കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച ആശുപത്രികൾ തെരഞ്ഞെടുക്കുന്ന ഔട്ട്ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് 2024ൽ അത്യുജ്ജ്വല പ്രകടനവുമായി ആസ്റ്റർ മെഡ്‌സിറ്റി. വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിലെ തന്നെ മുൻനിര ആശുപത്രികളോട് കിടപിടിച്ച് ഏറ്റവും ഉയർന്ന സ്ഥാനങ്ങളാണ് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി കരസ്ഥമാക്കിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും മികച്ച രണ്ടാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി എന്നീ സുപ്രധാന നേട്ടങ്ങളാണ് ആസ്റ്റർ മെഡ്‌സിറ്റി നേടിയത്.
മികച്ച ആശുപത്രികൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിനായാണ് ഔട്ട്ലുക്ക് ആൻഡ് എൻ.ഇ.ബി റിസർച്ച് പട്ടിക പുറത്തുവിടുന്നത്. ആസ്റ്റർ മെഡ്‌സിറ്റി നൽകുന്ന ഉന്നതനിലവാരമുള്ള ചികിത്സാസേവനങ്ങൾക്കുള്ള അംഗീകാരമാണ് പട്ടികയിലെ ഉയർന്ന സ്ഥാനം.
പ്രകടനമികവിൽ ആസ്റ്റർ മെഡ്സിറ്റിയിലെ വിവിധ വിഭാഗങ്ങളും ഉന്നതസ്ഥാനങ്ങളിലുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ യൂറോളജി ആശുപത്രി എന്ന അംഗീകാരം ആസ്റ്റർ മെഡ്‌സിറ്റിക്കാണ്. ഹൃദ്രോഗചികിത്സയ്ക്ക് കൊച്ചിയിലെ ഏറ്റവും മികച്ച ചികിത്സാകേന്ദ്രമായും ആസ്റ്റർ മെഡ്‌സിറ്റി തെരഞ്ഞെടുക്കപ്പെട്ടു.
എല്ലാവർക്കും എളുപ്പത്തിൽ ലഭ്യമാകുന്നതും ഗുണമേന്മയുള്ളതുമായ ചികിത്സ നൽകാനായി ആസ്റ്റർ മെഡ്സിറ്റിയിലെ ടീം നടത്തുന്ന പരിശ്രമങ്ങൾക്ക് കിട്ടിയ അംഗീകാരമാണിതെന്ന് ആസ്റ്റർ ഇന്ത്യയുടെ വൈസ് പ്രസിഡന്‍റ് ഫർഹാൻ യാസിൻ പറഞ്ഞു. ആസ്റ്റർ മെഡ്സിറ്റിയിലെ മുഴുവൻ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും പ്രയത്നത്തിന് കിട്ടിയ അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.