അന്തരിച്ച അഭിനേത്രി ശ്രീദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഇംഗീഷ് വിംഗ്ലിഷ് എന്ന ചിത്രം ചൈനയില്‍ റിലീസിനൊരുങ്ങുന്നു. ശ്രീദേവിയുടെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചാണു റിലീസ്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഏറെ സ്വീകാര്യതയുള്ള ചൈനയില്‍ ആറായിരം തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുകയെന്നു വിതരണക്കാരായ ഇറോസ് ഇന്‍റര്‍നാഷണല്‍ വ്യക്തമാക്കി. ശ്രീദേവിയുടെ ചരമദിനമായ ഫെബ്രുവരി 24-നാണു ചിത്രത്തിന്‍റെ ചൈനയിലെ റിലീസ്.
കോമഡി ഫാമിലി ഡ്രാമയായി 2012-ല്‍ റിലീസ് ചെയ്ത ഇംഗ്ലീഷ് വിംഗ്ലിഷ് ശ്രീദേവിയുടെ തിരിച്ചുവരവ് ചിത്രം കൂടിയായിരുന്നു. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഈ സിനിമയിലൂടെ തിരിച്ചെത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഇംഗ്ലീഷ് ഭാഷ സംസാരിക്കാനോ, മനസിലാക്കാനോ സാധിക്കാത്ത വീട്ടമ്മയുടെ വേഷത്തില്‍ ശ്രീദേവി തിളങ്ങി. ഗൗരി ഷിന്‍ഡെ സംവിധാനം ചെയ്ത ചിത്രം ഓസ്‌കറിലേക്ക് ബെസ്റ്റ് ഫോറിന്‍ ലാംഗ്വേജ് ഫിലിം വിഭാഗത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി കൂടിയായിരുന്നു. ആദില്‍ ഹുസൈന്‍, സുമിത് വ്യാസ്, പ്രിയ ആനന്ദ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റഭിനേതാക്കള്‍.