കോൽക്കത്ത: തൊഴിലിടങ്ങളിലെ ചൂഷണവും ലൈംഗികാതിക്രമങ്ങളും തടയാൻ ബംഗാളി സിനിമാ രംഗത്ത് "സുരക്ഷ ബന്ധു സമിതി'ക്കു രൂപം കൊടുത്തു. ഫെഡറേഷൻ ഒഫ് സിനി ടെക്‌നീഷ്യൻസ് ആൻഡ് വർക്കേഴ്‌സ് ഒഫ് ഈസ്‌റ്റേൺ ഇന്ത്യയുടെ നേതൃത്വത്തിലാണ് സ്ത്രീ സുരക്ഷയ്ക്കായി നടപടി. സമിതി പ്രവർത്തനം ആരംഭിച്ചതായി ഫെഡറേഷൻ പ്രസിഡന്‍റ് സ്വരൂപ് ബിശ്വാസ് സരബ്. മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളും ചൂഷണങ്ങളും പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിലാണു ബംഗാളിൽ സമിതി രൂപീകരിച്ചത്. തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണ സമിതിയുടെ ആവശ്യകത ഉന്നയിച്ച് വിമൻസ് ഫോറം പൊർ സ്ക്രീൻ വർക്കേഴ്‌സ് സംഘടനയ്ക്ക് കത്തെഴുതിയിരുന്നു.
ടെക്‌നിഷ്യൻസിനും സ്ക്രീൻ വർക്കേഴ്‌സിനും പുറമെ ആർട്ടിസ്‌റ്റ് ഫോറത്തിനും കമ്മിറ്റിയുടെ ഭാഗമാകാമെന്നും സ്വരൂപ് ബിശ്വാസ് സരബ്. രേഖാമൂലം ആരും ഇതുവരെ പരാതി നൽകിയിട്ടില്ല. ഇനി പരാതി നൽകാം. പരാതിക്കാരുടെ പേര് രഹസ്യമായി സൂക്ഷിക്കും.
കോൽക്കത്ത പൊലീസിന്‍റെയും ചില അഭിഭാഷകരുടെയും ഒരു സ്വകാര്യ ആശുപത്രിയുടെയും പിന്തുണ ഫെഡറേഷനുണ്ട്. അഭിഭാഷകരുടെ കോടതി ചെലവും ഫീസും നൽകാൻ പരാതിക്കാരന് കഴിയുന്നില്ലെങ്കിൽ അതിനുള്ള ചെലവ് ഫെഡറേഷൻ വഹിക്കുമെന്നും അദ്ദേഹം.