മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്‍റെ വീടിനു നേരെയുള്ള വെടിവെയ്പ്പിനു മുൻപായി അൻമോൾ ബിഷ്ണോയ് അക്രമികളോട് 9 മിനിട്ട് സംസാരിച്ചതായി മുംബൈ പൊലീസ്. ഗാങ്സ്റ്റർ ലോറൻസ് ബിഷ്ണോയിയുടെ സഹോദരനാണ് അന്മോൾ ബിഷ്ണോയി. സൽമാനു നേരെയുള്ള ആക്രമണം മതത്തിനും സമൂഹത്തിനും വേണ്ടിയുള്ളതാണെന്നും ബിഷ്ണോയ് പറഞ്ഞതായി പ്രതികൾ കുറ്റസമ്മതം നടത്തിയതായി മുംബൈ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സൽമാന്‍റെ വീടിനു നേരെ വെടിവച്ച വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരുടെ മൊബൈലിലേക്ക് 9 മിനിട്ട് നീളുന്ന ശബ്ദസന്ദേശമാണ് ബിഷ്ണോയി അയച്ചിരിക്കുന്നത്.
നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാവുന്നതിൽ ഏറ്റവും മികച്ച കാര്യമാണ് ചെയ്യാനൊരുങ്ങുന്നത്. അതു കൊണ്ടു തന്നെ അതു തികച്ചു പ്രൊഫഷണൽ ആയി പൂർത്തിയാക്കണം. ഭയക്കേണ്ടതില്ല. സമൂഹത്തിലും മതത്തിനും വേണ്ടിയാണ് നിങ്ങൾ പ്രവർത്തിക്കുന്നത്. ലക്ഷ്യം പൂർത്തിയാക്കിയാൽ നിങ്ങൾ രചിക്കുന്നത് ചരിത്രമായിരിക്കുമെന്നും ബിഷ്ണോയി പ്രതികളോട് പറഞ്ഞിരുന്നു.
ബിഷ്ണോയ് ഗാങ് വെടിവയ്ക്കുന്ന അതേ രീതിയിൽ തന്നെ വെടിവയ്ക്കണമെന്നും പ്രതികളോട് ബിഷ്ണോയ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രിൽ 14ന് ബാന്ദ്രയിലെ സൽമാൻ ഖാന്‍റെ ഗാലക്സി അപ്പാർട്മെന്‍റിനു മുന്നിലെത്തിയ സംഘം അഞ്ച് തവണയാണ് വീടിനു നേരെ വെടിവച്ചത്. കേസിൽ വിക്കി ഗുപ്തയും സാഗർ പാലും അടക്കം ആറു പേരാണ് അറസ്റ്റിലായിരിക്കുന്നത്. ആറു പേർക്കുമെതിരേ കൊലപാതകശ്രമം അടക്കം നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ 1,735 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചിരിക്കുന്നത്.