ആരോഗ്യകരമായ ജീവിതമാകട്ടെ നമ്മുടെ ലഹരി

പുകവലിയും പുകയില ഉത്പന്നങ്ങളും ഒഴിവാക്കാം
പുകവലിയും പുകയില ഉത്പന്നങ്ങളും ഒഴിവാക്കാം
ആരോഗ്യകരമായ ജീവിതമാകട്ടെ നമ്മുടെ ലഹരിFreepik
Updated on

ഡോ. ജെ.ജെ. മാത്യു

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ ജീവനെടുത്തുകൊണ്ടിരിക്കുന്ന മഹാ വില്ലനാണ് പുകയില ഉത്പ്പന്നങ്ങള്‍. ആറ്റം ബോബിനേക്കാള്‍ കൂടുതല്‍ പേരെ മരണത്തിലേക്ക് തള്ളിവിട്ടത് പുകയില ഉത്പ്പന്നങ്ങളുടെ ഉപഭോഗമാണെന്നത് അതിശയോക്തിയല്ല. എന്നാലതേ സമയം മനുഷ്യന് സ്വയമേ പ്രതിരോധം സാധ്യമായ മരണ കാരണങ്ങളിലൊന്നാണ് പുകയില ഉപയോഗം എന്നും നാം മനസിലാക്കേണ്ടതുണ്ട്. സമൂഹത്തിലെ ഓരോ വ്യക്തിയുടേയും വ്യക്തിഗത ആരോഗ്യത്തിലും ലോകത്തിന്‍റെ മുഴുവനായുള്ള ക്ഷേമത്തിനും പുകയില ഉത്പന്നങ്ങളുടെ ഉപഭോഗം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ അനവധിയാണ്. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള വ്യക്തികളില്‍ ഏകദേശം 10.7% പുകവലി ശീലമുള്ളവരാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഹൃദ്രോഗങ്ങള്‍, ശ്വസന സംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ എന്നിങ്ങനെ ഒട്ടേറെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കാണ് പുകവലി ശീലം നമ്മെ എത്തിക്കുക.

ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (COPD), ശ്വാസകോശ ക്യാന്‍സര്‍, മറ്റ് ശ്വസന സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഗുരുതരമായ ആരോഗ്യ സങ്കീര്‍ണതകള്‍ക്ക് പുകയില ഉപഭോഗം കാരണമാകുന്നു. മേല്‍പ്പറഞ്ഞ ശാരീരിക അസുഖങ്ങള്‍ക്ക് പുറമെ, പുകയില ആസക്തി നമ്മുടെ മാനസികാരോഗ്യത്തെയും ഗണ്യമായി ബാധിക്കും. അമിത ഉത്കണ്ഠ, വിഷാദരോഗം തുടങ്ങിയ അവസ്ഥകളിലേക്കും പുകവലി നമ്മെയെത്തിക്കും.

എന്തുകൊണ്ടാണ് നാം പുകയില ഉപയോഗിക്കുന്നത്? എപ്പോഴൊക്കെയാണ് പുകയില ഉപയോഗിക്കുവാന്‍ നമുക്ക് തോന്നുന്നത്? ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്തിയാലാണ് പുകയില ഉപഭോഗം അവസാനിപ്പിക്കുവാന്‍ എന്തൊക്കെ ചെയ്യാം എന്ന കാര്യത്തില്‍ നമുക്ക് വ്യക്തത ലഭിക്കുക. തൊഴിലിടത്തിലോ, വ്യക്തിജീവിതത്തിലോ പെട്ടെന്നുണ്ടാകുന്ന സമ്മര്‍ദങ്ങളും വൈകാരിക പ്രതിസന്ധികളും നേരിടുന്നതിനുള്ള ഒരു താത്ക്കാലിക രക്ഷപ്പെടല്‍ ഉപാധിയായി ധാരാളം ആളുകള്‍ പുകയില ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കുറച്ചു നേരത്തേ ഈ ആശ്വാസത്തിന് നാം നല്‍കേണ്ടിവരുന്ന വില നമ്മുടെ ജീവനോളം തന്നെയാണ്. തുടര്‍ച്ചയായ പുകയില ഉപഭോഗം നമ്മുടെ ശാരീരിക - മാനസിക ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. ദീര്‍ഘകാലത്തെ പുകവലി ഉപഭോഗം നിസംശയം നമ്മെ ഒരു സ്ഥിര രോഗിയാക്കും.

ബിഹേവിയര്‍ തെറാപ്പിയിലൂടെയും കൃത്യമായ മെഡിക്കല്‍ സപ്പോര്‍ട്ടിലൂടെയും പുകയില അഡിക്‌ഷനില്‍ നിന്നും രക്ഷനേടാന്‍ സാധിക്കും. അതോടൊപ്പം പുകയില ഉപഭോഗത്തിനോട് അടിമപ്പെട്ടു പോയവര്‍ക്ക് അവരുടെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള പിന്തുണയും പുകയിലയുടെ പിടിയില്‍ നിന്നും രക്ഷനേടാന്‍ അത്യാവശ്യമാണ്. ഒരിക്കല്‍ പുകവലി ശീലത്തില്‍ നിന്നും പിന്മാറിയാല്‍ വീണ്ടും അതിലേക്ക് കടക്കാതിരിക്കുന്നതിനായി ചുറ്റുമുള്ള പ്രിയപ്പെട്ടവരുടേയും സമൂഹത്തിന്‍റെയും പിന്തുണയും വേണം. .

പുകയില ഉപയോഗം വ്യാപകമാകുന്നതിനെ തടയിടാനും അതിന്‍റെ ദോഷ ഫലങ്ങളില്‍ നിന്ന് വരും തലമുറകളെ സംരക്ഷിക്കാനും കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്. കര്‍ശന നിയന്ത്രണങ്ങള്‍ മുതല്‍ വിപുലമായ പൊതുജനാരോഗ്യ പ്രചാരണ പരിപാടികള്‍ വരെ ഇതില്‍ ഉള്‍പ്പെടും. പുകയില ഉപയോഗത്തിന്‍റെ അടിമത്തവുമായി പോരാടുന്നവരോട്, നിങ്ങള്‍ ഒറ്റയ്ക്കല്ല എന്ന് ഓര്‍ക്കുക. ആരോഗ്യ വിദഗ്ധരില്‍ നിന്നും പിന്തുണ തേടുക, പുകവലി ശീലം നിര്‍ത്താനുള്ള പരിപാടികളില്‍ പങ്കെടുക്കുക, ആരോഗ്യകരമായ ശീലങ്ങള്‍ ജീവിതശൈലിയില്‍ സ്വീകരിക്കുക. പുകയില രഹിത ജീവിതത്തിലേക്കുള്ള ഓരോ ചുവടും നിങ്ങളുടെ ഇച്ഛാശക്തിയുടെയും സ്വയം പരിചരണയുടെയും തെളിവാണെന്ന് മനസിലാക്കുക.

പുകവലി ശീലം നിര്‍ത്തുന്നതിനുള്ള വിജയ സാധ്യത ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിന് നിരവധി തന്ത്രങ്ങള്‍ ഉണ്ട്:

  1. പിന്തുണ തേടുക: പുകയില ഉപയോഗം അവസാനിപ്പിക്കുവാനുള്ള നിങ്ങളുടെ ശ്രമങ്ങളില്‍ പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്നതിന് സുഹൃത്തുക്കള്‍, കുടുംബം, ആരോഗ്യ പരിപാലന വിദഗ്ധര്‍ എന്നിവരുടെ പിന്തുണ തേടുക .

  2. ലക്ഷ്യങ്ങളുണ്ടായിരിക്കുക: പുകവലി ഉപയോഗം നിര്‍ത്താന്‍ കൃത്യമായ ഒരു തീയതി നിശ്ചയിക്കുക. ശ്രദ്ധയും പ്രചോദനവും നിലനിര്‍ത്താന്‍ അത് സഹായിക്കും.

  3. ക്വിറ്റിങ് എയ്ഡ്‌സ്‌നെക്കുറിച്ചു മനസിലാക്കുക: പാച്ചുകള്‍ അല്ലെങ്കില്‍ ഗം പോലുള്ള നിക്കോട്ടിനെ മാറ്റി നിര്‍ത്താന്‍ സഹായിക്കുന്ന തെറാപ്പികള്‍ സ്വീകരിക്കുക. പിന്‍വലിക്കല്‍ ലക്ഷണങ്ങളും ആസക്തികളും നിയന്ത്രിക്കാന്‍ ഒരു പള്‍മണോളജിസ്റ്റിന്‍റെ സഹായം തേടാം.

  4. സ്വയം പരിചരണം പരിശീലിക്കുക: ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുക, സമ്മർദം കുറയ്ക്കുന്നതിനുള്ള വഴികള്‍, സന്തോഷവും സംതൃപ്തിയും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുക. നിങ്ങളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യം പരിപോഷിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.

  5. പ്രതിബദ്ധതയോടെ തുടരുക: പുകയില ഉപേക്ഷിക്കുന്ന പ്രക്രിയയില്‍ ഒത്തിരി വെല്ലുവിളികള്‍ ഉണ്ടാകും. നിങ്ങളുടെ ലക്ഷ്യത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്യുക. ഓര്‍ക്കുക, പുകയിലയില്ലാത്ത ഓരോ ദിവസവും ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ചുവടുവയ്പ്പാണ്.

പുകവലി നിര്‍ത്താന്‍ നാല് D-കള്‍

  1. Delay (താത്കാലികമായി മാറ്റിവയ്ക്കുക): പുകവലിക്കാനുള്ള ആഗ്രഹം വരുമ്പോള്‍ ഉടന്‍ ഉപയോഗിക്കാതിരിക്കുക, വൈകിക്കുക. നിങ്ങള്‍ പുകവലിച്ചാലും ഇല്ലെങ്കിലും ആസക്തി കുറയും. കുറഞ്ഞത് 10 മിനിറ്റ് കാത്തിരിക്കാന്‍ ശ്രമിക്കുക.

  2. Distract (ശ്രദ്ധ മാറ്റുക): കൈകളും മനസും തിരക്കിലാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, നടത്തം , ച്യുയിങ് ഗം ചവയ്ക്കുക , ഗെയിമിങ് തുടങ്ങിയവ ശ്രെദ്ധ മാറ്റാന്‍ സഹായിക്കും.

  3. Deep Breathing (ദീര്‍ഘ ശ്വാസോച്ഛ്വാസം): വിശ്രമിക്കാനും സമ്മർദം കുറയ്ക്കാനും ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുക. മൂക്കിലൂടെ പതുക്കെ ദീര്‍ഘ ശ്വാസോച്ഛ്വാസം കൊണ്ട് പുകവലിയോടുള്ള ആഗ്രഹം കുറയ്ക്കാനും ശാന്തത വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

  4. Drink Water (വെള്ളം കുടിക്കുക): ദിവസം മുഴുവന്‍ വെള്ളം കുടിച്ച് നിര്‍ജലീകരണം തടയുക. വെള്ളം കുടിക്കുന്നത് പുകവലി ആഗ്രഹം കുറയ്ക്കുകയും പുകവലി നിര്‍ത്തുമ്പോള്‍ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

ഈ ചിട്ടകള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തി പുകവലിയോടുള്ള അടിമത്വം നിയന്ത്രിക്കുകയും നിക്കോട്ടിന്‍ ആസക്തി ക്രമേണ മറികടക്കുകയും ചെയ്യാം. പുകവലി നിര്‍ത്തുന്നത് ഒരു യാത്രയാണ്. ഈ യാത്രയില്‍ സുഹൃത്തുക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും അല്ലെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും പിന്തുണ തേടുക. പ്രതിബദ്ധതയും ഇച്ഛാശക്തിയും നിലനിര്‍ത്തുക, പുകവലിയില്ലാത്ത ജീവിതത്തിലേക്കുള്ള യാത്രയിലെ ഓരോ ചെറിയ വിജയവും ആഘോഷിക്കുക. ആരോഗ്യകരമായ ജീവിതമാകട്ടെ നമ്മുടെ ലഹരി.

(അങ്കമാലി അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിലെ പള്‍മണോളജി വിഭാഗം സീനിയര്‍ കണ്‍സൽറ്റന്‍റാണ് ലേഖകൻ)

Trending

No stories found.

Latest News

No stories found.