കണ്ണ് നട്ടു കാത്തിരുന്ന പുരസ്കാരം, മനസ് നിറഞ്ഞ് വിദ്യാധരന്‍ മാസ്റ്റര്‍

"പതിരാണെന്നോർത്തൊരു കനവിൽ' ഗാനത്തിന്‍റെ ആലാപന മികവിനാണു വിദ്യാധരൻ മാസ്റ്റർക്കു ഗായകനുള്ള പുരസ്കാരം ലഭിച്ചത്.
vidyadharan master
വിദ്യാധരന്‍ മാസ്റ്റര്‍
Updated on

എം.എ. ഷാജി

തൃശൂർ: മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 79-ാം വയസിൽ തേടിയെത്തിയതിന്‍റെ അത്യാഹ്ലാദത്തിലാണു സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. ആറു പതിറ്റാണ്ടായി സംഗീത ലോകത്തു പാടിയും നിരവധി പേരെ പാട്ടു പാടിച്ചും മലയാളിയുടെ മനസിൽ കൽപാന്ത കാലത്തോളം നിലനിൽക്കുന്ന പാട്ടുകൾ സമ്മാനിച്ച അദ്ദേഹത്തിനു സംസ്ഥാന പുരസ്കാരം ലഭിക്കുന്നത് ഇതാദ്യം. "അവാർഡു ലഭിച്ചതിൽ വളരെ സന്തോഷം. അതേസമയം അത്‍ഭുതം തോന്നുന്നു. ആദ്യമായാണ് ഇങ്ങനെ ഒരു പുരസ്‍കാരം ലഭിക്കുന്നത്. ഇപ്പോഴെങ്കിലും കിട്ടിയല്ലോ. സത്യം പറഞ്ഞാ ഏതാ പാട്ടാണെന്നു പോലും അറിയില്ല. കുറേകാലമായി ആഗ്രഹിച്ചതാണ്. പാട്ടുകാരനായി അംഗീകരിച്ചു എന്നറിയുമ്പോൾ ഏറെ സന്തോഷമുണ്ട് '. വിദ്യാധരൻ മാസ്റ്ററുടെ വാക്കുകൾ.

ശുദ്ധ സംഗീതത്തിന്‍റെ വഴിയിലൂടെ സഞ്ചരിച്ചു സിനിമാഗാനങ്ങളിലൊതുങ്ങാതെ സംഗീതത്തിന്‍റെ പല വഴികളിലൂടെ നടന്ന സംഗീതകാരനാണു തൃശൂർ ആറാട്ടുപുഴ സ്വദേശിയായ വിദ്യാധരൻ മാസ്റ്റർ. "വര്‍ഷങ്ങള്‍ക്കു മുൻപു ഗായകനാകുന്നതിനു മദ്രാസിലേക്കു പോയ ആളാണു താൻ. പാട്ടു പാടിയാണു സംഗീതരംഗത്തേക്കു പ്രവേശിക്കുന്നത്. കുറേ നാളായിട്ടുള്ള ആഗ്രഹം ഇപ്പോഴെങ്കിലും സാധിച്ചു.'- വിദ്യാധരന്‍ മാസ്റ്ററുടെ വാക്കുകളിൽ സന്തോഷം അലയടിക്കുന്നു. "ജനനം 1947 പ്രണയം തുടരുന്നു' ചിത്രത്തിലെ "പതിരാണെന്നോർത്തൊരു കനവിൽ' ഗാനത്തിന്‍റെ ആലാപന മികവിനാണു വിദ്യാധരൻ മാസ്റ്റർക്കു ഗായകനുള്ള പുരസ്കാരം ലഭിച്ചത്.

സംഗീതത്തിന്, സംഗീതകാരന് തന്‍റേതായ മുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ ആ ഗാനങ്ങള്‍ എന്നും അംഗീകരിക്കപ്പെടുമെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം. വിദ്യാധരൻ മാസ്റ്റർ പറയുന്നു. അവാർഡ് വിവരം അറിഞ്ഞ് അഭിനന്ദിക്കാനെത്തിയ മാധ്യമ പ്രവർത്തകർ ആവശ്യപ്പെട്ടപ്പോൾ നിറഞ്ഞ ചിരിയോടെ പുരസ്കാരം ലഭിച്ചതടക്കമുള്ള പാട്ടുകൾ അദ്ദേഹം ആലപിച്ചു.

1965ൽ പുറത്തിറങ്ങിയ "ഓടയിൽ നിന്ന്' ചിത്രത്തിലെ ഓ റിക്ഷാവാല’ എന്ന പാട്ടിനു മെഹ്ബൂബിനൊപ്പം കോറസ് പാടിയാണു വിദ്യാധരൻ മാസ്റ്റർ സിനിമാലോകത്തേക്കു പ്രവേശിക്കുന്നത്. "ബലിയാടുകൾ' എന്ന നാടകത്തിൽ ‘മോഹങ്ങൾ ഞെട്ടറ്റുവീഴുന്ന ഊഷ്മളഭൂമി’ എന്ന ഗാനം ചിട്ടപ്പെടുത്തി ആദ്യമായി സംഗീത സംവിധായകന്‍റെ കുപ്പായമണിഞ്ഞു. 1984ൽ പുറത്തിറങ്ങിയ ശ്രീമൂലനഗരം വിജയന്‍റെ "എന്‍റെ ഗ്രാമം' ചിത്രത്തിലൂടെ സിനിമയിലും സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ചു. കൽപാന്ത കാലത്തോളം, നഷ്ട സ്വർഗങ്ങളെ, ചന്ദനം മണക്കുന്ന പൂന്തോട്ടം തുടങ്ങിയവ വിദ്യാധരൻ മാസ്റ്റർ ഈണമിട്ട അനശ്വര ഗാനങ്ങളിലുൾപ്പെടുന്നു. "ഭൂതക്കണ്ണാടി', "കഥാവശേഷൻ' തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.