കൊവിഡിനെ പോലും കടത്തി വെട്ടുന്ന പനികളാണ് പടരുന്നത്. ശ്വാസകോശത്തെ കാർന്നു തിന്നുന്ന രോഗപീഡകൾ. പനിയായി, ജലദോഷമായി, കഫക്കെട്ടായി. കർക്കിടകം അങ്ങനെ കൊയ്യുകയാണ്.
ഈ സാഹചര്യത്തിലാണ് അങ്കരയുടെ (Dendrocnide sinuata) സ്ഥാനം. ഏഷ്യൻ സ്ഥാനങ്ങളിൽ കാണപ്പെടുന്ന വനസസ്യം. അറിയപ്പെടുന്നത് ആനച്ചൊറിയൻ വിഷസസ്യമെന്ന പേരിൽ.എന്നാൽ ഞെട്ടിപ്പിക്കുന്ന ഔഷധ ഗുണങ്ങളാണ് ഇതിനുള്ളത്.
വളരെ പഴയ കാലം മുതൽക്കേ ശക്തമായ പനി, മലേറിയ, മഞ്ഞപ്പിത്തം തുടങ്ങിയവയ്ക്കെല്ലാം പ്രതിവിധിയായി ആദിവാസികൾ ഇത് ഉപയോഗിച്ചിരുന്നു. ഇതിൻറെ വേര് തിളപ്പിച്ച വെള്ളം കുടിക്കുകയാണ് ചെയ്തിരുന്നത്.
ബാക്റ്റീരിയകൾക്കെതിരെ അതിശക്തമായി പ്രവർത്തിക്കാൻ ഇതിൻറെ വേരിൽ നിന്നെടുക്കുന്ന സത്തിന് ആവുമെന്നാണ് ഗവേഷക മതം. വേരും ഇലയും മുറിവുകളുണക്കുന്നതിനും പൊള്ളലിനും അതീവ ഫലപ്രദമാണെന്നും ശാസ്ത്രം.
ഉത്തരേന്ത്യയിലെ ചില ആദിവാസി വിഭാഗങ്ങളിൽ ഇതു മരുന്നായും ഉപജീവനമാർഗമായും ഉപയോഗിക്കുന്നുണ്ട്. അരുണാചൽ പ്രദേശിലെ നിഷി, അപദാനി ഗോത്ര വർഗത്തിന്‍റെ മുഖ്യ ജീവിതോപാധിയാണിത്. ഇതിന്‍റെ നാരുപയോഗിച്ചാണ് അവർ കൊട്ടയും വട്ടിയും മറ്റും നെയ്യുന്നത്. മേഘാലയയിലെയും ആസാമിലെയും കർബിസ്, ദിമസ, ഖാസി, റിയാങ് തുടങ്ങിയ വിഭാഗങ്ങളും ഇത് നിരവധി ഔഷധങ്ങൾക്ക് മരുന്നായും നെയ്ത്തിനും കൂടാതെ ഇതിന്‍റെ പൂക്കൾ കറിയായും ഉപയോഗിക്കുന്നു.
ആർത്തവക്രമക്കേടുകൾ പരിഹരിക്കാനും മൂത്രതടസത്തിനും നീർക്കെട്ടിനുമെല്ലാം ഇതു മരുന്നായി അവരുപയോഗിച്ചു പോരുന്നു. ഇതിൻറെ ഇലകളും വേരുകളും കോഴിയിറച്ചിയിൽ ചേർത്ത് ഉണ്ടാക്കുന്ന മരുന്ന കരിയാത്ത മുറിവുകൾ ഉണങ്ങാനും കടുത്ത പൊള്ളലിനും എല്ലാം പുറമേ അവർ പ്രയോഗിക്കുന്നു. പ്രമേഹത്തിന്‍റെ മൂർധന്യാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹക്കുരുവിനെ ഉന്മൂലനം ചെയ്യാനും ഈ മരുന്നു പുരട്ടിയാൽ മതി.
മൂന്നു മീറ്റർ ഉയരത്തിൽ വളരുന്ന ഇതിന് ശാഖകൾ കുറവായതു കൊണ്ടു തന്നെ വനമേഖലകൾക്കടുത്തു താമസിക്കുന്ന കർഷകർക്ക് വേലിയായി ഉപയോഗിക്കാൻ അത്യുത്തമമാണ് ഇത്. ചീര, കൊടിത്തൂവ എന്നിവയുടെ കുടുംബത്തിൽ പെടുന്ന ഈ സസ്യം ആനമയക്കി, ആന വണങ്ങി, കട്ടൻ പ്ലാവ്, ചൊറിയണം, ആന വിരട്ടി, ആനച്ചൊറിയൻ എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്നു.