ജിഷാ മരിയ
കൊച്ചി: ക്രിസ്മസ് വിപണിയില്‍ കേക്ക് വിൽപ്പന സജീവമാകുമ്പോള്‍ കാഴ്ചക്കാരില്‍ കൗതുകം പകരുകയാണ് കലൂര്‍ പൊറ്റക്കുഴിയിലുള്ള കാലിക്കറ്റ് ചിപ്സ് ആന്‍ഡ് കൊച്ചിന്‍ സ്വീറ്റ്സ് എന്ന ബേക്കറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കൂറ്റന്‍ പുല്‍ക്കൂട് കേക്ക്. ക്രിസ്മസിന്‍റെ ഭാഗമായി ഉണ്ടാക്കിയിട്ടുള്ള സാധാരണ തരത്തിലുള്ള ഒരു പുല്‍ക്കൂട് ആണെന്ന് മാത്രമേ കാണുന്നവര്‍ക്ക് തോന്നുകയുള്ളൂ. എന്നാല്‍ പൂര്‍ണമായും കേക്ക് കൊണ്ട് മാത്രമാണ് പുല്‍ക്കൂട് ഉണ്ടാക്കിയതെന്നറിയുമ്പോള്‍ കാഴ്ചക്കാർ അമ്പരക്കുന്നു.
തലശേരി സ്വദേശിയായ സുരേന്ദ്രന്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി കൊച്ചിയില്‍ ബേക്കറി ജോലിയുമായി കഴിയുകയാണ്. 20 കിലോ പഞ്ചസാരയും 10 കിലോ മൈദയും 150 മുട്ടയും അഞ്ചു കിലോ നെയ്യുമാണ് കേക്ക് നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. പച്ചപുല്‍ത്തകിടിയും വൈക്കോല്‍ മേല്‍ക്കൂരയും വിവിധ തരത്തിലുള്ള രൂപങ്ങളും ഒക്കെ കൂടിച്ചേര്‍ന്ന കേക്കില്‍ കളര്‍ കിട്ടുവാന്‍ ഷുഗര്‍ പേസ്റ്റും കോക്കനട്ട് വാട്ടറും സാധാരണ ഉപയോഗിക്കാറുള്ള ഫുഡ് കളറുകളും മാത്രമാണ് ചേര്‍ത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. നാലടി നീളവും രണ്ടടി വീതിയുമാണ് കേക്കിന്‍റെ വലിപ്പം. മൂന്ന് ദിവസം കൊണ്ട് സുരേന്ദ്രനും സഹായികളായ ദിലീപും സാജുവും ചേര്‍ന്നാണ് ഒരാഴ്ച മുമ്പ് ആരെയും ആകര്‍ഷിക്കുന്ന ഈ കേക്ക് ഒരുക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ വിവിധ തരത്തിലുള്ള വിഭവങ്ങളാണ് സുരേന്ദ്രന്‍ ഉണ്ടാക്കിയിരുന്നത്. സാന്താക്ളോസ് കേക്കും ഏറെ ശ്രദ്ധ നേടിയിരുന്നു.
ആഘോഷങ്ങളില്‍ ക്രിസ്മസ് സമ്മാനമായി സ്ഥാപനങ്ങളും വ്യക്തികളും കേക്കുകള്‍ കൈമാറുന്നതിനാല്‍ കേക്കിന് ആവശ്യക്കാരും ഏറെയാണ്. കൊവിഡ് കാലയളവിന് ശേഷം കൂടുതല്‍ സജീവമായ ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷം എന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ബേക്കറി ഉടമകള്‍ കേക്ക് വിപണിയെ കണ്ടിട്ടുള്ളത്. 350 രൂപ മുതല്‍ 1800 രൂപവരെയുള്ള കേക്കുകള്‍ ലഭ്യമാണ്. പ്ലം കേക്കുകളില്‍ വൈറ്റ്, ശര്‍ക്കര, ആട്ട, കേക്കുകള്‍ക്കും വിപണിയില്‍ ആവശ്യക്കാരുണ്ട്. കൂടുതല്‍ ഡിമാന്‍ഡ് ക്യാരറ്റ് കേക്കിന് തന്നെയാണ്.