കാമമോഹിതം: നടക്കാതെ പോയ കെ.ജി. ജോർജ് - മോഹൻലാൽ മാസ്റ്റർക്ലാസ്

സി.വി. ബാലകൃഷ്ണന്‍റെ കാമമോഹിതം എന്ന കഥ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ കെ.ജി. ജോർജ് ആലോചിച്ചിരുന്നതാണ്. തിരക്കഥയും പൂർത്തിയായിരുന്നു.
കെ.ജി. ജോർജിന് ഏറെ ഇഷ്ടപ്പെട്ട നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും.
കെ.ജി. ജോർജിന് ഏറെ ഇഷ്ടപ്പെട്ട നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും.
Updated on

പി.ജി.എസ്. സൂരജ്

യവനിക കണ്ട അന്നത്തെ ഡിജിപി എം.കെ. ജോസഫ് പറഞ്ഞത് ഇതുപോലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്നാണ്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ പൊലീസ് വേഷങ്ങളിലൊന്നായിരുന്നു അത്. കെ.ജി. ജോർജിന്‍റെ സിനിമകളിൽ ഏറ്റവും കൂടുതൽ നായക വേഷത്തിലെത്തിയ നടനും മമ്മൂട്ടി തന്നെ. ജോർജ് നിർമിച്ച മഹാനഗരത്തിലും അവസാനം സംവിധാനം ചെയ്ത ഇലവങ്കോട് ദേശത്തിലും വരെ മമ്മൂട്ടി തന്നെയായിരുന്നു നായകൻ.

നിർമാതാക്കളുടെ നിർബന്ധം കാരണമാണ് മിക്കവാറും മമ്മൂട്ടിയെ തന്നെ നായകനാക്കിയിരുന്നതെന്നാണ് ജോർജ് പറഞ്ഞിട്ടുള്ളത്. അദ്ദേഹം ഒരിക്കലും നായകന്‍മാരെ മുന്‍കൂട്ടി കണ്ട് സിനിമ എഴുതിയിരുന്നില്ല. മോഹന്‍ലാലിനെ വച്ച് സിനിമയെടുക്കാതിരുന്നത് എന്തെങ്കിലും ഇഷ്ടക്കുറവുകൊണ്ടല്ലെന്നും ജോർജിന്‍റെ ഭാര്യ സൽമ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

വളരെ സ്വഭാവികമായി അഭിനയിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്നായിരുന്ന അദ്ദേഹത്തിന്‍റെ അഭിപ്രായം. കെ.ജി. ജോർജിന് ഏറെ ഇഷ്ടപ്പെട്ട സിനിമയായിരുന്നു നമ്പര്‍ 20 മദ്രാസ് മെയില്‍. മദ്യപിച്ചുകൊണ്ട് മമ്മൂട്ടിയുടെ കവിളത്ത് ഉമ്മ കൊടുക്കുന്നതും മോഹൻലാലിന്‍റെ ചിരിയും പാട്ടുമെല്ലാം അദ്ദേഹം ഏറെ ആസ്വദിച്ചിട്ടുണ്ച്. മലയാളത്തിലെ ഒരു നടനും ഇത്രയും ഒറിജിനാലിറ്റിയോടെ ചെയ്യില്ല എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതായി സൽമ അനുസ്മരിച്ചിട്ടുണ്ട്.

സി.വി. ബാലകൃഷ്ണന്‍റെ കാമമോഹിതം എന്ന കഥ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ കെ.ജി. ജോർജ് ആലോചിച്ചിരുന്നതുമാണ്. തിരക്കഥ പൂർത്തിയായിരുന്നു. എന്നാല്‍, അതിനു വലിയ മുതല്‍മുടക്ക് ആവശ്യമായിരുന്നു. ഒന്നു രണ്ടു നിർമാതാക്കളുമായി അദ്ദേഹം തിരക്കഥ ചര്‍ച്ച ചെയ്തിരുന്നെങ്കിലും അന്നത്തെക്കാലത്ത് അത്രയും പണം മുടക്കാന്‍ ആരും തയാറായില്ല.

CV Balakrishnan
CV Balakrishnan

ആ തിരക്കഥ പൂർണമായി വായിച്ചിട്ടുള്ള സൽമ അതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

വെളുപ്പാങ്കാലത്ത് ഒരു കാളവണ്ടി ദൂരെ നിന്നു വന്നു ദേവദാസികള്‍ താമസിക്കുന്ന ഒരു അമ്പലത്തിനു മുന്നിലായി നില്‍ക്കുന്നതും, അതില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരുന്നതും ഒക്കെയായിരുന്നു ആദ്യ സീന്‍. പക്ഷേ, ആ സ്ക്രിപ്റ്റ് ജോർജിന്‍റെ വീട്ടിൽ നിന്ന് ആരോ എടുത്തുകൊണ്ടുപോയെന്നാണ് സൽമ പറയുന്നത്. വീട്ടില്‍ വരുന്ന അടുത്ത സുഹൃത്തുകള്‍ക്കെല്ലാം അത് വായിക്കാന്‍ കൊടുത്തിരുന്നു. പലരോടും ചോദിച്ചിട്ടും ഫലമുണ്ടായില്ല.

മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശത്തിനു ശേഷം രണ്ടു സിനിമകള്‍ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പുകൾ നടത്തിയിരുന്നു ജോർജ്. ഒരു ബസ് യാത്രയ്ക്കിടയില്‍ സംഭവിക്കുന്ന കാര്യങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ഒന്ന്. എറണാകുളം നഗരത്തിന്‍റെ കഥ പറയുന്ന, 'മുഖപടമണിഞ്ഞ നഗരത്തില്‍' എന്ന മറ്റൊരു സിനിമയുടെയും തിരക്കഥയും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍, അപ്പോഴാണ് അദ്ദേഹത്തിന്‍റെ അമ്മ മരിക്കുന്നതും അതിനു ശേഷം കുളിമുറിയില്‍ തല അടിച്ചു വീഴുന്നതും. അതിനു ശേഷം മുഖത്തിന്‍റെ ഒരു വശം കോടിപ്പോയി. പിന്നീട് നടക്കാനും ബുദ്ധിമുട്ടായി. അങ്ങനെയാണ് ആ സിനിമകള്‍ എല്ലാം ഉപേക്ഷിക്കുന്നത്.

ഇടയ്ക്കു രഞ്ജിത്തും രൺജി പണിക്കരുമൊക്കെ അദ്ദേഹത്തെ കാണാന്‍ വരുമായിരുന്നു എന്നും, അദ്ദേഹത്തെക്കൊണ്ട് വീണ്ടും ഒരു സിനിമ ചെയ്യിക്കണമെന്നു അവർക്കെല്ലാം വലിയ ആഗ്രഹമായിരുന്നു എന്നും സൽമ പറഞ്ഞിട്ടുണ്ട്. തിരക്കഥയോ യൂണിറ്റോ മറ്റ് എന്തു സംവിധാനങ്ങളും തരാമെന്ന് പറയും. എങ്ങനെയെങ്കിലും സാര്‍ വീണ്ടും ഒരു സിനിമ കൂടി ചെയ്യണം എന്ന് പറയും. എന്‍റെ സിനിമയ്ക്കു ഞാന്‍ തന്നെ തിരക്കഥ എഴുതിയാലേ ശരിയാകൂ എന്ന് സ്നേഹത്തോടെ അവരോടു പറയും. മറ്റാര് തിരക്കഥ എഴുതിയാലും അദ്ദേഹത്തിന് തൃപ്തി വരില്ല.

അന്‍പത് ടേക്ക് എടുത്താലും പൂർണത ലഭിക്കാതെ ഒരു ഷോട്ടും ഓകെ പറയാത്ത സംവിധായകനായിരുന്നു കെ.ജി. ജോർജ്, അതും ഡിജിറ്റൽ യുഗത്തിനു മുൻപുള്ള കാലഘട്ടത്തിൽ. ആ പെർഫെക്ഷൻ അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളിലും കാണാം. മമ്മൂട്ടി മാത്രമല്ല, വേണു നാഗവള്ളിയുടെയും രതീഷിന്‍റെയും മേനകയുടെയും അനുരാധയുടെയുമെല്ലാം മികവ് ഏറ്റവും വ്യക്തമായിട്ടുള്ളത് ജോർജിന്‍റെ സിനിമകളിലാണ്. ഉൾക്കടൽ എന്ന സിനിമയിലൂടെയാണ് തിലകന്‍റെ പേര് മലയാളത്തിലെ മഹാനടൻമാർക്കൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നത്. യവനികയിലെ തബലിസ്റ്റ് അയ്യപ്പനെക്കാൾ അനശ്വരത ഭരത് ഗോപിയുടെ മറ്റേതെങ്കിലും കഥാപാത്രത്തിനുണ്ടോ എന്നു സംശയമാണ്. കാമമോഹിതം കെ.ജി. ജോർജിനെക്കാളധികം മോഹൻലാലിന്‍റെ നഷ്ടമാകുന്നതും അതുകൊണ്ടുതന്നെ.

Trending

No stories found.

Latest News

No stories found.