Unni Menon ഉണ്ണി മേനോൻ
ഉണ്ണി മേനോൻ

''ശബ്ദം എന്‍റേത്, സ്റ്റേജിൽ മറ്റാരോ'', ശബ്ദ മോഷണം വ്യാപകമെന്ന് ഉണ്ണി മേനോൻ

സാങ്കേതിക വിദ്യയുടെ അതിരുകടന്ന ഉപയോഗം മൂലം മികച്ച ശാസ്ത്രീയ പരിജ്ഞാനമുള്ള ഗായകരെ ചലച്ചിത്ര മേഖലക്ക് ആവശ്യമില്ലാതായെന്ന് ഉണ്ണി മേനോൻ
Published on

അഭിമുഖം: ഉണ്ണി മേനോൻ | റോയ് റാഫേൽ

ചലച്ചിത്ര പിന്നണി ഗാനരംഗം എന്ന തൊഴിൽ മേഖല ഇനി ഉണ്ടാവുമോ എന്ന് സംശയമാണെന്ന് പ്രശസ്ത ഗായകൻ ഉണ്ണി മേനോൻ. സാങ്കേതിക വിദ്യയുടെ അതിരുകടന്ന ഉപയോഗം മൂലം മികച്ച ശാസ്ത്രീയ പരിജ്ഞാനമുള്ള ഗായകരെ ചലച്ചിത്ര മേഖലക്ക് ആവശ്യമില്ലാതായി. സംഗീത സംവിധായകരും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. വ്യത്യസ്തത വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. എന്നാൽ ഇത് എത്ര കണ്ട് സാധ്യമാവുമെന്ന് മലയാളികൾ ഒരിക്കലും മറക്കാത്ത നിരവധി ഗാനങ്ങൾ ആലപിച്ച ഉണ്ണി മേനോൻ ചോദിക്കുന്നു.

ഒരു സംഗീത പരിപാടിയിൽ പങ്കെടുക്കാൻ യുഎഇയിൽ എത്തിയപ്പോഴാണ് സിനിമാ പിന്നണി ഗായകർ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഉണ്ണി മേനോൻ മെട്രൊ വാർത്ത പ്രതിനിധിയോട് മനസ് തുറന്നത്.

Q

സിനിമകളിലെ സംഗീതത്തിന്‍റെ പ്രസക്തി

A

ഗായകരും സംഗീത സംവിധായകരും അരക്ഷിതരാണ്. പ്രതിഭാശാലികളായ സംഗീത സംവിധായകർക്ക് പോലും അവസരമില്ല. ന്യൂജെൻ സിനിമകൾ സജീവമായതോടെ സംഗീതത്തിനുള്ള പ്രധാന്യവും പ്രസക്തിയും നഷ്ടമായി.

പൊതു വേദിയിൽ ഗായകർ പ്ലസ് ട്രാക്കിൽ പാടുന്ന സംഗീത പരിപാടികളുടെ എണ്ണം വർധിക്കുകയാണ്. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ച ഗായകർ അങ്ങനെ ചെയ്യുന്നത് പൊറുക്കാനാവാത്ത അപരാധമാണ്. പാടാനുള്ള വൈദഗ്ധ്യമുള്ളതുകൊണ്ടാണ് ഒരാളെ ഗായകൻ എന്നോ ഗായിക എന്നോ വിളിക്കുന്നത്. അങ്ങനെയുള്ള ഒരാൾ ആസ്വാദകരെ വഞ്ചിക്കുന്നത് ശരിയല്ല.

Q

അഭിനയവും ആലാപനവും

A

'ബ്യൂട്ടിഫുൾ' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഉൾപ്പെടെ രണ്ട് സിനിമകളിൽ അഭിനയിക്കുന്നുണ്ട്. ഇതിൽ പാട്ടുകളും പാടിയിട്ടുണ്ട്. അഭിനയം ഇഷ്ടമാണ്. പക്ഷേ, ആലാപനമായാലും അഭിനയമായാലും അവസരത്തിനു വേണ്ടി ആരെയും സമീപിക്കാറില്ല. അതുകൊണ്ട് തന്നെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഉൾപ്പെടെയുള്ള സിനിമാരംഗത്തെ കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല.

Q

സമൂഹമാധ്യമങ്ങളുടെ സ്വാധീനം

A

ഒരു ഗായകന്‍റെ ഒറിജിനൽ ട്രാക്ക് മറ്റൊരാളുടെ വീഡിയോയിൽ നിയമവിരുദ്ധമായി ചേർത്ത് സ്വന്തമെന്ന വ്യാജേന സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന പ്രവണത വ്യാപകമാവുന്നുണ്ട്. ഈയടുത്ത കാലത്ത് തമിഴ് ടിവി ചാനലിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്ത മത്സരാർഥിയുടെ വിഷ്വലിൽ എന്‍റെ ഒറിജിനൽ ട്രാക്ക് കൂട്ടിച്ചേർത്ത് ആരോ വ്യാജ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

മത്സരാർഥി വേദിയിൽ പാടിയത് എന്‍റെ പാട്ടു തന്നെയാണ്. പക്ഷേ, അദ്ദേഹത്തിന്‍റെ സൗണ്ട് ട്രാക്ക് ഒഴിവാക്കി, പകരം എന്‍റെ ഒറിജിനൽ ട്രാക്ക് മിക്സ് ചെയ്താണ് വീഡിയോ നിർമിച്ചിരിക്കുന്നത്.

വൈറലാവാൻ എന്ത് മാർഗവും അവലംബിക്കുന്ന രീതിയിലേക്ക് സമൂഹമാധ്യമ പ്രവർത്തനം തരം താഴ്ന്നു. മുഹമ്മദ് റഫി ഉൾപ്പെടെയുള്ള മഹാഗായകരുടെ ഒറിജിനൽ ട്രാക്ക് ഈ രീതിയിൽ ദുരുപയോഗം ചെയ്യുന്നുണ്ട്.