Chembai music festival
Chembai music festivalBy Fotokannan - Own work, CC BY-SA 4.0, https://commons.wikimedia.org/w/index.php?curid=93924528

ചെമ്പൈ സംഗീതോത്സവം ബുധനാഴ്ച മുതൽ

ഗുരുപവനപുരിയിൽ ഇനി സംഗീത മഴയുടെ നാളുകൾ

ഗുരുവായൂർ: പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് നടത്തുന്ന ചെമ്പൈ സംഗീതോത്സവം 8ന് വൈകിട്ട് ആറിന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ ശ്രീഗുരുവായൂരപ്പൻ ചെമ്പൈ സംഗീത പുരസ്കാരം കർണാടക സംഗീതജ്ഞൻ പദ്മഭൂഷൺ മധുരൈ ടി.എൻ. ശേഷഗോപാലിനു സമ്മാനിക്കും. തുടർന്ന് പുരസ്കാര സ്വീകർത്താവിന്‍റെ സംഗീതക്കച്ചേരിയും മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ അരങ്ങേറും. 9ന് രാവിലെ ഏഴിന് ക്ഷേത്രം തന്ത്രി പി.സി. ദിനേശൻ നമ്പൂതിരിപ്പാട് ചെമ്പൈ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിക്കുന്നതോടെ 15 ദിവസം നീളുന്ന സംഗീതോത്സവത്തിന് തുടക്കമാകും.

തംബുരു വിളംബര ഘോഷയാത്ര

ചെമ്പൈ വൈദ്യനാഥ ഭാഗവതർ തന്‍റെ തംബുരുവുമായി. പിന്നിൽ ഇടത്തും വലത്തുമായി ജയവിജയൻമാർ.
ചെമ്പൈ വൈദ്യനാഥ ഭാഗവതർ തന്‍റെ തംബുരുവുമായി. പിന്നിൽ ഇടത്തും വലത്തുമായി ജയവിജയൻമാർ.

ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ച് കർണാടക സംഗീത സാമ്രാട്ട് ചൈമ്പൈ വൈദ്യനാഥ ഭാഗവതർ ഗുരുവായൂർ ക്ഷേത്രത്തിൽ നടത്തിയിരുന്ന ഏകാദശി നാദോപാസനയുടെ സ്മരണാർത്ഥമാണ് ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം നടത്തുന്നത്. ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിക്കാനുള്ള ചെമ്പൈ സ്വാമികളുടെ തംബുരു ചെമ്പൈ ഗ്രാമത്തിലെ അദ്ദേഹത്തിന്‍റെ വസതിയിൽ നിന്ന് ചൊവ്വാഴ്ച വൈകിട്ട് ഏറ്റുവാങ്ങും. തുടർന്ന് ഘോഷയാത്രയായി വിവിധ കേന്ദ്രങ്ങളിലെ വരവേൽപ്പിന് ശേഷം ബുധനാഴ്ച വൈകിട്ട് ആറോടെ കിഴക്കേ നടയിൽ നിന്ന് സ്വീകരിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെത്തിക്കും. തംബുരു ചെമ്പൈ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ച ശേഷമാകും സംഗീതോത്സവം ആരംഭിക്കുക.

മൂവായിരത്തിലേറെ സംഗീതജ്ഞർ പങ്കെടുക്കും

ചെമ്പൈ സംഗീതോത്സവത്തിൽ സംഗീതാർച്ചന നടത്താൻ 4,039 അപേക്ഷകൾ ഓൺലൈനായി ലഭിച്ചു. ഇതിൽ 252 അപേക്ഷകൾ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളതാണ്. മൂവായിരത്തിലേറെപ്പേർ ഇത്തവണ സംഗീതാർച്ചന നടത്തും.

ദേശീയ സംഗീത സെമിനാർ

Musical pentagram sound waves notes
Musical pentagram sound waves notesImage by starline on Freepik

ചെമ്പൈ സംഗീതോത്സവത്തിന്‍റെ പ്രാരംഭമായി 7ന് രാവിലെ 9 മുതൽ ദേശീയ സംഗീത സെമിനാർ നടത്തും. കിഴക്കേനടയിലെ ഗുരുവായൂർ സത്യഗ്രഹ സ്മാരക മന്ദിരത്തിലെ നാരായണീയം ഹാളിൽ നടക്കുന്ന സെമിനാർ സംഗീത സംവിധായകൻ പി.എസ് വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷനാകും. ഡോ.എൻ.മിനി, അരുൺ രാമവർമ്മ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ.ഗുരുവായൂർ മണികണ്ഠൻ, ആനയടി പ്രസാദ് എന്നിവർ മോഡറേറ്റർമാരാകും.

Trending

No stories found.

Latest News

No stories found.