നട്ടാലോ..., വീട്ടു വളപ്പിലൊരു അമ്പഴം?

പ്രമേഹം, വയറുകടി എന്നിവയ്ക്ക് അമ്പഴച്ചാറ് ഉത്തമം
അമ്പഴം
അമ്പഴം
Updated on

പണ്ടത്തെ കുട്ടിക്കാലങ്ങളിൽ സ്കൂളു വിട്ടു പോരുന്ന കുട്ടികൾക്ക് വഴിയോരത്തെ അമ്പഴത്തിലൊന്നു കയറിമറിഞ്ഞ് ഇത്തിരി കായ പൊട്ടിച്ച് ഈമ്പിക്കുടിച്ച് തിമർത്തുല്ലസിച്ചൊരു ബാല്യമുണ്ടായിരുന്നു.ഇന്നത്തെ തലമുറയ്ക്കാകട്ടെ അത് അന്യമായി തീർന്നിരിക്കുന്നു.

പ്രത്യേക പരിചരണമൊന്നുമില്ലാതെ കടുത്ത വരൾച്ചയെയും അതിജീവിച്ചു ഫലം തരുന്ന വൃക്ഷമാണ് അമ്പഴം.അമ്പഴങ്ങയുടെ ഇളം കായകളാണ് നാം കൂടുതലും അച്ചാറിനും പച്ചമാങ്ങയ്ക്കു പകരം കറികളിലുമൊക്കെ ഉപയോഗിക്കുന്നത്.ഇതിന്‍റെ കായ്കൾ, ഇല, തൊലി എന്നിവയ്ക്ക് പുരാതന ഗൃഹവൈദ്യമുറകളിൽ ശ്രദ്ധേയമായ സ്ഥാനമുണ്ടായിരുന്നു. അമ്പഴത്തിന്‍റെ പഴച്ചാർ പ്രമേഹം, വയറുകടി എന്നിവയ്ക്ക് ഉപയോഗിക്കുമെന്ന് ഇന്നെത്ര ർപേക്കറിയാം!

പഴച്ചാർ തേൻ ചേർത്ത് കഴിക്കുന്നത് മലബന്ധം കുറയ്ക്കുന്നതിന് സഹായിക്കും. ചുമ, പനി, ചൊറിച്ചിൽ, കൃമിശല്യം, ഉയർന്ന രക്തസമ്മർദ്ദം, വിളർച്ച, ദഹനക്കേട് എന്നിവയ്ക്കും അമ്പഴച്ചാറിനെയാണ് നമ്മുടെ പൂർവികർ ആശ്രയിച്ചിരുന്നത്. സൗന്ദര്യ വർധനവിനും അമ്പഴം മുന്നിൽ തന്നെ. മുടി വളരുന്നതിനു നമ്മുടെ പൂർവികർ അമ്പഴക്കായ ഉണക്കിപ്പൊടിച്ച് കഴിച്ചിരുന്നു.തന്നെയല്ല, മാനസികസമ്മർദ്ദം കുറക്കുന്നതിനും ഇത് അത്യുത്തമം.ഇനിയിതു മൈലാഞ്ചി ചേർത്ത് തേച്ചാലോ-മുടി കറുപ്പിക്കുന്നതിനും കൊള്ളാം.

വായ്പ്പുണ്ണിന് അമ്പഴച്ചാർ ചേർത്ത വെള്ളം വായിൽ കൊള്ളുന്നതും, ചിക്കൻ പോക്സ്, മീസിൽസ് എന്നിവ കൊണ്ടുണ്ടാകുന്ന ചൊറിച്ചിൽ മാറ്റുന്നതിന് അമ്പഴങ്ങ ഇട്ട് തിളപ്പിച്ച വെള്ളമോ പഴച്ചാറ് ചേർത്ത വെള്ളമോ ഉപയോഗിച്ച് കുളിക്കുന്നതും ഏറെ നന്ന്. ഇതെല്ലാം തെളിയിക്കപ്പെട്ട പഠനങ്ങൾ പറയുന്നതാണ്.

തീർന്നില്ല, അമ്പഴത്തിന്‍റെ ഔഷധ ഗുണം. ഒരു രാത്രി അമ്പഴങ്ങ ഇട്ടുവെച്ച വെള്ളം ഒരു ഗ്ലാസിന് ഒരു ടീസ്പൂൺ തേന്‍ ചേർത്ത് രാവിലെ കഴിക്കുന്നത് ദുർമേദസ് കുറയ്ക്കാൻ സഹായിക്കും. ആർത്തവകാല ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് അമ്പഴങ്ങ തിളപ്പിച്ചെടുത്ത പഴച്ചാർ തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. അമ്പഴങ്ങ അരച്ചെടുത്ത പഴക്കാമ്പിൽ മഞ്ഞളും എണ്ണയും ചേർത്ത് ദേഹത്ത് പുരട്ടുന്നത് ചർമസൗന്ദര്യത്തിന് ഗുണം ചെയ്യും. അമ്പഴച്ചാർ മുറിവുകളിൽ അണുനാശിനിയായും രക്തസ്രാവം കുറയ്ക്കാനും സഹായിക്കും. അമ്പഴത്തിന്‍റെ ഇലകളുടെയും കായ്കളുടെയും ചാറ് ചെവിവേദനയ്ക്ക് ഉത്തമമാണ്. അമ്പഴത്തിന്‍റെ തൊലി വയറുവേദന, വാതം, സന്ധിവീക്കം, വയറുകടി തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്നു. അമ്പഴത്തിന്‍റെ ഇലകളുടെയും കായ്കളുടെയും നീരിന് സൂക്ഷ്മാണുക്കളെയും ബാക്റ്റീരിയകളെയും പ്രതിരോധിക്കാൻ ശേഷിയുണ്ട്. കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും അമ്പഴത്തിന് സാധിക്കുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ഇതുകൂടാതെ അമ്പഴത്തിന്‍റെ തടി പായ്ക്കിങ്ങ് പെട്ടികൾ, പ്ലൈവുഡ്, തീപ്പെട്ടി നിർമ്മാണം എന്നിവയ്ക്കും അമ്പഴത്തിന്‍റെ ഇല കാലിത്തീറ്റയായും പച്ചിലവളമായും ഉപയോഗിക്കുന്നു. "സ്പോൺ ഡിയോൾ' എന്ന ബയോ ആക്റ്റീവ് പദാർഥത്താലും ഫീനോളുകളാലും ഫ്ളേവനോയ്ഡുകളാലും സമൃദ്ധമാണ് അമ്പഴത്തിന്‍റെ കായ്കൾ. അതിനാൽ നിരോക്സീകരണ ശേഷി കൂടുതലാണ്. രോഗപ്രതിരോധത്തിന് ഉത്തമമാണ്. ഔഷധപ്രാധാന്യമുള്ളതിനാൽ വിദേശരാജ്യങ്ങളിൽ ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത് ഫുഡ് വ്യവസായങ്ങളിൽ അമ്പഴം പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു. എന്നാൽ പിന്നെ നമുക്കു വീട്ടു വളപ്പിലൊരു അമ്പഴം നട്ടാലോ...?

Trending

No stories found.

Latest News

No stories found.