തിരുവനന്തപുരം: പുണ്യസ്ഥലങ്ങളും ചരിത്രവും പൗരാണികതയും സമ്മേളിക്കുന്ന തീർഥാടന കേന്ദ്രങ്ങള്‍ സന്ദർശിക്കുവാൻ അവസരമൊരുക്കി ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് (ഐആർസിടിസി) ഭാരത് ഗൗരവ് ട്രെയ്ൻ ടൂർ പാക്കെജ്.
ഈ വിഭാഗത്തിലെ അടുത്ത ടൂറിസ്റ്റ് ട്രെയിൻ 20 ന് കൊച്ചുവേളിയിൽ നിന്ന് യാത്രതിരിച്ച് ഉജ്ജെയിൻ, ഹരിദ്വാർ, ഋഷികേശ്, കാശി, അയോദ്ധ്യ, അലഹബാദ് എന്നിവിടങ്ങൾ സന്ദർശിച്ച് 31 ന് തിരികെ എത്തും.
സ്ലീപ്പർ ക്ലാസും മൂന്ന് ടയർ എസി സൗകര്യവുമുള്ള അത്യാധുനിക എൽഎച്ച്ബി ട്രെയ്നാണ് യാത്രയ്ക്കായി ഒരുക്കിയിരിക്കുന്നത്. യാത്രികരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സുരക്ഷാ ജീവനക്കാരുടെ സേവനവും അത്യാധുനികമായ സിസിടിവി ക്യാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
തീർഥാടന യാത്ര എന്നതിലുപരി ഭാരതത്തിന്റെ സമ്പന്നമായ പൈതൃകം പേറുന്ന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനാൽ ചരിത്ര കുതുകികളായ ടൂറിസ്റ്റുകൾക്കും ഈ യാത്ര ഉപകാരപ്രദമാണ്. നോൺ എസി ക്ലാസിലെ യാത്രയ്ക്ക് സ്റ്റാൻഡേർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 24,340 രൂപയും തേർഡ് എസി ക്ലാസിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 36,340 രൂപയുമാണ്.
കൂടുതൽ വിവരങ്ങൾക്ക് ഐആര്‍ടിസി വെബ്സൈറ്റ് https://www.irctctourism.com/pacakage_description?packageCode=SZBG06 സന്ദർശിക്കുക. ഐആര്‍ടിസി ഓതറൈസ്ഡ് ഏജന്റ്സ് മുഖേനയും ബുക്കിങ് ചെയ്യാം.