എവിടെ ദിലീപിന്‍റെ ഒടിടി സിനിമകൾ

ജനപ്രിയ നായകന്‍റെ കണ്ണു നിറഞ്ഞെങ്കിലും തിയെറ്ററുകളിൽ കാണികൾ നിറഞ്ഞില്ല. ഒരു സൂപ്പർ ഹിറ്റിനു വേണ്ടിയുള്ള ദിലീപിന്‍റെ കാത്തിരിപ്പ് ഏഴ് വർഷം പിന്നിടുകയാണ്.
OTT ban for Dileep movies?
പവി കെയർടേക്കർ എന്ന സിനിമയിൽ ദിലീപ്
Updated on

ജനപ്രിയ നായകൻ എന്ന വിശേഷണം ദിലീപിന്‍റെ ഓരോ സിനിമയ്ക്കും ഇപ്പോഴും ഉപയോഗിച്ചു വരുന്നുണ്ട്. എന്നാൽ, തന്‍റെ സിനിമകൾ നിരന്തരം ബോക്സ് ഓഫിസിൽ പരാജയമാകുന്നതിനെക്കുറിച്ച് 'പവി കെയർടേക്കർ' എന്ന സിനിമയുടെ പ്രൊമോഷണൽ പരിപാടിയിൽ അദ്ദേഹം തന്നെ പരിഭവം പറഞ്ഞു. ജനപ്രിയ നായകന്‍റെ കണ്ണു നിറഞ്ഞെങ്കിലും തിയെറ്ററുകളിൽ കാണികൾ നിറഞ്ഞില്ല. അങ്ങനെ, 2017ൽ പുറത്തിറങ്ങിയ രാമലീലയ്ക്കു ശേഷം ഒരു സൂപ്പർ ഹിറ്റിനു വേണ്ടി 'ജനപ്രിയ നായകന്‍റെ' കാത്തിരിപ്പ് തുടരുകയാണ്.

തിയെറ്ററിൽ ഹിറ്റാകുന്ന സിനിമകൾ ഒടിടി റിലീസിനു ശേഷം വിമർശിക്കപ്പെടുന്നതും, അതുപോലെ തിയെറ്റർ ഫ്ളോപ്പുകൾ ഒടിടി ഹിറ്റുകളാകുന്നതുമെല്ലാം സമീപകാലത്ത് മലയാള സിനിമയിൽ കണ്ടു വരുന്ന ട്രെൻഡുകളാണ്. എന്നാൽ, ഇങ്ങനെയൊരു അവസരവും തത്കാലം ദിലീപിന്‍റെ സിനിമകൾക്കു ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

കഴിഞ്ഞ വർഷം തിയെറ്ററുകളിൽ റിലീസ് ചെയ്ത 'വോയ്സ് ഓഫ് സത്യനാഥൻ' ആണ് അവസാനമായി ഒടിടിയിൽ വന്ന ദിലീപ് ചിത്രം. അതിനു ശേഷം മൂന്നു സിനിമകൾ ദിലീപിന്‍റേതായി തിയെറ്ററുകളിലെത്തി - ബാന്ദ്ര, തങ്കമണി, പവി കെയർടേക്കർ. ഈ മൂന്നും ഇനിയും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ എത്തിയിട്ടില്ല.

കൊവിഡ് ലോക്ക്ഡൗൺ കാലഘട്ടം ഒടിടി റിലീസുകളുടെ ചാകരയായിരുന്നെങ്കിൽ, കൊവിഡ് അനന്തര കാലഘട്ടത്തിലെ ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നയം വ്യത്യസ്തമാണ്. താര സാന്നിധ്യം മാത്രം നോക്കിയല്ല ഇപ്പോൾ ഓടിടിയിലേക്ക് സിനിമകൾ തെരഞ്ഞെടുക്കപ്പെടുന്നത്. തിയെറ്റർ റിപ്പോർട്ടും, പ്രേക്ഷകർ സ്വീകരിക്കാനുള്ള സാധ്യതയുമെല്ലാം ഇക്കൂട്ടത്തിൽ പ്രധാന ഘടകങ്ങളായി പരിഗണിക്കപ്പെടുന്നുണ്ട്. ഒപ്പം, നിർമാതാക്കൾക്ക് ഒടിടി വഴി ലഭിക്കുന്ന വരുമാനത്തിന്‍റെ പങ്കിൽ കുറവും വന്നിട്ടുണ്ട്.

പവി കെയർ ടേക്കർ ഒടിടി റിലീസ് ഉണ്ടാകുമെന്ന് നേരത്തെ സൂചനകൾ ലഭിച്ചിരുന്നെങ്കിലും, ചിത്രം തിയെറ്ററുകളിൽ നിന്നു പോയ ശേഷവും അതെക്കുറിച്ച് പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. പ്ലാറ്റ്‌ഫോമോ റിലീസ് തീയതിയോ ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബാന്ദ്രയുടെയും തങ്കമണിയുടെയും അവസ്ഥ തന്നെയാണ് പവി കെയർ ടേക്കറെയും കാത്തിരിക്കുന്നതെന്നു വേണം ഇതിൽനിന്നു മനസിലാക്കാൻ.

Trending

No stories found.

Latest News

No stories found.