ആറ്റുകാൽ പൊങ്കാല: കുത്തിയോട്ടത്തിന് 606 കുട്ടികൾ

10 മുതൽ 12 വയസ് വരെയുള്ള ആൺകുട്ടികൾക്ക് കുത്തിയോട്ട വ്രതം. കന്യാവിന്‍റെയും പാലകരുടെയും കഥകളുമായി ക്ഷേത്രത്തിൽ തോറ്റംപാട്ട് തുടരുന്നു.
ക്ഷേത്രത്തിൽ നാരങ്ങാ ദീപം തെളിക്കുന്ന ഭക്തർ.
ക്ഷേത്രത്തിൽ നാരങ്ങാ ദീപം തെളിക്കുന്ന ഭക്തർ.KB Jayachandran | Metro Vaartha
Updated on

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പോങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള പ്രധാന നേര്‍ച്ചകളിലൊന്നായ കുത്തിയോട്ടത്തിനുള്ള വ്രതം തിങ്കളാഴ്ച ആരംഭിക്കും. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തി മൂന്നാം നാളാണ് കുത്തിയോട്ട വ്രതം തുടങ്ങുന്നത്. 12 വയസിനു താഴെയുള്ള ബാലന്‍മാരെയാണു കുത്തിയോട്ടത്തിന് ഉള്‍പ്പെടുത്തുന്നത്.

606 ബാലന്മാരാണ് ഇത്തവണ കുത്തിയോട്ടത്തിന് രജിസ്റ്റര്‍ ചെയിതിരിക്കുന്നത്. പ്രായപരിധി മൂലം അവസരം നഷ്ടപ്പെടാതിരിക്കാന്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും 10 മുതല്‍ 12 വയസ് വരെയുള്ള ബാലന്മാര്‍ക്ക് മാത്രമാണ് കുത്തിയോട്ട രജിസ്‌ട്രേഷന്‍ നല്‍കിയിട്ടുള്ളത്. ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതിനാല്‍ വിവിധ ദേശങ്ങളില്‍ നിന്നുള്ള വിളക്കുകെട്ടുകളും ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.

ഇതിനിടെ, ഉത്സവ നിറവിൽ ദീപപ്രഭചൊരിഞ്ഞു നിൽക്കുന്ന ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹമാണ്. പൊങ്കാല മഹോത്സവത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെ ഞായറാഴ്ച ആതിനാല്‍ ദര്‍ശനത്തിന് വന്‍ തിരക്കാണനുഭവപ്പെട്ടത്.

പ്രദേശമാകെ വൈദ്യുതദീപാലങ്കാരത്താല്‍ നിറഞ്ഞു കഴിഞ്ഞു. ദേവിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചുള്ള കഥയാണ് തോറ്റംപാട്ടുകാര്‍ ഞായറാഴ്ച അവതരിപ്പിച്ചത്. കന്യാവും പാലകരുമായുള്ള വിവാഹത്തിന്‍റെ വര്‍ണനകളാണ് തിങ്കളാഴ്ച പാടുന്നത്. ഈഭാഗം മാലപ്പുറം പാട്ടെന്ന് അറിയപ്പെടുന്നു.

അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവിധ കലാപരിപാടികള്‍ ആസ്വദിക്കുന്നതിനും ധാരാളം പേരെത്തുന്നുണ്ട്. ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നാരങ്ങാവിളക്ക് തെളിക്കാനും തിരക്കേറുകയാണ്.

Trending

No stories found.

Latest News

No stories found.