റീന വർഗീസ് കണ്ണിമല
പകൽ കത്തിജ്വലിക്കുന്ന സൂര്യൻ. രാത്രി കടുത്ത തണുപ്പും. കാലാവസ്ഥാ വ്യതിയാനം കുറച്ചൊന്നുമല്ല കേരളത്തെ പിടിച്ചുലയ്ക്കുന്നത്. ഈ വേനൽച്ചൂടിൽ സൂര്യാഘാതവും നിർജലീകരണവുമടക്കം നിരവധി രോഗാവസ്ഥകളുണ്ട് കൊടി പിടിച്ചെത്താൻ. ഇവയെ ഒക്കെ തുരത്താൻ, ആരോഗ്യം നന്നായി കാക്കാൻ, നമുക്കു ചില എനർജി ഡ്രിങ്ക്സ് പരിചയപ്പെടാം.
നാലു നെല്ലിക്ക, ഒരു കഷണം ഇഞ്ചി, ഒരു തണ്ട് കറിവേപ്പില, അഞ്ചാറ് ചെറിയ ഉള്ളി, ആറ് കാന്താരി മുളക് എന്നിവ മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ആകെ രണ്ടു ഗ്ലാസ് വെള്ളത്തിൽ വേണം അടിക്കാൻ. ഇങ്ങനെ അടിച്ചെടുത്തതിലേക്ക് രണ്ടു ഗ്ലാസ് മോര് പാട മാറ്റി ഉടച്ചെടുത്ത് ഒന്നു കൂടി മിക്സ് ചെയ്ത് പാകത്തിന് ഉപ്പും ചേർത്ത് ഉപയോഗിക്കുക.
വൈറ്റമിൻ സി, അയൺ, കാൽസ്യം തുടങ്ങിയവയാൽ സമ്പന്നവും പ്രോബയോട്ടിക്കുമായ ഈ സംഭാരം വേനൽക്കാല ആരോഗ്യ സംരക്ഷണത്തിന് അത്യുത്തമം.
രണ്ടു ക്യാരറ്റ്, ഒരു ആപ്പിൾ, ഒരു ചെറിയ ബീറ്റ് റൂട്ട്, ഒരു കഷണം ഇഞ്ചി എന്നിവ നന്നായി മിക്സിയിൽ അരച്ചെടുത്ത് അതിൽ അര മുറി നാരങ്ങാ നീര് ചേർത്ത് ഉപയോഗിക്കുക.
നാലു നെല്ലിക്ക, ഒരു ചെറിയ കഷണം കുമ്പളങ്ങ, ഒരു ചെറിയ ക്യാരറ്റ്, ചെറിയ കഷണം ഇഞ്ചി, മൂന്നോ നാലോ കാന്താരി മുളക് എന്നിവ ചേർത്ത് നന്നായി അരച്ച് നാലു ഗ്ലാസാക്കി എടുക്കുക.
മേൽപറഞ്ഞ ജ്യൂസുകളെല്ലാം അരിക്കാതെ വേണം ഉപയോഗിക്കാൻ. ഇവയെല്ലാം ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും അത്യുത്തമമാണ്.