യാത്രക്കാരിൽ നിന്ന് പീഡനം നേരിടുന്നുണ്ടെന്ന് എയർലൈൻ ജീവനക്കാർ

വിമാനം വൈകുകയോ സര്‍വീസ് തടസപ്പെടുകയോ ചെയ്യുന്ന അവസരങ്ങളില്‍ യാത്രക്കാരില്‍ നിന്ന് ഭീഷണിയോ ആക്രോശമോ ശാരീരിക ആക്രമണമോ സംഭവിക്കാറുണ്ട്
Airline staff complains of misbehavior from passengers
യാത്രക്കാരിൽ നിന്ന് പീഡനം നേരിടുന്നുണ്ടെന്ന് എയർലൈൻ ജീവനക്കാർFreepik
Updated on

തിരുവനന്തപുരം: വിമാനയാത്ര തടസപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും ഉണ്ടാകാറുണ്ടെന്ന് ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍. സാങ്കേതിക, പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിമാനം വൈകുകയോ സര്‍വീസ് തടസപ്പെടുകയോ ചെയ്യുന്ന അവസരങ്ങളില്‍ യാത്രക്കാരില്‍ നിന്ന് ഭീഷണിയോ ആക്രോശമോ ശാരീരിക ആക്രമണമോ സംഭവിക്കാറുണ്ടെന്നാണ് 72% ജീവനക്കാരും പറയുന്നത്. യാത്രക്കാരെ രോഷത്തിലോ നിരാശയിലോ കാണുന്നുവെന്ന് 73% പേര്‍ അഭിപ്രായപ്പെടുന്നു.

ട്രാവല്‍ ടെക്നോളജി മേഖലയിലെ പ്രമുഖരായ ഐബിഎസ് സോഫ്റ്റ്‌വെയറും ഏവിയേഷന്‍ ബിസിനസ് ന്യൂസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യോമയാന മേഖലയിലെ 55% ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പകല്‍ സമയത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്ന് 47% പേര്‍ പ്രതികരിച്ചു.

എന്നാല്‍, വിമാനങ്ങള്‍ വൈകുന്നതും സര്‍വീസ് തടസപ്പെടുന്നതുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ മിക്ക എയര്‍ലൈനുകള്‍ക്കും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതായി 65% ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. എളുപ്പത്തില്‍ തടസങ്ങള്‍ കൈകാര്യം ചെയ്യുന്നതു കണക്കാക്കിയാണ് ഉപയോക്താക്കള്‍ എയര്‍ലൈന്‍ കമ്പനികളെ തെരഞ്ഞെടുക്കുന്നതെന്നാണ് 62% ജീവനക്കാരുടെ അഭിപ്രായം.

കൃത്യമായ വിവര ശേഖരണം, പ്രവര്‍ത്തനങ്ങളില്‍ തടസം സൃഷ്ടിക്കുന്ന ആഘാതം, ഉപയോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയാണ് തടസം സംഭവിക്കുമ്പോള്‍ എയര്‍ലൈനുകള്‍ നേരിടുന്ന പ്രധാന മൂന്ന് വെല്ലുവിളികളായി ജീവനക്കാര്‍ തിരിച്ചറിയുന്നത്.

തടസങ്ങള്‍ ഫലപ്രദമായി നേരിടാന്‍ വളരെ കുറച്ച് മാര്‍ഗങ്ങളാണ് വിമാനക്കമ്പനികളുടെ കൈവശമുള്ളതെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും 82% ജീവനക്കാര്‍ പറയുന്നു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനെജ്മെന്‍റ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മൊബൈല്‍ ആപ്പുകള്‍, സെല്‍ഫ് സര്‍വീസ് ടൂളുകള്‍ എന്നിവ പ്രയോജനപ്പെടുത്തണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.