'താമസിക്കാനൊരു മുറി' വേണോ? മത്തായിച്ചേട്ടനോടല്ല, ഫൈന്‍ഡ് മൈ ഹോസ്റ്റലില്‍ ചോദിക്കൂ

താമസിക്കാൻ സ്ഥലം അന്വേഷിക്കുന്നവർക്കും, താമസ സ്ഥലം വാടകയ്ക്കു കൊടുക്കാൻ ഉദ്ദേശിക്കുന്നവർക്കുമായി ഒരു ആപ്പ്
App to find and rent out bed space
'താമസിക്കാനൊരു മുറി' വേണോ? മത്തായിച്ചേട്ടനോടല്ല, ഫൈന്‍ഡ് മൈ ഹോസ്റ്റലില്‍ ചോദിക്കൂ
Updated on

കൊച്ചി: മലപ്പുറം സ്വദേശിയും ബംഗളൂരുവില്‍ ഐടി പ്രൊഫഷനുമായിരുന്ന വി.പി. ഷിയാസ് 2018ലാണ് ഇന്‍ഫോ പാര്‍ക്കില്‍ ജോലി കിട്ടി കൊച്ചിയിലെത്തിയത്. സുരക്ഷിതവും അനുയോജ്യവുമായ ഒരു താമസസ്ഥലം തേടി ഒരു മാസത്തോളം അദ്ദേഹത്തിന് അലയേണ്ടിവന്നു. താമസസ്ഥലം ശരിയായപ്പോഴേക്കും ഷിയാസ് ഒരു കാര്യം മനസിലായി. തന്നെപ്പോലെ ഒട്ടനവധി പേര്‍ ഈ നഗരത്തില്‍ താമസിക്കാനൊരു മുറി തേടി അലയുന്നുണ്ട്. പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജിലെ തന്‍റെ സഹപാഠികളും സുഹൃത്തുക്കളുമായ ഹന്‍സാല്‍ സലിം, ജിതിന്‍ ബാബു എന്നിവരുമായി ഇക്കാര്യം അദ്ദേഹം സംസാരിക്കുകയും ചെയ്തു. മുംബൈ, ബംഗളൂരു തുടങ്ങിയ വന്‍നഗരങ്ങളിലെ ജീവിതാനുഭവം വച്ച് അവര്‍ ഈ പ്രശ്‌നത്തിന്‍റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു. ഒടുവില്‍ ഒരു പരിഹാരവും കണ്ടെത്തി.

താമസസ്ഥലം കണ്ടെത്താന്‍ ഒരു ആപ്പ് എന്നതായിരുന്നു ആ പരിഹാരം. കൊച്ചി ആസ്ഥാനമാക്കി അവരൊരു സ്റ്റാര്‍ട്ട്-അപ്പ് കമ്പനി ആരംഭിക്കുകയും അനുയോജ്യമായ താമസസ്ഥലം തേടുന്നവര്‍ക്കായി ഒരു ആപ്പ് വികസിപ്പിച്ചെടുക്കുകയും ചെയ്തു. findmyhostel.in എന്ന പേരില്‍ ഒരു ലിസ്റ്റിങ് ആപ്ലിക്കേഷനാണ് ആദ്യം ആരംഭിച്ചത്. മൊബൈല്‍ വഴിയും വെബ്‌സൈറ്റ് വഴിയും പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ് ടൂളുകള്‍ക്കൊപ്പം ഹോസ്റ്റലുകളുടെയും പേയിങ് ഗസ്റ്റ് സൗകര്യങ്ങളുടെയും ലിസ്റ്റുകള്‍ ഈ ആപ്പിലൂടെ കണ്ടെത്താനാകും.

കമ്പനി ജീവനക്കാര്‍ പ്രോപ്പര്‍ട്ടിയില്‍ നേരിട്ട് പോയി അവിടുത്തെ സൗകര്യങ്ങള്‍ മനസിലാക്കിയാണ് വിവരങ്ങള്‍ പ്ലാറ്റ്‌ഫോഫോമില്‍ നല്‍കുന്നത്. ഹോസ്റ്റലിലാണെങ്കിലും പേയിങ് ഗസ്റ്റ് സൗകര്യങ്ങളിലാണെങ്കിലും തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള സൗകര്യങ്ങളുണ്ടോയെന്ന് ഇതിലൂടെ ഉറപ്പാക്കാന്‍ സാധിക്കുന്നു. അതുപോലെ വിവരങ്ങള്‍ കൈമാറുന്നതിലെ കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും ഈ ആപ്പ് താമസസ്ഥലം നടത്തിപ്പുകാരെയും സഹായിക്കുന്നു. ഉടമസ്ഥര്‍ക്കും വാടകക്കാര്‍ക്കും മൊബൈലിലും വെബ്‌സൈറ്റിലും ലഭ്യമാകുന്ന പ്രത്യേക ആപ്ലിക്കേഷനുകള്‍ ഒരുക്കി മാനേജ്‌മെന്‍റെ സൊല്യൂഷന്‍ ആപ്ലിക്കേഷനും ഫൈന്‍ഡ് മൈ ഹോസ്റ്റല്‍ തങ്ങളുടെ സര്‍വ്വീസിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

ഷിയാസ് സിഇഒയും ഹന്‍സാല്‍ സിടിഒയും ജിതിന്‍ സിഒഒയും ആയി ബോധി ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന രജിസ്റ്റേര്‍ഡ് കമ്പനിക്ക് കീഴില്‍ പത്ത് പേരടങ്ങുന്ന ഒരു ടീമാണ് ഫൈന്‍ഡ് മൈ ഹോസ്റ്റലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ വിദ്യാർഥികളുമായും കോര്‍പ്പറേറ്റ് സെക്ടറുമായും വിവിധ ഹോസ്റ്റല്‍ ഉടമകളുടെ അസോസിയേഷനുകളുമായും സഹകരിച്ചാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. മെസ് സര്‍വീസ്, പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്മാര്‍, ക്ലീനിങ്, തുണിയലക്ക് എന്നിങ്ങനെ സേവന രംഗത്തുള്ളവര്‍ക്ക് ഒരു വിപണി സൗകര്യവും ഈ ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ക്യാബ് സൗകര്യമില്ലാത്ത ഹോസ്റ്റലുകള്‍ക്ക് ഈ ആപ്പ് ഉപയോഗിച്ച് തങ്ങളുടെ താമസക്കാര്‍ക്ക് മാന്യമായ നിരക്കില്‍ ക്യാബ് സൗകര്യവും ഉറപ്പുവരുത്താനാകും.

നിലവില്‍ പ്രതിമാസം പതിനായിരത്തോളം ഉപയോക്താക്കളാണ് ഈ ആപ്പ് ഉപയോഗിക്കുകയും സേവനങ്ങള്‍ തേടുകയും ചെയ്യുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം, കോയമ്പത്തൂര്‍, തൃശ്ശിനാപ്പിള്ളി എന്നീ ഏഴ് നഗരങ്ങളിലായി ലിസ്റ്റ് ചെയ്തിരിക്കുന്ന ആയിരത്തിലധികം ഹോസ്റ്റലുകളില്‍ ഒരു ലക്ഷത്തിലേറെ ബെഡ് സ്‌പേസുകളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.

കോളേജ് ഹോസ്റ്റലുകള്‍ക്കും ഹോസ്റ്റല്‍ ശൃംഖലകള്‍ക്കുമായി roomindo എന്ന ആപ്പാണ് ഇപ്പോള്‍ ഇവര്‍ വിപണിയിലിറക്കിയിരിക്കുന്നത്. താമസസ്ഥലം തേടുന്നവര്‍ക്കും ഹോസ്റ്റല്‍ ഉടമകള്‍ക്കുമായി കൂടുതല്‍ സേവനങ്ങള്‍ ഭാവിയില്‍ കൂട്ടിച്ചേര്‍ക്കാനാണ് ഇവര്‍ ഉദ്ദേശിക്കുന്നത്. ഒരു ഹോസ്റ്റലില്‍ താമസം തുടങ്ങി അവിടെ നിന്നും ഒഴിയുന്നത് വരെയുള്ള കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വാടക അടയ്ക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ സേവനങ്ങള്‍ നല്‍കാനും ഇവര്‍ ലക്ഷ്യമിടുന്നു.

Trending

No stories found.

Latest News

No stories found.