌ പിഷാരടി പറഞ്ഞു.

പറയുന്നതിനേക്കാൾ ആളുകളുടെ പ്രശ്നങ്ങൾ കേൾക്കാനും അതിന് പരിഹാരം കാണാനും കഴിയുന്ന നേതാവാണ് കെസിയെന്നും അതിനാൽ ആലപ്പുഴയിൽ നിന്ന് അദ്ദേഹത്തിന്‍റെ സാന്നിധ്യം ലോക്സഭയിൽ ഉറപ്പാക്കണമെന്നും രമേശ് പിഷാരടി സംവാദത്തിന്‍റെ അവസാനം കൂട്ടി ചേർത്തു. സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഗൗരവവും നർമ്മവും ഇടകലർത്തി കെ സി യും പിഷാരടിയും മറുപടി നൽകിയതോടെ ചർച്ച സജീവമായി മാറി.

Trending

No stories found.

Latest News

No stories found.