ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ വെല്ലുവിളി

ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗകാരികള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളിലൂടെ ലോകത്ത് ഓരോ ഒമ്പത് മിനിറ്റിലും ഒരു ശിശുമരണം സംഭവിക്കുന്നു
Antibiotic resistant microbes
Antibiotic resistant microbesSymbolic image
Updated on

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകളെ മറികടക്കുന്ന രോഗകാരികള്‍ ലോകത്തെ ആരോഗ്യരംഗം നേരിടുന്ന വലിയ വെല്ലുവിളിയാണെന്ന് ആരോഗ്യവിദഗ്ധര്‍. ആന്‍റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന രോഗകാരികള്‍ മൂലമുണ്ടാകുന്ന അസുഖങ്ങളിലൂടെ ലോകത്ത് ഓരോ ഒമ്പത് മിനിറ്റിലും ഒരു ശിശുമരണം സംഭവിക്കുന്നുവെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. ഈ സാഹചര്യം മൂലം ഉയര്‍ന്ന മരണനിരക്കുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും തിരുവനന്തപുരത്ത് നടന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിവെലില്‍ (ജിഎഎഫ്-2023) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ലോകത്ത് വര്‍ധിച്ചുവരുന്ന ആന്‍റിമൈക്രോബിയല്‍ പ്രതിരോധം എന്ന ഭീഷണി മറികടക്കാന്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണമെന്നും വിദഗ്ധര്‍ ആവശ്യപ്പെട്ടു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും ആന്‍റി മൈക്രോബിയലില്‍ നിന്നുള്ള ഭീഷണി നേരിടുന്നുണ്ടെങ്കിലും ഏഷ്യന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കുള്ള അപകടസാധ്യത വലുതാണെന്ന് ജര്‍മനിയിലെ ഡ്യൂസ്ബര്‍ഗ്-എസ്സെന്‍ സര്‍വകലാശാലയിലെ പ്രൊഫ. തോമസ് റാംപ് പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ ഭീഷണികളില്‍ ഒന്നായി ആന്‍റിമൈക്രോബിയല്‍ പ്രതിരോധത്തെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്‍റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധം പുതിയ പ്രതിഭാസമല്ലെന്നും പെന്‍സിലിന്‍ പ്രതിരോധം 1940-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പ്രൊഫ്. റാംപ് ചൂണ്ടിക്കാട്ടി. ഇത് മറികടക്കാന്‍ പുതിയ ആന്‍റിബയോട്ടിക്കുകള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിച്ചു. എന്നാല്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പുതിയ ആന്‍റിബയോട്ടിക്കുകളൊന്നും വികസിപ്പിച്ചിട്ടില്ലെന്നത് പ്രശ്നം കൂടുതല്‍ വഷളാക്കി. ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗവും അവയുടെ പ്രതിരോധത്തിലേക്ക് നയിക്കുന്നുണ്ട്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന ആന്‍റിബയോട്ടിക്കുകളില്‍ 80 ശതമാനവും ഫാമുകളിലും മത്സ്യബന്ധനത്തിലുമാണ് ഉപയോഗിക്കുന്നത്. ഇത് ഭക്ഷ്യവസ്തുക്കളിലേക്ക് പ്രവേശിക്കുന്നതിനാല്‍ ആരോഗ്യരംഗത്ത് മാത്രം പരിമിതപ്പെടുന്ന പ്രശ്നമായി ഒതുങ്ങുന്നില്ല.

ആയുര്‍വേദം പോലെയുള്ള പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായങ്ങള്‍ ഈ പ്രശ്നത്തെ സമീപിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിനാല്‍ സ്ഥിതി മെച്ചപ്പെടുത്തുന്നതിന് ഗണ്യമായ സംഭാവന നല്‍കാനാകും. ഇത് അനാവശ്യമായ ആന്‍റിബയോട്ടിക് ഉപയോഗത്തെയും രോഗങ്ങളെയും തടയാനാകും. ആയുര്‍വേദം എല്ലായ്പോഴും സമീകൃതാഹാരം നിര്‍ദേശിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ആധുനികശാസ്ത്രം ഇപ്പോള്‍ മൈക്രോബയോമുകളുടെ പ്രാധാന്യം ഊന്നിപ്പറയുന്നതു ശ്രദ്ധേയമാണ്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും പ്രൊഫ. തോമസ് റാംപ് കൂട്ടിച്ചേര്‍ത്തു.

കര്‍ണാടകയിലെ പ്രതിരോധം വ്യത്യസ്തം

കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ ആന്‍റിബയോട്ടിക്കുകള്‍ക്കെതിരായ പ്രതിരോധം വ്യത്യസ്തമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി കര്‍ണാടകയിലെ ഐസിഎംആര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ട്രഡീഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ സുബര്‍ണ റോയ് പറഞ്ഞു. ഇന്ത്യയിലെ ചില പ്രദേശങ്ങളില്‍ ഡിഫ്തീരിയ പോലുള്ള രോഗങ്ങളുടെ വര്‍ധനവിന് ആന്‍റി മൈക്രോബിയല്‍ പ്രതിരോധം കാരണമായേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യയിലെ ആന്‍റി മൈക്രോബിയല്‍ പ്രതിരോധത്തിന്‍റെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ സ്ഥാപിച്ച സൗകര്യങ്ങളുടെ ശൃംഖല 10 രോഗകാരികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. സാംക്രമിക രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കണമെന്നാണ് ദേശീയ ആരോഗ്യ നയം നിര്‍ദേശിക്കുന്നത്. ഇവിടെയാണ് ആയുര്‍വേദത്തിന്‍റെ സാധ്യത പ്രയോജനപ്പെടുത്താനാകുകയെന്നും സുബര്‍ണ റോയ് കൂട്ടിച്ചേര്‍ത്തു.

Trending

No stories found.

Latest News

No stories found.