പ്രതിവർഷം 25 ലക്ഷം സന്ദർശകർ; സൗകര്യങ്ങളില്ലാതെ അതിരപ്പിള്ളി

വകുപ്പുകളെ ഏകോപിപ്പിച്ച് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം
Athirappilly waterfalls
അതിരപ്പിള്ളി വെള്ളച്ചാട്ടംKerala Tourism
Updated on

പ്രതിവര്‍ഷം 25 ലക്ഷത്തോളം വിനോദ സഞ്ചാരികളെത്തുന്ന അതിരപ്പിള്ളിയും മലക്കപ്പാറയും വാഴച്ചാലും ഉള്‍പ്പെടുന്ന ചാലക്കുടിയില്‍ ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്വാഭാവികമായ സൗന്ദര്യമാണ് ഇവിടത്തെ പ്രത്യേകത.

അതിരപ്പിള്ളിയില്‍ നിന്ന് 55 കിലോമീറ്റർ ചുറ്റളവില്‍ അതിരപ്പിള്ളി, വാഴച്ചാല്‍, വാളറ, ചാര്‍പ്പ വെള്ളച്ചാട്ടങ്ങൾ, തുമ്പൂര്‍മുഴി ഡാം, വിരിപ്പാറ, ഷോളയാര്‍ ഡാം, പെരിങ്ങല്‍കുത്ത് ഡാം, മലക്കപ്പാറ തുടങ്ങി നിരവധി ടൂറിസം പോയിന്‍റുകളാണുള്ളത്. മലക്കപ്പാറയില്‍ 98.49 ലക്ഷം രൂപ ചെലവില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ നിർമാണം ആരംഭിച്ചുവെങ്കിലും ഭൂമിയെ സംബന്ധിച്ചുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പ്രവൃത്തി തടസപ്പെട്ടിരിക്കുകയാണ്.

ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പരിമിതമായ താമസ സൗകര്യങ്ങളേയുള്ളൂ. അതിരപ്പിള്ളിയില്‍ 10 കോടി രൂപ ചെലവില്‍ നിർമിക്കുന്ന 25 മുറികളുള്ള യാത്രി നിവാസിന്‍റെ പണി മന്ദഗതിയിലാണ്.

അതിരപ്പിള്ളിയില്‍ പാര്‍ക്കിങ്ങിനായുള്ള 5 കോടി രൂപയുടെ പദ്ധതി പ്രാവര്‍ത്തികമായിട്ടില്ല. വലിയ വാഹനങ്ങളിൽ ഉള്‍പ്പെടെ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പാര്‍ക്കിങ്ങിനു സ്ഥലമില്ലാത്തത് ഗതാഗതകുരുക്കിനും കാരണമാകുന്നു. അതിരപ്പിള്ളി വില്ലേജില്‍ ജില്ലാ കലക്റ്റര്‍ ചെയര്‍മാനായ എക്സ് -സര്‍വ്വീസ് മെന്‍സ് കോളനി സൊസൈറ്റിയുടെ കൈവശം 235 ഏക്കര്‍ ഭൂമിക്ക് ലഭ്യമാണ്. ഈ ഭൂമി വിനോദസഞ്ചാര വികസനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പ്രയോജനപ്പെടുത്താനാകും.

ചാലക്കുടി പുഴയുടെ തീരത്തായി 705 ഹെക്റ്ററില്‍ സ്ഥിതി ചെയ്യുന്ന പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍റെ കാലടി ഓയില്‍ പാം എസ്റ്റേറ്റ് കാടു പിടിച്ച് കിടക്കുകയാണ്. എസ്റ്റേറ്റ് നിലവില്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികള്‍ക്ക് കൂലി പോലും നല്‍കാന്‍ കഴിയുന്നില്ല. ചാലക്കുടിപ്പുഴയുടെ തീരത്ത് ചെയ്യുന്ന എസ്റ്റേറ്റില്‍ സൈക്കിള്‍ ട്രാക്ക്, ട്രക്കിങ് പാത്ത്‍വേ തുടങ്ങിയ ടൂറിസം ആക്റ്റിവിറ്റികള്‍ ഉള്‍പ്പെടുത്തി അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ‍കഴിഞ്ഞാല്‍ വരുമാനം ലഭിക്കും. സ്ഥലത്തിന്‍റെ ശരിയായ വിനിയോഗം ഉറപ്പാക്കാനും കഴിയും.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത രീതിയില്‍ ഇവിടെയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് വിനോദസഞ്ചാര‍ വകുപ്പിന് കീഴിലുള്ള തെന്‍മല ഇക്കോ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചില പദ്ധതികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വനം വകുപ്പുമായി സഹകരിച്ചു പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയിൽ അടിസ്ഥാനസൗകര്യ വികസനമൊരുക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ മുഖ്യമന്ത്രി പങ്കെടുത്ത വികസനയോഗത്തിൽ ആവശ്യപ്പെട്ടു. വകുപ്പുകളെ ഏകോപിപ്പിച്ച് അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.