രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ; രൂക്ഷമായി പ്രതികരിച്ച് ബച്ചൻ അടക്കമുള്ള സിനിമാ ലോകം | Video

അഭിനേതാക്കളായ മൃണാൾ താക്കൂർ, നാഗ ചൈതന്യ, ഗായിക ചിൻമയി ശ്രീപാദ എന്നിവരെല്ലാം വിഡിയോക്കെതിരേ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.
രശ്മിക മന്ദാന
രശ്മിക മന്ദാന
Updated on

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തെറ്റല്ലെന്ന് തെളിയിക്കുകയാണ് നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ പ്രചരിക്കുന്ന ഡീപ് ഫേക് വീഡിയോ. സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ച വീഡിയോക്കെതിരേ രശ്മിക മന്ദാന രൂക്ഷമായി പ്രതികരിച്ചിരുന്നു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതിനെ നിയമപരമായി നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് അമിതാബ് ബച്ചൻ അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ബ്രിട്ടിഷ് -ഇന്ത്യൻ മോഡലും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ സാറ പട്ടേലിന്‍റെ വിഡിയോയിൽ രശ്മികയുടെ മുഖം ചേർത്തു വച്ചു കൊണ്ടാണ് ഡീപ് ഫേക് വിഡിയോ നിർമിച്ചിരിക്കുന്നത്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ച് ഒരു വ്യക്തിയുടെ സാദൃശ്യം മറ്റൊരു വ്യക്തിയിൽ വരുത്താൻ കഴിയുന്ന സാങ്കേതിക വിദ്യയാണ് ഡീപ് ഫേക്. രശ്മികയുടേതെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോയിൽ പട്ടേലിന്‍റെ ശരീരത്തിനൊപ്പം രശ്മികയുടെ മുഖം മാത്രം മോർഫ് ചെയ്ത് ചേർത്തിരിക്കുകയാണ്.

ഇതു തീർച്ചയായും നിയമപരമായി നേരിടേണ്ട ശക്തമായ കേസാണെന്നാണ് അമിതാബ് ബച്ചൻ കുറിച്ചത്.

ഈ സംഭവത്തിൽ താനറിഞ്ഞോ അല്ലാതെയോ പങ്കാളിയല്ലെന്നും വിഡിയോ തന്നെയും വല്ലാതെ അസ്വസ്ഥയാക്കിയെന്നും പട്ടേൽ എക്സിൽ കുറിച്ചിട്ടുണ്ട്. അഭിനേതാക്കളായ മൃണാൾ താക്കൂർ, നാഗ ചൈതന്യ, ഗായിക ചിൻമയി ശ്രീപാദ എന്നിവരെല്ലാം വിഡിയോക്കെതിരേ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ പടർന്നു പിടിക്കുകയാണ് രശ്മികയുടെ ഫേക് വീഡിയോ.

ഓൺലൈനിൽ പ്രചരിക്കുന്ന വ്യാജ വീഡിയോ എന്നെ വല്ലാതെ വേദനിപ്പിച്ചു. അതു കൊണ്ട് തന്നെ അതേക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. സാങ്കേതിക വിദ്യ എത്തരത്തിലെല്ലാം ദുരുപയോഗം ചെയ്യപ്പെടാം എന്നു മനസിലാക്കിത്തരുന്ന ഇത്തരത്തിലുള്ള വിഡിയോ എന്നെ മാത്രമല്ല നമ്മെയെല്ലാവരെയും ഭയപ്പെടുത്തുന്നുണ്ടെന്നതാണ് യാഥാർഥ്യം. ഇന്നിപ്പോൾ ഒരു നടി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും എന്നെ പിന്തുണച്ച കുടുംബത്തിനോടും സുഹൃത്തുക്കളോടും പിന്തുണച്ച എല്ലാവരോടു നന്ദിയുണ്ട്. എന്നാൽ ഞാൻ സ്കൂളിലോ കോളെജിലോ പഠിക്കുന്ന സമയത്താണ് ഇതു സംഭവിച്ചിരുന്നതെങ്കിൽ എങ്ങനെ ഇത്തരമൊരു സാഹചര്യത്തെ മറികടക്കുമെന്ന് ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. കൂടുതൽ പേർക്ക് ഇത്തരം സാങ്കേതിക ദുരുപയോഗത്തിന്‍റെ ഇരകളാകും മുൻപേ ഈ പ്രശ്നത്തെ അടിയന്തര പ്രാധാന്യത്തോടു കൂടി നാം അഡ്രസ് ചെയ്യേണ്ടിയിരിക്കുന്നുവെന്നാണ് രശ്മിക എക്സിൽ കുറിച്ചത്.

ഞങ്ങൾ അഭിനേതാക്കളാണ്.. എന്നാൽ എല്ലാത്തിനുമുപരി ഞങ്ങളും മനുഷ്യരാണ്. എന്തു കൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാൻ സമൂഹം മടിക്കുന്നത്. ഇപ്പോൾ മൗനമായിരിക്കേണ്ട സമയമല്ല എന്നാണ് നടി മൃണാൾ താക്കൂർ എക്സിൽ കുറിച്ചത്.

ഇത്തരത്തിൽ സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി ഫലവത്തായ നിയമം നടപ്പിലാക്കണമെന്ന് നാഗചൈതന്യ കുറിച്ചു.

കുറച്ചു കാലം മുൻപ് ജയിലർ എന്ന ചിത്രത്തിലെ കാവാലയ്യ എന്ന ഗാനത്തിനൊപ്പം നൃത്തം ചെയ്യുന്ന തമന്നയുടെ വിഡിയോ ഇത്തരത്തിൽ സിമ്രാന്‍റെ മുഖം ചേർത്ത് പ്രചരിച്ചിരുന്നു. അന്ന് ആ വിഡിയോ സിമ്രാൻ അടക്കമുള്ളവർ പങ്കു വക്കുകയും ചെയ്തു. മോഹൻ ലാലും മമ്മൂട്ടിയും അടക്കമുള്ളവർ പഴയ ചിത്രങ്ങളിലെ കഥാപാത്രങ്ങളായാൽ എന്ന കുറിപ്പോടെ മറ്റൊരു എഐ ചിത്രങ്ങളുടെ സീരീസും പുറത്തിറങ്ങിയിരുന്നു. എന്നാൽ അന്നതെല്ലാം എഐയുടെ മാസ്മരം എന്ന മട്ടിലാണ് ചർച്ച ചെയ്യപ്പെട്ടിരുന്നത്.

വ്യക്തികളുടെ ചിത്രങ്ങളും വിഡിയോകളും അടക്കമുള്ള വിപുലമായ ഡേറ്റ യും മെഷീൻ ലേണിങ്ങും ഉപയോഗിച്ചാണ് ഡീപ് ഫേക് വിഡിയോകൾ നിർമിക്കുന്നത്. നിലവിൽ ലിപ് സിങ്കിങ്ങിലോ ഫോക്കസിലോ ഉള്ള ചെറിയ വ്യത്യാസങ്ങളിലൂട‌െ ഡീപ് ഫേക് വിഡിയോകൾ തിരിച്ചറിയാൻ കഴിയും. എന്നാൽ ഭാവിയിൽ വ്യാജമേതാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഫേക് വിഡിയോകൾ നിർമിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നത്.

Trending

No stories found.

Latest News

No stories found.