കൊച്ചി: മുൻ ഭർത്താവും നടനുമായ ബാല നിരന്തരമായി തന്നെ തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി ഗായിക അമൃത സുരേഷ്. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന സമയത്ത് പരസ്പരം തേജോവധം നടത്താനോ വ്യക്തിഹത്യ നടത്താനോ പാടില്ലെന്ന കരാറിൽ ഇരുവരും ഒപ്പു വച്ചിരുന്നു. എന്നാൽ കുറച്ചു കാലമായി നിരന്തരമായി ബാല ഈ കരാർ ലംഘിച്ചു കൊണ്ടിരിക്കുകയാണെന്നും അമൃത ആരോപിച്ചു. മകൾ അവന്തികയെ അമൃത കാണാൻ അനുവദിക്കുന്നില്ലെന്ന് അടുത്തിനെ ബാല ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് അഭിഭാഷകരായ അഡ്വ. രജനി, അഡ്വ. സുധീർ എന്നിവർക്കൊപ്പം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അമൃത ആരോപണങ്ങൾക്കു വിശദമായ മറുപടി നൽകിയിരിക്കുന്നത്. ബാല നിരന്തരമായി തേജോവധം ചെയ്തതിനെത്തുടർന്ന് നിയമസഹായത്തിനായി അമൃത തങ്ങളെ സമീപിക്കുകയായിരുന്നുവെന്ന് അഡ്വ. രജനി വ്യക്തമാക്കി.
കോടതി വിധി അനുസരിച്ച് മകൾക്ക് 18 വയസു തികയുന്നതു വരെ അമ്മയാണ് കുഞ്ഞിന്‍റെ രക്ഷിതാവ്. എല്ലാ മാസത്തെയും രണ്ടാമത്തെ ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ കോടതിവളപ്പിൽ വച്ച് ബാലയ്ക്ക് മകളെ കാണാൻ അവകാശമുണ്ട്. മറ്റ് വിശേഷ ദിവസങ്ങളിലൊന്നും കുട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ കോടതി അനുവാദം നൽകിയിട്ടില്ല.
വിവാഹമോചനത്തിനു ശേഷമുള്ള ആദ്യ ശനിയാഴ്ച അമൃത മകളുമായി കോടതി വളപ്പിൽ എത്തിയെങ്കിലും കുട്ടിയെ കാണാൻ ബാല എത്തിയില്ല. കുട്ടിയെ കാണാൻ വരാൻ സാധിക്കില്ലെങ്കിൽ അറിയിക്കണമെന്ന് കോടതി നിർദേശമുണ്ട്. എന്നാൽ ബാല ഇത്തരത്തിൽ യാതൊരു വിധ അറിയിപ്പും നൽകിയിരുന്നില്ലെന്നും അമൃത പറയുന്നു. കുട്ടിയെ തടഞ്ഞു വച്ചിരിക്കുകയാണെന്ന് വരുത്തിത്തീർക്കാനാണ് ബാല ശ്രമിക്കുന്നതെന്നും അമൃത പറഞ്ഞു.
ബാലയ്ക്കെതിരേ പോക്സോ കേസ് കൊടുത്തതായി രേഖയില്ല. ഉടമ്പടി പ്രകാരം മൈനർ ആയിരിക്കും വരെ കുട്ടിയുടെ കാര്യങ്ങളിലൊന്നും ബാല ഇടപെടില്ല. അമൃതയ്ക്കു മാത്രമായിരിക്കും കുഞ്ഞിന്‍റെ ചുമതല. മകളുടെ പേരിനൊപ്പം ബാലയുടെ പേരാകും വച്ചിരിക്കുക എന്ന കരാർ ലംഘിച്ചിട്ടില്ലെന്നും, ഉടമ്പടി പ്രകാരമുള്ള കാര്യങ്ങളിൽ ലംഘനമുണ്ടായാൽ നിയപരമായി നേരിടാൻ അഭിഭാഷകർക്ക് അനുവാദം നൽകിയിട്ടുണ്ടെന്നും അമൃത പറഞ്ഞു.