#തയാറാക്കിയത്:എൻ. അജിത്കുമാർ
ന്സറിനെപ്പറ്റി ഒരു പാട് തെറ്റിദ്ധാരണകള്‍ ഇന്നും മലയാളികള്‍ക്കുണ്ട് - ക്യാന്‍സര്‍ ചികിത്സിച്ചു മാറ്റാനാവാത്തതാണ്, പകരുന്ന രോഗമാണ് , ഭക്ഷണത്തിലെ വിഷമാണ് ക്യാന്‍സറിനു പ്രധാന കാരണം, മോബൈല്‍ ഫോണിലെ തരംഗങ്ങളാണ് തുടങ്ങിയവയാണ് അതില്‍ പ്രധാനം.ക്യാന്‍സറുമായി ബന്ധപ്പെട്ട് എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളിതാ.
അസാധാരണ കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയും വ്യാപനവുമാണ് അര്‍ബുദം അഥവാ ക്യാന്‍സര്‍ .എന്നാല്‍ ഇതൊരൊറ്റ രോഗമല്ല. വ്യത്യസ്ത അവയവങ്ങളിലായി ഏതാണ്ട് നൂറിലധികം തരം ക്യാന്‍സറുകളുണ്ട് . ഈ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതും ഓരോ തരത്തിലാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ലോകത്ത് എട്ടരക്കോടി മനുഷ്യര്‍ ഈ രോഗം മൂലം മരിച്ചതായാണ് കണക്ക്. ഇന്ന് ലോകത്തില്‍ സംഭവിക്കുന്ന മരണങ്ങളില്‍ 13 ശതമാനവും അര്‍ബുദം കാരണമാണ്. ഏതാണ്ട് 80 ലക്ഷം പേരാണ് ഈ രോഗം മൂലം ഓരോ വര്‍ഷവും മരിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും ആകെയുള്ള മരണങ്ങളില്‍ നാലിലൊന്ന് ക്യാന്‍സര്‍ മൂലമാണ്. ഇന്ത്യയിലിപ്പോഴും ഇത് പത്ത് ശതമാനത്തിലും കുറവാണെങ്കിലും അയുര്ദൈര്ഘ്യം കൂടുന്നതനുസരിച്ച് ഇത് കൂടിക്കൊണ്ടിരിക്കും. മാത്രമല്ല ക്യാന്‍സര്‍ ചികിത്സ എന്നത് വളരെ ചെലവേറിയതായി മാറിയിരിക്കയാണ്. പുകയില ഉപയോഗം, കീടനാശിനികളുടെയും രാസവസ്തുക്കളുടെയും അമിത ഉപയോഗം, മദ്യപാനം, മുറുക്കല്‍, പെടോളിയം ഉത്പന്നങ്ങളിലെ ബെന്‍സീന്‍ , ആസ് ബറ്റോസിലെ ചില ഇനങ്ങള്‍, ഭക്ഷണത്തില്‍ ചേര്‍ക്കുന്ന ചില കൃത്രിമ ചായങ്ങള്‍, പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ഡയോക്സീനുകള്‍ ,അപകടകരമായ വികിരണ മേല്‍ക്കല്‍, ജീവിത രീതിയിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ക്യാന്‍സറിനു കാരണമാകാം. തുടക്കത്തിലെ കണ്ടെത്തിയാല്‍ പരിപൂര്‍ണമായും ചികിത്സിച്ചു മാറ്റാവുന്നവയാണ് പല ക്യാന്‍സറുകളും. അര്‍ബുദത്തെക്കുറിച്ച് നല്ല അവബോധമുണ്ടെങ്കിലേ ഈ രോഗം ആരംഭദശയില്‍ തന്നെ കണ്ടെത്താന്‍ കഴിയൂ.
ബാലന്‍സ് തെറ്റിയാല്‍
ശരീരത്തിലെ എല്ലാ അവയവങ്ങളിലും കോശങ്ങള്‍ നശിക്കുന്നതിനനുസരണമായി പുതിയ കോശങ്ങള്‍ ഉണ്ടാകുന്നുണ്ട്. പലതരം പ്രോട്ടീനുകളുടെ പ്രവര്‍ത്തനം കൊണ്ടാണ് ഈ സന്തുലിതാവസ്ഥ നിലനിന്നു പോകുന്നത് .ഇതില്‍ പ്രധാനം ഓങ്കോ ജീനുകളും,ആന്റി - ഓങ്കോ ജീനുകളുംഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകളാണ്. ഓങ്കോ ജീനുകള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ കോശവിഭജനം നടക്കാന്‍ സഹായിക്കുന്നു. ആന്റി ഓങ്കോ ജീനുകള്‍ ഉത്പാദിപ്പിക്കുന്ന പ്രോട്ടീനുകള്‍ കോശവിഭജനം തടയുകയും ചെയ്യുന്നു. ഓങ്കോ ജീനുകളുടെ പ്രവര്‍ത്തനം കൂടുകയും ആന്റി ഓങ്കോ ജീനുകളുടെ പ്രവര്‍ത്തനം കുറയുകയും ചെയ്യുമ്പോള്‍ മുമ്പ് പറഞ്ഞ സന്തുലിതാവസ്ഥ നഷ്ടപ്പെടുകയും കോശങ്ങള്‍ പെരുകി പലതരം മുഴകളും വ്രണങ്ങളുമൊക്കെ ഉണ്ടാകുകയും ചെയ്യുന്നു, ഇതാണ് ക്യാന്‍സര്‍ .
ഓങ്കോ ജീനുകളുടെയും ആന്റി ഓങ്കോ ജീനുകളുടെയും പ്രവര്‍ത്തന വ്യത്യാസത്തിനു കാരണം അവയുടെ ഡി എന്‍ എ യില്‍ വരുന്ന വ്യത്യാസങ്ങളാണ്. ഇവയെ മ്യൂട്ടേഷനുകള്‍ എന്നു വിളിക്കുന്നു. ഡി.എന്‍.എ. വിഭജനത്തിലുള്ള തെറ്റുകള്‍ തിരുത്താനുള്ള സംവിധാനം ശരീരത്തിലുണ്ടെങ്കിലും പ്രായം കൂടുംതോറും ഈ സംവിധാനത്തിന് പ്രവര്‍ത്തന ശേഷി കുറഞ്ഞു കുറഞ്ഞുവരുന്നു. വാര്‍ദ്ധക്യത്തില്‍ ക്യാന്‍സര്‍ സാധ്യത കൂടാന്‍ കാരണമിതാണ്. കൂടാതെ പാരമ്പര്യം പുകവലി, അന്തരീക്ഷ മലിനീകരണം കീടനാശിനികള്‍ തുടങ്ങിയവയൊക്കെ ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു.
ആഹാരവും ക്യാന്‍സറും
കേരളത്തിന്റെ പരമ്പരാഗത ആഹാരവസ്തുക്കള്‍ ക്യാന്‍സര്‍ തടയുന്നതിന് ശേഷിയുള്ളവയാണത്രെ! എരിശ്ശേരിയും അവിയലും പലവിധ പുഴുക്കുകളും പുട്ടും കടലയുമെല്ലാം ഒന്നാംതരം ക്യാന്‍സര്‍ വിരുദ്ധ ഭക്ഷണങ്ങളാണ്. കേരളത്തില്‍ അതത് കാലത്തുണ്ടാകുന്ന ചക്കപ്പഴം, പപ്പായ, വിഷം തീണ്ടാത്ത മാങ്ങ, മറ്റു പഴവര്‍ഗങ്ങള്‍ എന്നിവയും ക്യാന്‍സറിനെ തടയുന്നവയാണ്.നമ്മുടെ ആഹാരശീലങ്ങളില്‍ വന്ന മാറ്റമാണ് പുകയില കഴിഞ്ഞാല്‍ ക്യാന്‍സറുകള്‍ക്ക് പ്രധാന കാരണമാകുന്നത്.
മൃഗക്കൊഴുപ്പ് ധാരാളം അടങ്ങിയ ആഹാരം അധികമായി ഭക്ഷിക്കുന്നവരില്‍ വന്‍കുടല്‍, അണ്ഡാശയം, ഗര്‍ഭാശയം, സ്തനം, പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നീ ശരീരഭാഗങ്ങളില്‍ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു.ഉപ്പിലുണക്കിയോ പുകച്ചോ കേടുകൂടാതെ സൂക്ഷിക്കുന്ന മത്സ്യവും മാംസവും കൂടുതല്‍ കഴിക്കുന്നത് ആമാശയ ക്യാന്‍സറിനു കാരണമാകാം. ഉപ്പിലിട്ടത്, അച്ചാര്‍, മദ്യം എന്നിവ നിയന്ത്രിക്കുക.വറുക്കുന്നതിനും പൊരിക്കുന്നതിനും ഉപയോഗിച്ച ഒരേ എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതും മീനും ഇറച്ചിയും കരിയുന്നതുവരെ മൂപ്പിച്ച് വറുക്കുന്നതും ക്യാന്‍സറിലേക്കുള്ള വഴി തുറക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ കുറയ്ക്കുക.
ബേക്കറി സാധനങ്ങളിലും ഭക്ഷ്യവസ്തുക്കളിലും ചേര്‍ക്കുന്ന വിലകുറഞ്ഞ ചായങ്ങള്‍ മൂത്രാശയ ക്യാന്‍സറിനു കാരണമാകുന്നു.
ശരിയായ രീതിയില്‍ സൂക്ഷിച്ചു വയ്ക്കാത്ത കപ്പലണ്ടി, പയര്‍വര്‍ഗങ്ങള്‍ മുതലായവയില്‍ വളരുന്ന പൂപ്പലുകള്‍ ഉല്പാദിപ്പിക്കുന്ന അഫ്ളാടോക്സിന്‍ (Aflatoxin) കരളിലെ ക്യാന്‍സറിന് ഒരു പ്രധാന കാരണമാണ്.ഭക്ഷ്യനിയന്ത്രണം അര്‍ബുദ നിയന്ത്രണത്തിന്റെ ഒരു പ്രധാന ഘടകമാണെന്ന കാര്യം മറക്കാതിരിക്കുക. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും പലതരം അര്‍ബുദങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാനുള്ള കഴിവുണ്ട്.
20-ാം നൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി മനുഷ്യനെ ബാധിക്കുന്ന 75 ശതമാനത്തോളം ക്യാന്‍സറുകളുടെയും കാരണങ്ങള്‍ മനസിലാക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പലതും ജീവിതരീതിയിലൂടെ കുറയ്ക്കാനോ ഒഴിവാക്കാനോ കഴിയുന്നവയാണ്.
പുകയിലയുടെ ഉപയോഗം, ആഹാരശൈലി, പരിസ്ഥിതി മലിനീകരണം, വ്യവസായശാലകളില്‍ നിന്നു തളളപ്പെടുന്ന രാസവസ്തുക്കള്‍ തുടങ്ങിയവ നിയന്ത്രിച്ചാല്‍തന്നെ ഈ മാരകരോഗത്തിന്റെ പിടിയില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാം.
ഒന്നാം പ്രതി പുകയില
ലോകത്ത് ഇന്നറിയപ്പെടുന്ന ക്യാന്‍സര്‍ ജനക വസ്തുക്കളില്‍ ഒന്നാം പ്രതി പുകയിലയാണ്. പുകയില ഉപയോഗമാണ് 30 ശതമാനം ക്യാന്‍സറുകള്‍ക്കും കാരണമാകുന്നത്. അര്‍ബുദം മൂലമുണ്ടാകുന്ന മരണങ്ങളുടെ 80-90 ശതമാനവും പുകവലിക്കാരിലാണത്രെ. വായ്, തൊണ്ട, ശബ്ദപേടകം, ശ്വാസകോശം, അന്നനാളം എന്നിവിടങ്ങളില്‍ നേരിട്ടും വൃക്ക, മൂത്രനാളം, മൂത്രസഞ്ചി, പാന്‍ക്രിയാസ് എന്നി അവയവങ്ങളില്‍ നേരിട്ടല്ലാതെയും ക്യാന്‍സറിന് പുകവലി കാരണമാകുന്നു.പുകയില ഉപയോഗം ക്യാന്‍സറിനു കാരണമാകുമെന്ന് 1761ല്‍ തന്നെ ജോണ്‍ ഹില്‍ (John Hill)എന്ന ഗവേഷകന് കണ്ടെത്തിയിരുന്നു. എങ്കിലും ഇത് സംശയലേശമെന്യേ തെളിയിക്കപ്പെട്ടത് 1950ലാണ്. ഇംഗ്ലണ്ടിലെ ഡോക്ടര്‍മാരായ ആര്.ഡോളും ബി.ഹില്ലും (Richard Doll and Sir Austin Bradford Hill) ശ്വാസകോശ കാന്‍സറിന് പുകവലി കാരണമാകുന്നുവെന്ന് അസന്നിഗ്ധമായി തെളിയിച്ചു.പുകവലിക്കുന്നവരുമായി സഹവസിക്കുന്നര്ക്ക് (നിഷ്ക്രിയ പുകവലി) ശ്വാസകോശത്തിലെയും തൊണ്ടയിലെയും ക്യാന്‍സറിനു കാരണമാകാമെന്ന് ജപ്പാന്‍കാരനായ 'ഹിരയാമാ' (Hirayama) 1981ല്‍ തെളിയിച്ചു.
വെയിലും വില്ലന്‍
തൊലിപ്പുറത്തുണ്ടാകുന്ന ക്യാന്‍സറിന് ഒരു പ്രധാന കാരണം സൂര്യപ്രകാശത്തിലുള്ള അള്‍ട്രാവയലറ്റ് രശ്മികളാണ്. തണല്മരങ്ങളില്ലാതാകുന്നതും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പെരുകുന്നതും സൂര്യകിരണങ്ങളില്‍ നിന്നുള്ള റേഡിയേഷന് തോത് വര്‍ദ്ധിപ്പിക്കുന്നു.റോന്ജന് (Rontgen) എക്സ്റേ കണ്ടുപിടിച്ച് 6 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ അമിതമായ എക്സ്റേ പ്രസരണം ക്യാന്‍സര്‍ ഉണ്ടാക്കും എന്ന് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷനും ക്യാന്‍സറിന് കാരണമാകാം.
മെസോതെലിയോമയും ആസ്ബറ്റോസും
പ്രധാനപ്പെട്ട ഒരു ക്യാന്‍സര്‍ മാരക വസ്തുവാണ്. ആസ്ബറ്റോസ്. ഇതുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വരില്‍ കൂടുതലായി കാണുന്ന ഒരുതരം ശ്വാസകോശ ക്യാന്‍സറാണ് മെസോതെലിയോമ (Mesothelioma).
വൈറസുകളും ക്യാന്സറുണ്ടാക്കും
85 ശതമാനം ഗര്‍ഭാശയഗള ക്യാന്‍സറിനും പുരുഷ ലിംഗത്തിലുള്ള ക്യാന്സറിനുംകാരണമാകുന്നത് ഹ്യൂമന്‍ പാപ്പിലോമ വൈറസാണ്. ലൈംഗിക ബന്ധത്തിലൂടെയാണ് ഇത് പകരുന്നത്. ഈ വൈറസിനെതിരെയുള്ള വാക്സിനുകള്‍ ഇപ്പോള്‍ ലഭ്യമാണ്.ഹെപ്പറ്റൈറ്റിസ് ബി വൈറസ് കരളിലെ ക്യാന്‍സറിന് ഒരു പ്രധാന കാരണമാകുന്നു. ഇതിനും വാക്സിന് ഇന്ന് ലഭ്യമാണ്.എയ്ഡ്സ് ബാധമൂലം രോഗപ്രതിരോധ ശേഷി നശിച്ചവരില്‍ കാപ്പോസി സാര്‍ക്കോമ (Kaposi Sarcoma), ലിംഫോമ (Lymphoma) തുടങ്ങിയ ക്യാന്‍സര്‍ കൂടുതലായി കണ്ടുവരുന്നു.മലേറിയ ബാധിച്ച് രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികളില്‍ ബെര്ക്കിറ്റ് ലിംഫോമ(Barkitt Lymphoma) എന്നതരം ക്യാന്‍സര്‍ ഉണ്ടാക്കുന്നത് EB16 വൈറസാണ് എന്ന് തെളിഞ്ഞിട്ടുണ്ട്.ഫാസിയോള ഹെപ്പാറ്റിക്ക (Fasciola hepatica) എന്ന പരാദ ജീവി കരളിലെ ക്യാന്‍സറിന് കാരണമാകുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.ഹെലിക്കോബാക്ടര് പൈലോറി (Helicobacter Pylori) എന്ന ബാക്ടീരിയ ആമാശയ ക്യാന്‍സറിനു കാരണമാകുന്നു എന്ന് ഈ അടുത്ത കാലത്ത് കണ്ടെത്തിയിട്ടുണ്ട്.ലിവര്‍ ഫ്ളൂക്ക് (Liver fluke) എന്ന വിര പിത്തക്കുഴലുകളില് അര്‍ബുദമുണ്ടാക്കുന്നു.
ലുക്കീമിയ
രക്താര്‍ബുദം അഥവാ ലുക്കീമിയ ബാധിച്ചവരില്‍ ശ്വേതരക്താണുക്കള്‍ അഭൂതപൂര്‍വമായി പെരുകുന്നു. കുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ശ്വേതരക്താണുക്കളാണല്ലോ പകര്‍ച്ച വ്യാധികളില്‍ നിന്ന് ശരീരത്തെ രക്ഷിക്കുന്നത്. രക്താര്‍ബുദം മൂലമുണ്ടാകുന്ന ശ്വേതരക്താണുക്കള്‍ക്ക് ഈ കടമ നിര്‍വഹിക്കുവാന്‍ കഴിയില്ല. റേഡിയേഷനാണ് ലുക്കീമിയയുടെ പ്രധാന കാരണം. ഗര്‍ഭകാലത്ത് തൃമ്യ എടുക്കുന്നത് ശിശുവിന് ലുക്കീമിയ പിടിപെടാന്‍ കാരണമാകുന്നു.ശരീരം വേഗത്തില്‍ ചതയുക, രക്തസ്രാവം, തളര്‍ച്ച, ശ്വാസംമുട്ടല്‍, പനി, സന്ധിവേദന, ഉദരത്തില്‍ നീര്‍വീക്കം എന്നിവ ലക്ഷണങ്ങളാണ്.
കീമോതെറാപ്പി
ക്യാന്‍സറിനെതിരായി കോശവിഭജനം ഇല്ലാതാക്കുക, കോശനിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടുത്തുക, ഇതിനാ വശ്യമുള്ള എന്‍സൈമുകളെ നശിപ്പിക്കുക, ഡി.എന്‍.എ, ആര്.എന്‍.എ തന്മാത്രകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുക തുടങ്ങിയ ലക്ഷണങ്ങളോടെ ഔഷധങ്ങളുപയോഗിച്ചുള്ള ചികിത്സയാണ് കീമോതെറാപ്പി.
പുകവലിക്കാര്‍ക്കൊരു മുന്നറിയിപ്പ്
ശബ്ദം പരുക്കനാവുക എന്നതാണ് അമിത പുകവലിക്കാരില്‍ തൊണ്ടയിലുണ്ടാകുന്ന ക്യാന്‍സറിന്റെ ആദ്യ ലക്ഷണം. രോഗം പുരോഗമിക്കുന്നതോടെ തൊണ്ടവേദന, ഭക്ഷണം ഇറക്കാനുള്ള വിഷമം, നിലയ്ക്കാത്ത ചുമ, രക്തം കലര്‍ന്ന കഫം, കഴുത്തില്‍ മുഴ എന്നിവയും പ്രത്യക്ഷപ്പെടുന്നു.തുടര്‍ച്ചയായ ചുമ, നെഞ്ചുവേദന, ശ്വാസംമുട്ടല്‍, രക്തം കലര്‍ന്ന കഫം എന്നിവ ശ്വാസകോശ കാന്‍സറിന്റെ ലക്ഷണമാകാം.
ഇന്റര്‍മീഡിയറ്റ് എന്‍ഡ് പോയിന്റുകള്‍
സാധാരണ കോശം ക്യാന്‍സര്‍ കോശമായി മാറുന്നതിനിടയ്ക്ക് അതിസങ്കീര്‍ണമായ വ്യതിയാനങ്ങള്‍ അതിനുള്ളില്‍ നടക്കുന്നു. വിവിധതരം ലബോറട്ടറി പരിശോധനയിലൂടെ ഈ മാറ്റങ്ങള്‍ നേരത്തെതന്നെ കണ്ടെത്താം. ഇവയാണ് ഇന്റര്‍മീഡിയറ്റ് എന്‍ഡ് പോയിന്റുകള്‍.
ഹിസ്റ്റോ കെമിസ്ട്രി
കലകളുടെയും കോശങ്ങളുടെയും രാസഘടന വെളിപ്പെടുത്താന്‍ കഴിവുള്ള പ്രത്യേകതരം ഡൈകള്‍ ഉപയോഗിച്ച് ക്യാന്‍സര്‍ കോശങ്ങളിലെ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന പഠനമാണ് ഹിസ്റ്റോ കെമിസ്ട്രി.
നേരത്തേ തിരിച്ചറിയാം
ക്യാന്‍സറിന്റെ കാരണങ്ങള്‍ വ്യക്തമായതോടെ ഇവ വരാന്‍ സാധ്യതയുള്ളവരില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ നേരത്തെ പരിശോധിച്ച് കണ്ടുപിടിക്കാന്‍ കഴിയും. ഇതിനുള്ള പരിശോധനകളാണ് ക്യാന്‍സര്‍ സ്ക്രീനിങ്. രോഗം തുടക്ക ത്തിലേ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാവുന്നതേയുള്ളൂ. കേരളത്തില്‍ ഏറ്റവും സാധാരണമായ ഗര്‍ഭാശയഗള ക്യാന്‍സറും സ്തനാര്‍ബുദവും വായിലെ ക്യാന്‍സറും വളരെ നേരത്തെ കണ്ടുപിടിക്കാം.
വായ്ക്കകത്തു കാണുന്ന തുടച്ചുമാറ്റാന്‍ വയ്യാത്ത വെളുത്ത പാടുകള്‍ ലൂക്കോപ്ലാക്കിയ (Leukoplakia) വായിലെ ക്യാന്‍സറിന്റെ ആദ്യലക്ഷണമാകാം. വേദനയില്ലാത്ത ചെറു വ്രണങ്ങള്‍, വായ്ക്കുള്ളിലെ നിറം മാറുക, മൃദുത്വം നഷ്ടപ്പെടുക, എരിവുള്ള ആഹാരം കഴിക്കാന്‍ സാധിക്കാതെ വരിക, വായ് തുറക്കാനും നാക്ക് നീട്ടാനും ബുദ്ധിമുട്ട് അനുഭവപ്പെടുക (സബ് മ്യൂക്കസ് ഫൈബ്രോയ്ഡ്) എന്നിവയും വര്‍ഷങ്ങള്‍ക്കുശേഷം അര്‍ബുദമായി മാറാം. ഗര്‍ഭാശയഗളത്തില്‍ നിന്നും പൊഴിഞ്ഞുവീഴുന്ന കോശങ്ങള്‍ ശേഖരിച്ച് നിറങ്ങള്‍ നല്കി സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിച്ച് 10-15 വര്‍ഷങ്ങള്‍ക്കുശേഷം വരാവുന്ന ക്യാന്‍സര്‍വരെ മുന്‍കൂട്ടി കണ്ടുപിടിക്കാം. ഈ ടെസ്റ്റാണ് പാവ്സ്മിയര് ടെസ്റ്റ്. 35 വയസ് കഴിഞ്ഞ എല്ലാ വനിതകളും ഈ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.സ്തനാര്‍ബുദം സ്വയം പരിശോധനയിലൂടെ കണ്ടെത്താം. മാമോഗ്രാഫി സ്തന ക്യാന്‍സര്‍ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു സ്ക്രീനിങ് ടെസ്റ്റാണ്.തുടര്‍ച്ചയായ നെഞ്ചെരിച്ചില്‍, ഭക്ഷണശേഷം അസ്വസ്ഥത തോന്നുക, ഓക്കാനം, രുചിയില്ലായ്മ, ഉദരത്തില്‍ നേരിയ വേദന, വിശപ്പ് കുറവ്, തൂക്കം കുറയുക എന്നിവ ആമാശയ ക്യാന്‍സറിന്റെ ലക്ഷണമാകാം.
വൃഷ്ണത്തിന്റെ മുന്‍ഭാഗത്ത് കാണുന്ന വേദനയില്ലാത്ത ചെറിയ മുഴ വൃഷ്ണ ക്യാന്‍സറിന്റെ (Testicular Cancer) ലക്ഷണമാകാം. വൃഷ്ണത്തിന് ഭാരം അനുഭവപ്പെടുകയും ചെയ്യും. തളര്‍ച്ച, രുചിയില്ലായ്മ, തൂക്കം കുറയല്‍, ഉദരത്തില്‍ വലതുവശത്ത് മീതെ അസ്വാസ്ഥ്യം എന്നിവ കരള്‍ ക്യാന്‍സറിന്റെ ആരംഭലക്ഷണമാകാം. വേദന തോളിലേക്കും പുറത്തേക്കും വ്യാപിക്കാം.
രാത്രികാലങ്ങളില്‍ രണ്ടിലധികം പ്രാവശ്യം മൂത്രശങ്ക തോന്നുക, മൂത്ര വിസര്‍ജനത്തിന് ആരംഭതടസം, മൂത്രസഞ്ചി പൂര്‍ണമായി കാലിയാകാതിരിക്കുക തുടങ്ങിയവ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ ക്യാന്‍സറിന്റെ ലക്ഷണമാകാം.
ക്യാന്‍സറിനെ കീഴ്പ്പെടുത്താം
ക്യാന്‍സറിനെ നേരിടാന്‍ മൂന്നു വഴികളാണുള്ളത്. ഒന്ന്,ക്യാന്‍സര്‍ വരാതെ നോക്കുക എന്നതാണ്. ഇതില്‍ രണ്ടു കാര്യങ്ങളുണ്ട് - ഒന്ന് ക്യാന്‍സര്‍ വരാനുള്ള കാരണങ്ങള്‍ ഇല്ലാതാക്കല്‍. മറ്റൊന്ന് പ്രാരംഭ ഘട്ടത്തില്‍ കണ്ടെത്തി ചികിത്സിക്കല്‍. പ്ലാസ്റ്റിക് കത്തിക്കല്‍ , പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയ കാര്യങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നത് കാരണങ്ങള്‍ ഇല്ലാതാക്കലാണ്. പാപ് ടെസ്റ്റ് നടത്തി പാപ്പിലോമ വൈറസ് ഉണ്ടാക്കുന്ന ഗര്‍ഭാശയഗള ക്യാന്‍സര്‍ നേരത്തേ കണ്ടുപിടിക്കാം. മുപ്പത് വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ 5 വര്‍ഷം കൂടുമ്പോള്‍ നിര്‍ബന്ധമായും ഈ ടെസ്റ്റ് നടത്തിയാല്‍ ഗര്‍ഭാശയഗള കാന്‍സര്‍ വരാതെ നോക്കാം. സ്തനത്തിലെ മുഴകള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. സ്ത്രീകളെ ബാധിക്കുന്ന പ്രധാന ക്യാന്‍സറായ സ്തനാര്‍ബുദം പൂര്‍ണമായി സുഖപ്പെടാന്‍ ഇത് സഹായിക്കും.
അമ്മ, അമ്മൂമ്മ ,പെങ്ങള്, അച്ഛന്റെയോ അമ്മയുടെയോ സഹോദരി എന്നിവര്‍ക്ക് മുമ്പ് സ്തന - അണ്ഡാശയ ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ ഈ .ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവര്‍ എല്ലാ വര്‍ഷവും മാമോഗ്രാഫി ടെസ്റ്റിനു വിധേയമാകണം.എക്സ്റേ, അള്‍ട്രാസൗണ്ട് സ്കാന്‍, എം.ആര്.ഐ. സ്കാന്‍, സി.ടി. സ്റ്റാന്‍, പെറ്റ് സ്കാന്‍ തുടങ്ങിയവയിലൂടെ പല കാന്‍സറുകളും കണ്ടെത്താം. അന്നനാളം, ആമാശയം, കുടല്, മൂത്രാശയം തുടങ്ങിയ ഭാഗങ്ങളില്‍ എന്ഡോസ്കോപ് എന്ന കുഴലിട്ടുനോക്കി രോഗം കണ്ടുപിടിക്കാം. ഏതു തരം ക്യാന്‍സറായാലും രോഗം സ്ഥിരീകരിക്കാന്‍ കോശ പരിശോധന തന്നെ വേണം.
മുഴകളില്‍ സൂചികയറ്റി കോശങ്ങള്‍ പരിശോധിക്കുന്നതിനെ ഫൈന്‍ നീഡില്‍ ആസ്പിരേഷന്‍ സൈറ്റോളജി (F N A C )എന്നാണ് പറയുന്നത്. ശരീര ഭാഗം സൂചി കൊണ്ടോ എന്‍ഡോസ്കോപ്പിയിലൂടെയോ മുറിച്ചെടുത്ത് പരിശോധിക്കുന്നതിനെയാണ് ബയോപ്സി എന്നു പറയുന്നത്. ഏത് തരം ക്യാന്‍സറാണെന്നും ബയോപ് സിയിലൂടെ അറിയാം.ഈ ഭാഗം മൈക്രോസ്കോപ്പിലൂടെ നോക്കി ക്യാന്‍സര്‍ ആണോ അല്ലയോ എന്ന് കണ്ടുപിടിക്കാം. രക്ത / മജ്ജ കോശങ്ങളെ പരിശോധിച്ചാണ് രക്താര്‍ബുദം കണ്ടെത്തുന്നത്.
ക്യാന്‍സറിനെതിരേ വാക്സിന്
വൈറസുകളും മറ്റു ജീവികളും ഉണ്ടാക്കുന്ന ക്യാന്‍സറിനെതിരെ ഫലപ്രദമായ വാക്സിനുകള്‍ ഇന്നു ലഭ്യമാണ്. ക്യാന്‍സറിനെതിരെ വാക്സിന് ഫലപ്രദമായി ഉപയോഗിക്കുന്നതിനാല്‍ അമേരിക്കയില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണം പകുതിയായി കുറഞ്ഞു എന്ന് അവിടത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.