കൊച്ചിയിൽ കാഴ്ചവിരുന്നായി ആറന്മുള പള്ളിയോടം

പമ്പയാറ്റിൽ ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് തുഴയെറിഞ്ഞ് ആയിരങ്ങൾക്ക് ആവേശമായി മാറിയ പള്ളിയോടം കൊച്ചിയിൽ കാഴ്ച വിരുന്നാകുന്നു
പമ്പയാറ്റിൽ ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് തുഴയെറിഞ്ഞ് ആയിരങ്ങൾക്ക് ആവേശമായി മാറിയ പള്ളിയോടം കൊച്ചിയിൽ കാഴ്ച വിരുന്നാകുന്നു | Aranmula Palliyodam at Kochi
ആറന്മുള പള്ളിയോടം മട്ടാഞ്ചേരി ജൂത തെരുവിലെ ഹെറിറ്റേജ് ആർട്സിൽ
Updated on

മട്ടാഞ്ചേരി: പമ്പയാറ്റിൽ തുഴയെറിഞ്ഞ് ആയിരങ്ങൾക്ക് ആവേശമായി മാറിയ പള്ളിയോടം കൊച്ചിയിൽ കാഴ്ച വിരുന്നാകുന്നു. ഒന്നേകാൽ നൂറ്റാണ്ട് പഴക്കമുള്ള പള്ളിയോടം സ്വദേശികൾക്കും വിദേശികൾക്കും എന്നും ദൃശ്യ വിസ്മയമാണ്. ആറന്മുള ദേശത്തെ തിരുവാറന്മുള പൂന്നത്തോട്ടം - അഞ്ച് പള്ളിയോടമാണ് തനിമയുടെ അലങ്കാരങ്ങളുമായി കൊച്ചിയുടെ അഭിമാന കാഴ്ചയായി വിരാജിക്കുന്നത്.

ജൂത തെരുവിലെ ഹെറിറ്റേജ് ആർട്സിൽ പള്ളിയോടത്തിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 130 വർഷം പഴക്കമുള്ള പള്ളിയോടത്തിന് 108 വർഷം ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ തുഴഞ്ഞു കയറിയ പാരമ്പര്യവുമുണ്ട്. പഴയകാല പാണ്ടികശാലകൾ രൂപമാറ്റം വരുത്തി ഒരുക്കിയ കരകൗശല വില്പനശാലയിൽ പള്ളിയോട ചരിത്രം വിവരിച്ചുള്ള കുറിപ്പും വിശദാംശങ്ങളുമുണ്ട്.

മുത്തുക്കുട ചൂടി അലങ്കരിച്ചും പാരമ്പര്യത്തനിമയിൽ സംരക്ഷണമൊരുക്കിയാണ് ഉടമ മജ്നു കോമത്ത് പള്ളിയോടത്തെ കാഴ്ചക്കാർക്ക് മുന്നിലൊരുക്കിയിരിക്കുന്നത്. സർപ്പരാജനായ അനന്തന്‍റെ രൂപത്തിലുള്ള പള്ളിയോടങ്ങളിലെ 64 തുഴക്കാർ 64 കലകളെയും എട്ട് നിലയളുകൾ അഷ്ട ദിഗ്‌പാലകരെയും, നാല് അമരക്കാർ നാല് വേദങ്ങളെയും പ്രതിനിധീകരിക്കുന്നതായാണ് സങ്കൽപ്പം.

പത്തനംതിട്ട ജില്ലയിലെ റാന്നി മുണ്ടപ്പുഴ വിശ്വകർമ കുടുംബാചാര്യന്മാരാണ് പള്ളിയോടങ്ങളുടെ ആദ്യ സ്രഷ്ടാക്കളെന്നാണ് പറയപ്പെടുന്നത്. പൂന്നത്തോട്ടം-അഞ്ച് പള്ളിയോടം 2004 ലാണ് കൊച്ചിയിലെത്തിയത്. കരക്കാരിൽ നിന്ന് മജ്നു കോമത്ത് വിലയ്ക്കെടുത്ത പള്ളിയോടത്തിന്‍റെ പങ്കായം ക്ഷേത്രത്തിൽ നിന്നാണ് കൈമാറ്റം ചെയ്തത്. തുടർന്ന് ബോട്ടിന്‍റെ സഹായത്താൽ പമ്പയാറ്, വേമ്പനാട്, കൊച്ചി കായൽ വഴിയാണ് കൊച്ചിയിലെത്തിച്ചത്.

കരകൗശല കൗതുകമായി വാങ്ങിയ പള്ളിയോടത്തെ മജ്നു കോമത്ത് പൈതൃക നഗരിയിലെ കാഴ്ചവിരുന്നാക്കുകയായിരുന്നു. കാഴ്ചയ്ക്കിടെ ഒട്ടേറെപ്പേർ വിലയ്ക്ക് ചോദിച്ചെങ്കിലും വിനോദസഞ്ചാരികൾക്കു മുന്നിൽ സാംസ്കാരിക അഭിമാനമായി പള്ളിയോടം കാത്തു സൂക്ഷിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.