ആരോഗ്യമെന്നാൽ രോഗമില്ലാത്ത അവസ്ഥ മാത്രമല്ല; മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിരതയാണ്. ആരോഗ്യപരിപാലനത്തിൽ മുഖ്യ പങ്കുവഹിക്കുന്നത് ആഹാരം തന്നെ. പരമ്പരാഗത ആഹാരരീതിയിൽ നിന്നും ജീവിതക്രമത്തിൽ നിന്നുമുള്ള മാറ്റം കേരളീയ സമൂഹത്തിൽ വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി എന്ന് ഇന്ന് നാം തിരിച്ചറിയുന്നുണ്ട്.
ജീവിതശൈലീ രോഗങ്ങളായ ടൈപ്പ് -2 പ്രമേഹം, ക്യാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, രക്താതിസമ്മർദം, പക്ഷാഘാതം, അസ്ഥികളുടെ ബലം കുറയുന്ന ഓസ്റ്റിയോപോറോസിസ്, പൊണ്ണത്തടി തുടങ്ങിയ രോഗങ്ങൾ ഭീതിതമാംവണ്ണം പെരുകുന്നതായാണ് പഠന ഗവേഷണ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ പോഷണ ന്യൂനത, അമിത പോഷണം തുടങ്ങിയ പ്രശ്നങ്ങളും മലയാളികൾക്കിടയിൽ വ്യാപകമായി കണ്ടുവരുന്നു.
മുൻ കാലങ്ങളിൽ ദാരിദ്ര്യം മൂലമുള്ള പോഷകാഭാവ രോഗങ്ങളായിരുന്നു കൂടുതൽ കണ്ടിരുന്നതെങ്കിൽ ഇന്ന് അമിതാഹാരം മൂലമുള്ള പൊണ്ണത്തടി, തെറ്റായ ആഹാരക്രമം മൂലമുള്ള പോഷകാഭാവം എന്നിവയാണ് നമ്മെ അലട്ടുന്നത്. പോഷകങ്ങളുടെ അപര്യാപ്തത രോഗപ്രതിരോധ ശേഷിയെ കുറയ്ക്കുന്നു. അതുമൂലം പല രോഗങ്ങൾക്കും ശരീരത്തെ എളുപ്പം കീഴ്പ്പെടുത്താനാവുന്നു.ലോകത്തിലിന്നുണ്ടാകുന്ന മൂന്നിലൊന്ന് ശിശുമരണങ്ങൾക്കും കാരണമാകുന്നത് പോഷകമുള്ള ഭക്ഷണം ലഭിക്കാത്തതു മൂലമാണ്.
പ്രകൃതിയിലെ പാചകക്കാർ
സസ്യങ്ങളാണ് പ്രകൃതിയിലെ പാചകക്കാർ. സസ്യങ്ങൾക്ക് സൗരോർജവും ജലവും കാർബൺ ഡയോക്സൈഡുമൊക്കെ ഉപയോഗിച്ച് അവയ്ക്കാവശ്യമായ ആഹാരം സ്വയം നിർമിക്കാനുള്ള കഴിവുണ്ട്. ബാക്കിയുള്ളവ കായിലും കിഴങ്ങിലും പഴത്തിലും വിത്തിലുമൊക്കെ ശേഖരിച്ചു വയ്ക്കുകയും ചെയ്യുന്നു.
കോടാനുകോടി തന്മാത്രകളുടെ രൂപത്തിലാണ് സസ്യങ്ങൾ ആഹാരം കരുതിവയ്ക്കുന്നത്. കാർബൺ ആറ്റങ്ങളാണ് ഇതിലെ മുഖ്യഘടകം. തന്മാത്രകൾ ചേർന്ന് സംയുക്തങ്ങളുണ്ടാകുന്നു. ഇത്തരം സംയുക്തങ്ങൾ ചേർന്നാണ് ഭക്ഷണപദാർഥങ്ങൾ നിർമിക്കപ്പെടുന്നത്. ഈ സംയുക്തങ്ങളെ ധാന്യകം, മാംസ്യം, കൊഴുപ്പുകൾ എന്നിങ്ങനെ മൂന്നു ഗ്രൂപ്പുകളായി തിരിക്കാം. ഇവയെയാണ് പോഷക ഘടകങ്ങൾ എന്നു പറയുന്നത്. ഇവയെ കൂടാതെ മറ്റു ചെറിയ പോഷക ഘടകങ്ങൾ കൂടിയുണ്ട്. വിറ്റാമിനുകൾ, ധാതുലവണങ്ങൾ തുടങ്ങിയവ. ശരീരത്തിന് ചെറിയ അളവിലേ ഇവ ആവശ്യമുള്ളു. ഭക്ഷണത്തിൽ ശരിയായ അളവിൽ പോഷക ഘടകങ്ങൾ ഇല്ലാതെ വന്നാൽ അത് രോഗങ്ങൾക്ക് കാരണമാകും.
കുട്ടിക്കാലത്ത് അവർക്ക് ലഭിക്കുന്ന പോഷണ നിലവാരവും ആഹാരശീലങ്ങളുമാണ് ആജീവനാന്തം അവരുടെ ആരോഗ്യത്തെ ക്രമപ്പെടുത്തുകയും ഒരളവുവരെ അടുത്ത തലമുറയുടെ ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നത്. ഓരോ പോഷക ഘടകത്തിനും ശരീരത്തിൽ വ്യത്യസ്ത ചുമതലകളാണുള്ളത്. അതുകൊണ്ട് ഓരോ പോഷക ഘടകവും ശരിയായ അളവിലും അനുപാതത്തിലും ഭക്ഷണത്തിൽ ഉൾക്കൊണ്ടിരിക്കണം. ഒരു പോഷക ഘടകത്തിനും മറ്റൊന്നിന്റെ ധർമങ്ങൾ നിർവഹിക്കാൻ സാധ്യമല്ല.
പ്രായവും ശാരീരികാവസ്ഥയും അധ്വാനത്തിന്റെ സ്വഭാവവും അനുസരിച്ച് ഓരോരുത്തർക്കും ആവശ്യമായ ഊർജത്തിന്റെ അളവും പോഷക ഘടകങ്ങളും വ്യത്യസ്തമായിരിക്കും. ഇങ്ങനെ ഓരോ മനുഷ്യന്റെയും ആരോഗ്യ സംരക്ഷണത്തിനാവശ്യമായ എല്ലാ ഘടകങ്ങളും ശരിയായ അളവിലും അനുപാതത്തിലും അടങ്ങിയിരിക്കുന്ന ആഹാരത്തെയാണ് സമീകൃതാഹാരം എന്നു പറയുന്നത്.
ഊർജം വരുന്ന വഴി
ശരീരവളർച്ചയ്ക്കും അതിന്റെ പ്രവർത്തനങ്ങൾ ശരിയാംവണ്ണം നടക്കാനും ഊർജം അത്യാവശ്യമാണ്. ശ്വാസം, ഉറക്കം എന്നിവയിൽ നിന്നൊക്കെ ഊർജം ലഭിക്കുന്നുണ്ടെങ്കിലും കഴിക്കുന്ന ഭക്ഷണം തന്നെയാണ് നമ്മുടെ പ്രധാന ഊർജ സ്രോതസ്. നമ്മുടെ ജീവൻ നിലനിൽക്കുന്നത് ഹൃദയം, ശ്വാസകോശം, തലച്ചോർ, രക്തചംക്രമണ വ്യവസ്ഥ തുടങ്ങിയവയുടെ
മുടങ്ങാതെയുള്ള പ്രവർത്തന ഫലമായാണ്. ഇതിന് ഊർജം ആവശ്യമാണ്. വ്യായാമം ചെയ്യുമ്പോഴാണ് നമുക്ക് ഏറ്റവും കൂടുതൽ ഊർജം ആവശ്യമുള്ളത്.
ഏറ്റവും കുറവ് ഊർജം ഉപയോഗിക്കുന്നത് ഉറങ്ങുമ്പോഴും. ജോലിയൊന്നും ചെയ്യാതിരിക്കുമ്പോഴും ശരീരത്തിൽ ചില രാസപ്രകിയകൾ നടക്കുന്നുണ്ട്. ഊർജത്തിന്റെ 50 മുതൽ 70 ശതമാനം വരെ ഇതിനു വേണ്ടി ഉപയോഗിക്കപ്പെടുന്നു. നമ്മുടെ ആഹാരത്തിൽ അടങ്ങിയിട്ടുള്ള അന്നജം, മാംസ്യം, കൊഴുപ്പ് എന്നിവയാണ് പ്രധാന ഊർജ സ്രോതസുകൾ.
അന്നജം
പ്രകാശ സംശ്ലേഷണം വഴി സസ്യങ്ങൾ ഭക്ഷണം ഉല്പാദിപ്പിക്കുമ്പോൾ, ആവശ്യത്തിലധികം ഗ്ലൂക്കോസ് സംശ്ലേഷിക്കപ്പെടുന്നുണ്ട്. ഇത് ഭാവിയിലെ ആവശ്യത്തിനായി ശേഖരിച്ച് വയ്ക്കുന്നു. ഇതിനായി സസ്യങ്ങൾ കണ്ടുപിടിച്ച വിദ്യയാണ് ഗ്ലൂക്കോസിനെ അന്നജമാക്കി മാറ്റുന്ന പ്രക്രിയ. ആവശ്യം വരുമ്പോൾ അന്നജത്തെ വിഘടിപ്പിച്ച് വീണ്ടും ഗ്ലൂക്കോസ് ആക്കി മാറ്റുന്നു.
ജന്തുക്കളാകട്ടെ ഭക്ഷണത്തിലൂടെ അധികമായി ലഭിക്കുന്ന ഗ്ലൂക്കോസിനെ കൊഴുപ്പാക്കി മാറ്റിയാണ് ശരീരത്തിൽ സംഭരിക്കുന്നത് ധാന്യങ്ങൾ, പഞ്ചസാര, സെല്ലുലോസ് എന്നിവയിൽ ധാരാളം അന്നജം അടങ്ങിയിരിക്കുന്നു.
കഠിനമായ ശാരീരിക ജോലികളിൽ ഏർപ്പെടുന്നവർക്ക് 3,500 കലോറി വരെ ഊർജം ആവശ്യമുണ്ട്.
ഓഫീസിൽ ഇരുന്ന് ജോലി ചെയ്യുന്നവർക്ക് 2,320 കലോറി ഊർജം മതിയാകും , 7-9 ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 1690 കലോറി ഊർജം വേണം.
ഒരു കപ്പ് ചോറിൽ നിന്ന് 170 കലോറി ഊർജം ലഭിക്കും.
ഒരു ചപ്പാത്തിയിൽ നിന്ന് 80 കലോറി.
ഒരു പൂരി 150 കലോറി.
ജീവിത ശൈലീ രോഗങ്ങൾ
കുറച്ചു മാത്രം ആഹാരവും വളരെ കൂടുതൽ കഠിനാധ്വാനവുമായി ജീവിച്ചിരുന്നവരായിരുന്നു പഴയ തലമുറക്കാർ. എന്നാൽ ഇന്ന് സുഭിക്ഷമായി തോന്നുന്നതെന്തും തിന്നാനുള്ള സാഹചര്യവും മേലനങ്ങാതെയുള്ള ജീവിതവുമാണ് പലർക്കും. അങ്ങനെയുള്ളവർക്കു രോഗ സാധ്യത കൂടും. അതിനെയാണ് ജീവിതശൈലീ രോഗങ്ങൾ എന്നു പറയുന്നത്.
പോഷക അഭാവ രോഗങ്ങൾ
പോഷക ഘടകം - രോഗം - ലക്ഷണങ്ങൾ
1 മാംസ്യം - ക്വാഷിയോർക്കർ - കുട്ടികളിൽ വളർച്ച മുരടിപ്പ്, വിശപ്പില്ലായ്മ, വിളർച്ച, ഉന്തിയ കണ്ണും വയറും, ത്വക്ക് ഇരുണ്ട താകുന്നു, ആവർത്തിച്ചുള്ള വയറിളക്കം, നീർവീക്കം.
2 മാംസ്യവും, കലോറി ഭക്ഷണങ്ങളും - മരാസ്മസ് - വളർച്ച മുരടിപ്പ്, ത്വക്ക് വരണ്ടതും ചുളിവുള്ളതും, വാരിയെല്ലുകൾ മുഴച്ചുനിൽക്കുന്നു. കൈകാലുകൾക്ക് മെലിച്ചിൽ, ആവർത്തിച്ചുള്ള വയറിളക്കം.
3 ഇരുമ്പ് - വിളർച്ച (അനീമിയ ) - ചുവന്ന രക്താണുക്കളുടെ എണ്ണത്തിലും വലിപ്പത്തിലും കുറവ്, ഹീമോഗ്ലോബിന്റെ അളവ് കുറവ്, പഠന ശേഷിക്കുറവ്.
4 അയഡിൻ - ഗോയിറ്റർ- തൈറോയ്ഡ് ഗ്രന്ഥിവീർക്കുന്നു , ചെറുപ്പത്തിൽ ക്രട്ടിനിസം എന്ന രോഗം ബാധിച്ച് ശാരീരികവും മാനസികവും ലൈംഗികവുമായ വളർച്ച മുരടിക്കുന്നു.
5 ഫ്ലൂറൈഡ് - പല്ലുകൾക്ക് ജീർണതയും തേയ്മാനവും - വായിലുള്ള അവായു ബാക്റ്റീരിയയുടെ പ്രവർത്തനം മൂലമുണ്ടാകുന്ന ആസിഡുകൾ പല്ലിനെ ദ്രവിപ്പിച്ച് ദ്വാരങ്ങളുണ്ടാക്കുന്നു.
6 വിറ്റമിൻ C- സ്കർവി - പേശീവേദന, പല്ലിളകിപ്പൊഴിഞ്ഞു പോകൽ, മോണയിൽ നിന്ന് രക്തസ്രാവം.
7 വിറ്റമിൻA ( റെറ്റിനോൾ )- സീറോഫ്താൽമിയ - കണ്ണുനീർ ഗ്രന്ഥികളുടെ പ്രവർത്തനമില്ലായ്മ, കൺജംഗ്റ്റൈവയിലും കോർണിയയിലും കെരാറ്റിൻ അടിഞ്ഞ് ഇവ വരണ്ടു പോകുന്നു. - നിശാന്ധത, മങ്ങിയ വെളിച്ചത്തിൽ കാഴ്ചക്കുറവ്.
8 വിറ്റമിൻ D ( കാൽസിഫെറോൾ )- കുട്ടികളിൽ റിക്കറ്റ്സ്, മുതിർന്നവരിൽ ഓസ്റ്റിയോ മലേഷ്യ - ബലക്കുറവുള്ള മൃദുവായ അസ്ഥികൾ, വികലമായ ആകൃതിയോടു കൂടിയ അസ്ഥികൂടം, പേശികൾക്ക് വളർച്ചക്കുറവ്.
9 വിറ്റമിൻ B12 - അനീമിയ - ചുവന്ന രക്താണുക്കൾക്ക് വലിപ്പക്കൂടുതലും എണ്ണം കുറവും.
10 വിറ്റമിൻ K - മുറിവുകളിൽ നിന്നും രക്തസ്രാവം നിലയ്ക്കാതിരിക്കുക - രക്തത്തിൽ പ്രോത്രോംബിൻ കുറവ്, രക്തം കട്ടപിടിക്കാനാവശ്യമായ ഫാക്റ്റർ v11,1 x , x എന്നിവയുടെ കുറവ്.
11 വിറ്റമിൻ B -ബറിബറി, പേശികൾ ക്ഷയിക്കുക, ഹൃദയത്തിന്റെ വലിപ്പം കൂടുക, ദഹനക്കുറവ്, നാഡീതകരാറുകൾ, പോളി ന്യൂ റൈറ്റിസ്.
12 ഫോളിക് ആസിഡ് - മാക്രോ സൈറ്റിക് അനീമിയ - വളർച്ച മുരടിപ്പ്, ആന്റി ബോഡി നിർമാണത്തിൽ തടസം.
13 വിറ്റമിൻ B5(നിയാസിൻ ) - പെലഗ്ര - ഡർമറ്റൈറ്റിസ്, ഓർമക്കുറവ്, വയറിളക്കം.
14 വിറ്റമിൻ B6- പലരോഗങ്ങൾ - വിറയൽ, സെർമറ്റൈറ്റിസ്, ആന്റിബോഡി നിർമാണത്തിൽ തടസം, ഉയർന്ന രക്തസമ്മർദം.
15 വിറ്റമിൻ B 2 - കൈലയ്റ്റിസ്- വായുടെ കോണുകൾ വീണ്ടുകീറുന്നു.
16 വിറ്റമിൻ E (ടൈക്കോ ഫെറോൾ) - വന്ധ്യത - പുരുഷന്മാരിൽ വൃഷണങ്ങളിലെ സെമിനി ഫെറസ് കുഴലുകൾ ചെറുതാകുന്നു