ആരോഗ്യകരമായ ജീവിതത്തിന് ഉറക്കത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചുള്ള പഠനങ്ങൾ നിരവധിയുണ്ടായിട്ടുണ്ട്. സുഖമായി ഉറങ്ങാൻ കഴിയുന്നതൊരു അനുഗ്രഹമാണെന്ന് അനുഭവത്തിലൂടെ പലർക്കും ബോധ്യപ്പെട്ടിട്ടുണ്ടാകും. ആരോഗ്യകരമായ ജീവിതശൈലിയിൽ ഉറക്കത്തിന്‍റെ പ്രധാന്യം അത്ര വലുതാണ്. ഒരാളുടെ ഉറക്കത്തിന്‍റെ ദൈർഘ്യം ഏഴു മണിക്കൂറെങ്കിലും വേണമെന്നാണു പല പഠനങ്ങളും പറഞ്ഞുവയ്ക്കുന്നത്. എന്നാൽ നാൽപതു ശതമാനം ആളുകളും ഏഴു മണിക്കൂറിൽ താഴെ മാത്രമേ ഉറങ്ങുന്നുള്ളൂ എന്നൊരു പഠനത്തിൽ വ്യക്തമാകുന്നു. ആപ്പിൾ വാച്ച് നടത്തിയ പഠനത്തിലാണ് ഉറക്കത്തിന്‍റെ രീതികളെക്കുറിച്ചു വ്യക്തമാക്കുന്നത്.
ബ്രിഗാം ആൻഡ് വിമൺസ് ഹോസ്പിറ്റലുമായി സഹകരിച്ച് ആപ്പിൾ വാച്ച് നടത്തിയ പഠനത്തിലാണു ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ആപ്പിൾ വാച്ച് ധരിച്ചിട്ടുള്ള 42,000 ആളുകളിൽ നടത്തിയ പഠനത്തിൽ 31 ശതമാനം പേർ മാത്രമേ ഏഴു മണിക്കൂർ ഉറങ്ങുന്നുള്ളൂ. നാലു മാസത്തോളമായിരുന്നു പഠനകാലാവധി. പഠനത്തിൽ പങ്കാളികളായവരുടെ ശരാശരി ഉറക്കസമയം ആറു മണിക്കൂർ 27 മിനിറ്റാണ്. 20 ശതമാനം പേരും അഞ്ചു മുതൽ ആറു മണിക്കൂർ വരെ മാത്രമേ ഉറങ്ങുന്നുള്ളൂ. 8.8ശതമാനം പേരുടെ ഉറക്കത്തിന്‍റെ ദൈർഘ്യം അഞ്ചു മണിക്കൂറിൽ താഴെയുമാണ്.
മതിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ഹൃദയരോഗങ്ങൾ, ഡിമെൻഷ്യ, വിഷാദരോഗം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖങ്ങൾക്ക് സാധ്യത കൂടുമെന്നും പഠനത്തിൽ വ്യക്തമാകുന്നു.