#പി.ബി. ബിച്ചു
തിരുവനന്തപുരം: കേരളം വീണ്ടും കടുത്ത മഴപ്പേടിയിലേക്ക് നീങ്ങുമ്പോൾ '99ലെ വെള്ളപ്പൊക്കം എന്നറിയപ്പെടുന്ന മഹാപ്രളയം 100ാം വയസിലേക്ക്. 1924 ജൂലൈ 17നായിരുന്നു കേരളത്തെ തകർത്തെറിഞ്ഞ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. കൊല്ലവർഷം 1099 കർക്കിടക മാസത്തിലെ ഈ മഴയിൽ എത്ര പേർ മരിച്ചെന്നോ, എത്ര നാശമുണ്ടായെന്നതിനോ കൃത്യമായ കണക്കുകൾ പോലും ലഭ്യമല്ല. മറ്റൊരു കർക്കിടകത്തെ ഇന്നു വരവേൽക്കാനൊരുങ്ങുന്നതും മഴയുടെ ഭീതിയൊഴിയാതെ തന്നെ.
1924 ജൂലൈ രണ്ടാം വാരം മലബാറിൽ തുടങ്ങിയ മഴ അവസാനിച്ചത് ഏകദേശം മൂന്നാഴ്ചയോളം കഴിഞ്ഞ് കേരളത്തെ മുഴുവൻ വെള്ളത്തിലാക്കിയ ശേഷമാണ്. കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച കാലവർഷത്തിന്‍റെയും (3,451 മില്ലീ മീറ്റർ) ജൂലൈ മാസത്തിന്‍റെയും (1,527 മില്ലീ മീറ്റർ) സർവകാല റെക്കോർഡും 1924ന് സ്വന്തം.
ദിവസങ്ങളോളം നിലയ്ക്കാതെ പെയ്ത പെരുമഴ കേരളത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം പൂർണമായി മുക്കിക്കളഞ്ഞു. ആ മഴക്കെടുതിയേക്കാളും ഏവരേയും ഞെട്ടിച്ചത് സമുദ്രനിരപ്പിൽ നിന്ന് 5,000 മുതൽ 6,500 വരെ അടി ഉയരത്തിലുള്ള മൂന്നാറിലെ തേയിലത്തോട്ടങ്ങളിലും വെള്ളപ്പൊക്കം ബാധിച്ചു എന്നതാണ്.
അന്ന് മൂന്നാറിലുണ്ടായിരുന്ന വൈദ്യുതിയും റോപ്പ് വേയും മോണോ റെയിൽ തീവണ്ടിയും റെയ്‌ൽ പാതയുമടക്കം പേമാരിയിൽ ഒലിച്ചുപോയി. അതിനു ശേഷം കേരളത്തെ പിടിച്ചുലച്ച പല വെള്ളപ്പൊക്കങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും തെങ്ങിന്‍തലപ്പിനോളം വെള്ളമെത്തിയ ആ മഹാപ്രളയം തന്നെയാണ് ആധുനിക കാലത്തെ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്നു പറയപ്പെടുന്നത്.
വർഷങ്ങൾക്കിപ്പുറം 2018ലെ കാലവർഷവും മഹാ പ്രളയമായി മാറിയെങ്കിലും മഴക്കണക്കിൽ ആ കാലഘട്ടത്തിന് 13ാം സ്ഥാനം മാത്രമാണ്. 2,516 മില്ലീ മീറ്റർ മഴയാണ് അന്ന് ലഭിച്ചത്. അതേസമയം, പ്രളയഭീതിയൊന്നും നിലവിലില്ലെങ്കിലും സംസ്ഥാനത്ത് ഇത്തവണ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴയാണ് കാലാവസ്ഥാ വിദഗ്ധരും പ്രധാന ഏജൻസികളും പ്രവചിച്ചിരിക്കുന്നത്.