''ആയുസിന്‍റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു, അസ്തമയം അകലെയല്ല'', ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സലീം കുമാർ

'എന്‍റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ്'
salim kumar birthday facebook post
സലീം കുമാർ
Updated on

കൊച്ചി: മലയാളികളെ പൊട്ടിച്ചിരിപ്പിച്ച് ചിലപ്പോഴൊക്കെ കരയിച്ച അതുല്യ പ്രതിഭ സലീം കുമാറിന് 55 -ാം പിറന്നാൾ. നിരവധി ആരോഗ്യ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന അദ്ദേഹം തന്‍റെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായാണ് എത്തിയിരിക്കുന്നത്.

ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള തന്‍റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് പ്രവേശിക്കുകയാണെന്ന് സലീം കുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

''ആയുസിന്‍റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല'', അദ്ദേഹം കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം...

ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്‍റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്‍റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക്എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്

.അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം

സ്നേഹപൂർവ്വം

നിങ്ങളുടെ സലിംകുമാർ

Trending

No stories found.

Latest News

No stories found.