അതിരപ്പിള്ളി അഡ്വഞ്ചർ: വാഴച്ചാല്‍ വനമേഖലയിൽ ട്രക്കിങ് സൗകര്യം

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചു പോയ ട്രക്കിങ്ങാണ് പുനരാരംഭിക്കുന്നത്
Athirappilly waterfalls
Athirappilly waterfalls
Updated on

ചാലക്കുടി: അതിരപ്പിള്ളി വിനോദ സഞ്ചാര മേഖലക്ക് പുതിയൊരു സാഹസിക പരിവേഷം നല്‍കി ട്രക്കിങ്ങിന് തുടക്കമാവുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിലച്ചു പോയ ട്രക്കിങ്ങാണ് വീണ്ടും ആരംഭിക്കുന്നത്.

പൊകലപ്പാറ സ്റ്റേഷനില്‍ നിന്ന് രാവിലെ എട്ടിനാരംഭിച്ച് ഉച്ചതിരിഞ്ഞ് രണ്ടിന് തിരിച്ചെത്തുന്ന തരത്തിലാണ് ട്രക്കിങ്ങിന്‍റെ ക്രമീകരണം. പൊരിങ്ങല്‍കുത്ത് ഡാം വരെ വനം വകുപ്പിന്‍റെ വാഹനത്തില്‍ കൊണ്ടു പോകും. അവിടെ നിന്ന് കാരംതോട് വരെ നാലര കിലോമീറ്റര്‍ ദൂരം കാനപാതയിലൂടെ കാല്‍നട യാത്രയാണ്.

വാഴച്ചാല്‍ വനമേഖലയിലെ സൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള യാത്ര പുതിയൊരു അനുഭവമായിരിക്കും വിനോദ സഞ്ചാരികള്‍ക്ക് നല്‍ക്കുക. കാടിനെ അടുത്തുറിഞ്ഞുള്ള യാത്രയില്‍ പരിചയ സമ്പന്നരായ രണ്ട് ഗൈഡുമാരും ഒരു വനം വകുപ്പ് ജീവനക്കാരനും കൂടെയുണ്ടാകും. എട്ടു പേരടങ്ങുന്ന മൂന്ന് സംഘങ്ങള്‍ക്കാണ് പരമാവധി ഒരു ദിവസത്തില്‍ യാത്ര അനുവദിക്കുക. വാഴച്ചാല്‍ ഡിഎഫ്ഒയുടെ കീഴിലുള്ള ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടാണ് വീണ്ടും ട്രക്കിങ്ങ് ആരംഭിക്കുന്നത്.

പെരിങ്ങല്‍കുത്ത്, പൊകലപ്പാറ ആദിവാസി ഊരുകളില്‍ നിന്നും പുളിയലപ്പാറ വിഎസ്എസ് എന്നിവടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത് പരിശീലനം പൂര്‍ത്തിയാക്കിയ 13 ഗൈഡുമാരുടെ സേവനവും ഇതിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഇതു മൂലം ഇവര്‍ക്ക് പുതിയൊരു തൊഴിലും വരുമാനവും ലഭിക്കും.

ഗൈഡുമാര്‍ക്കുള്ള യൂണിഫോം വിതരണം ഡിഎഫ്ഒ ആര്‍.ലക്ഷ്മി നിര്‍വ്വഹിച്ചു. അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് തികച്ചും പുതിയൊരു അനുഭവമായിരിക്കും പൊരിങ്ങൽകുത്ത് കാരംതോട് ട്രക്കിംങ്ങ്. 1000 രൂപയാണ് ഒരാള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന ചാര്‍ജ്ജ്. 55 വയസ് വരെയുള്ളവര്‍ക്കാണ് പ്രവേശനം ഉണ്ടാകുക.

Trending

No stories found.

Latest News

No stories found.