സുധീര്‍നാഥ്
പുനര്‍ജന്മത്തില്‍ ഒരുപക്ഷേ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകാം, ഇല്ലാതിരിക്കുകയുമാകാം. എന്നാല്‍ നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ പലര്‍ക്കും പുനര്‍ജന്മത്തില്‍ വിശ്വാസമുണ്ട് എന്നാണ് മനസിലാക്കേണ്ടത്.
രാവിലെ ഡല്‍ഹിയിലെ പാര്‍ക്കില്‍ നടക്കാന്‍ പോകുമ്പോഴാണ് ഞാന്‍ ഈ കാഴ്ചകളൊക്കെ കാണുന്നത്. ചിലര്‍ തെരുവു നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. ചിലര്‍ ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ക്കും ചിലര്‍ ഭക്ഷണം കൊടുക്കുന്നു. ഡല്‍ഹി തെരുവിലൂടെ കാറില്‍ സഞ്ചരിക്കുമ്പോള്‍ ചിലര്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും കാണുന്നുണ്ട്.
ഒരിക്കല്‍ ഇങ്ങനെ ഭക്ഷണം കൊടുക്കുന്ന ഒരാളോട് ചോദിച്ചു, എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന്. അടുത്ത ജന്മത്തില്‍ കുരങ്ങനാവാതിരിക്കാനാണ് കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. ഉറുമ്പ് ആകാതിരിക്കാനാണ് ഉറുമ്പുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. തെരുവുനായ ആകാതിരിക്കാനാണ് നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. കന്നുകാലിയാകാതിരിക്കാനാണ് കന്നുകാലികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത്. ഇതായിരുന്നു അയാളുടെ ഉത്തരം. അതിന് അദ്ദേഹം ഒട്ടേറെ ന്യായീകരണങ്ങളും നിരത്തിയിരുന്നു. ആ ന്യായീകരണം നമുക്കിവിടെ ചര്‍ച്ചയ്ക്ക് എടുക്കേണ്ട കാര്യമില്ല. എങ്കിലും ഒരു കാര്യം ഉറപ്പിക്കാം, പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നവര്‍ നമുക്ക് ചുറ്റിനുമുണ്ട്. സംശയമില്ല.
തമിഴ്നാട്ടിലും, കേരളത്തിന്‍റെ പല ഭാഗങ്ങളിലും കോലം എന്ന ആചാര- കലാ രൂപകല്പനകള്‍ വീടിന്‍റെ ഉമ്മറപ്പടിയില്‍ സൃഷ്ടിക്കുന്നു. കേരളത്തില്‍ ബ്രാഹ്മണരുടെ വീടുകളിലും കോലങ്ങള്‍ ഇടാറുണ്ട്. സൗന്ദര്യം, രൂപം, കളി, വേഷം മാറി അല്ലെങ്കില്‍ അനുഷ്ഠാന രൂപകല്പന എന്നര്‍ഥമുള്ള ഒരു തമിഴ് പദം "ആയിരം ആത്മാക്കളെ പോറ്റാന്‍'ഗൃഹസ്ഥര്‍ക്ക് കര്‍മപരമായ ബാധ്യതയുണ്ടെന്ന ഹൈന്ദവ വിശ്വാസത്തിന്‍റെ ഭാഗമണ് കോലമിടല്‍. അരിപ്പൊടി കൊണ്ട് കോലം വരയ്ക്കുന്നതിലൂടെ, ഒരു വീട്ടമ്മ പക്ഷികള്‍ക്കും എലികള്‍ക്കും ഉറുമ്പുകള്‍ക്കും മറ്റ് ചെറിയ ജീവജാലങ്ങള്‍ക്കും ഭക്ഷണം നല്‍കുന്നു. വടക്കേ ഇന്ത്യയിലെ അതേ വിശ്വാസമാണ് ഇവിടേയും കാണുന്നത്.
ജ്ഞാനപ്പാനയില്‍ പൂന്താനം "ജീവഗതിയെ'ക്കുറിച്ച് പറയുന്നുണ്ട്. അത് കവിയുടെ വിശ്വാസവും, ഭാവനയുമാണ്. അത് ഇപ്രകാരമാണ്.
""ചണ്ഡകര്‍മങ്ങള്‍ ചെയ്തവര്‍ ചാകുമ്പോള്‍
ചണ്ഡാല കുലത്തിങ്കല്‍ പിറക്കുന്നു
അസുരന്മാര്‍ സുരന്മാരായീടുന്നു
അമരന്മാര്‍ മരങ്ങളായീടുന്നു
അജം ചത്തു ഗജമായ് പിറക്കുന്നു
ഗജം ചത്തങ്ങജവുമായീടുന്നു
നരി ചത്ത് നരനായ് പിറക്കുന്നു
നാരി ചത്തുടനോരിയായ് പോകുന്നു
കൃപ കൂടാതെ പീഡിപ്പിച്ചീടുന്ന
നൃപന്‍ ചത്തു കൃമിയായ് പിറക്കുന്നു
ഈച്ച ചത്തൊരു പൂച്ചയായീടുന്നു
ഈശ്വരന്‍റെ വിലാസങ്ങളിങ്ങനെ...''
ജീവിതത്തില്‍ സുഖവും സന്തോഷവും ദുഃഖവും വിഷമവും പ്രയാസവും എല്ലാം ഉണ്ടാകുക പതിവാണ്. എന്നാല്‍ ഇവയെല്ലാം നമ്മുടെ ജീവിതത്തിലെപ്പോഴും മാറിമറിഞ്ഞ് സംഭവിച്ചുകൊണ്ടിരിക്കുന്നു. ദുഃഖവും വിഷമവും പ്രയാസവും ഉണ്ടാകാതിരിക്കുവാന്‍ നാം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതെല്ലാം നമ്മുടെ ജീവിതത്തില്‍ പലപ്പോഴായി വരികയും പോകുകയും ചെയ്യുന്നു. എപ്പോഴും സന്തോഷവാനായി ഇരിക്കുവാനാണ് മനുഷ്യന്‍ ആഗ്രഹിക്കുന്നതെങ്കിലും അത് നടക്കാറില്ല. പാവപ്പെട്ടവനായാലും പണക്കാരനായാലും ഇതെല്ലാം എല്ലാവരിലും ഒരുപോലെ നമ്മുടെ സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
പുനര്‍ജന്മം എന്നൊന്ന് ഇല്ലെന്ന് ചിലര്‍ വിശ്വസിക്കുന്നു. മനുഷ്യന് ഉണ്ടായ ആഗ്രഹങ്ങളില്‍ നിന്നാണ് പുനര്‍ജന്മം എന്ന ആശയം തന്നെ രൂപം കൊണ്ടത് എന്നാണ് അവര്‍ പറയുന്നത്. മനുഷ്യന് പ്രിയപ്പെട്ട ഒരാളുടെ വേര്‍പാടില്‍ ആശ്വാസവാക്കായി പറയുന്നതിനും വേദനിക്കുന്നവനെ സമാധാനിപ്പിക്കുന്നതിന് വേണ്ടിയും രൂപംകൊടുത്ത ഒരു ആശയമാണ് പുനര്‍ജന്മം എന്ന് വിശ്വസിക്കുന്നവരും നമുക്ക് ചുറ്റിലുമുണ്ട്. അങ്ങിനെ സ്വയം ആശ്വസിക്കാനും, ആശ്വസിപ്പിക്കാനും മനുഷ്യന്‍ കണ്ടെത്തിയ സങ്കല്‍പ്പമാണ് പുനര്‍ജന്മം.
പുനര്‍ജന്മം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഹൈന്ദവ വിശ്വാസത്തിന്‍റെ അടിത്തറയിലാണ് പുനര്‍ജന്മം എന്നാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. ഓരോ ജീവനും വ്യത്യസ്ത ജന്മങ്ങളിലൂടെ കടന്നുപോകുന്നു എന്ന ഒരു വിശ്വാസം ഹിന്ദു സമൂഹത്തിനിടയിലെ വിശ്വാസങ്ങളിലുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ജനിക്കുന്ന എല്ലാവരുടെയും മരണം ഉറപ്പാണ്, മരിക്കുന്ന എല്ലാവരുടെയും ജനനം ഉറപ്പാണ്. അതുകൊണ്ട് ആര്‍ക്കും തടയാന്‍ പറ്റാത്ത കാര്യത്തില്‍ നിനക്ക് ദുഃഖിക്കേണ്ട കാര്യമില്ല എന്നാണ് ഭഗവദ്ഗീതയില്‍ (2.27) പറയുന്നത്. മറ്റ് മതവിഭാഗങ്ങളേക്കാള്‍ കൂടുതലായി ഹിന്ദുമതത്തിലാണ് പുനര്‍ജന്മ വിശ്വാസം കൂടുതലായി കണ്ടുവരുന്നത്. സെമിറ്റിക് മതങ്ങൾ മരണാനന്തരം സ്വർഗം, നരകം എന്ന വിശ്വാസമാണല്ലോ വച്ചുപുലർത്തുന്നത്.
പുനര്‍ജന്മത്തെ കുറിച്ച് ഒട്ടേറെ പഠനങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും നടന്നതായി കാണാം. പുനര്‍ജന്മത്തെ കുറിച്ച് പഠനം നടത്തിയവരില്‍ ഇയാന്‍ സ്റ്റീവന്‍സണ്‍ ശ്രദ്ധേയനായ വ്യക്തിയാണ്. അമെരിക്കയിലെ മനോരോഗ വിദഗ്ധനാണ് ഇദ്ദേഹം. പ്രശസ്തമായ വിര്‍ജീനിയ സര്‍വകലാശാലയിലെ മനോരോഗ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലവനയിരുന്നു ഇയാന്‍. പുനര്‍ജന്മത്തെ കുറിച്ച് വര്‍ഷങ്ങളോളം പഠനം നടത്തിയ അദ്ദേഹം കണ്ടെത്തിയ ഉത്തരങ്ങള്‍ ശ്രദ്ധേയമാണ്. പുനര്‍ജന്മം ഉണ്ടെന്നു തന്നെയാണ് അദ്ദേഹം തന്‍റെ ഗവേഷണത്തിന്‍റെ ഉത്തരമായി ലോകത്തോട് പറഞ്ഞുവച്ചിരിക്കുന്നത്.
ആള്‍ദൈവങ്ങളുടെ സൃഷ്ടിയാണ് പുനര്‍ജന്മം എന്ന് വിമര്‍ശനമായി പറയുന്നവരും ഉണ്ട്. മരണപ്പെട്ടുപോയ ഒരു വ്യക്തിയുടെ ആത്മാവിന് നിത്യശാന്തി നല്‍കുന്നതിനും അദ്ദേഹത്തിന്‍റെ പുനര്‍ജന്മം സന്തോഷകരമാക്കുവാന്‍ കര്‍മങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്ന് പറയുന്നവരുമുണ്ട്. മരണപ്പെട്ടവര്‍ പുനര്‍ജനിക്കണമെങ്കില്‍ അവര്‍ക്ക് തൃപ്തി നല്‍കേണ്ടതുണ്ട് എന്ന് വിശ്വസിപ്പിക്കുന്ന ചില മതപണ്ഡിതരും സമൂഹത്തിലുണ്ട്. മരണപ്പെടുന്നവരുടെ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും പണം സമ്പാദിക്കുവാന്‍ ചില വ്യക്തികള്‍ നടത്തുന്ന ഒരു തട്ടിപ്പാണ് പുനര്‍ജന്മം എന്ന സങ്കല്പം എന്ന് വിമര്‍ശനവും നിലവിലുണ്ട്.
എന്നാല്‍ പുനര്‍ജന്മം ഉണ്ടാകാതിരിക്കുക എന്നതാണ് ഹിന്ദുമതത്തിന്‍റെ അടിസ്ഥാനം എന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഒരു ജന്മം പൂര്‍ത്തിയാക്കിയാല്‍ മോക്ഷം ലഭിച്ച് ദൈവ സന്നിധിയില്‍ പോകണമെന്നതാണ് അവരുടെ വിശ്വാസം. പുനര്‍ജന്മം ഉണ്ടാകാതിരിക്കാന്‍ പ്രാര്‍ഥനകളും പൂജകളും കര്‍മങ്ങളും നമുക്കിടയിലുണ്ട്. കേരളത്തിലെ തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയിലാണ് പുനര്‍ജനി ഗുഹ സ്ഥിതിചെയ്യുന്നത്. മലയിലെ ഒരു പാറയിടുക്കിലൂടെ നൂറ് മീറ്ററോളം നീളമുള്ള ഒരു പ്രകൃതിദത്ത തുരങ്കമാണ് പുനര്‍ജനി ഗുഹ. ഈ തുരങ്കത്തിന്‍റെ ഒരറ്റത്തു നിന്നും മറ്റേ അറ്റത്തേക്കു നൂണ്ടു കയറിയാല്‍ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് ഒരാള്‍ക്ക് പുനര്‍ജ്ജന്മം സംഭവിക്കുന്നു എന്നാണ് വിശ്വാസം.
മനുഷ്യാത്മാവ് മറ്റൊരു അസ്തിത്വത്തിലേക്ക് മാറുമെന്ന വിശ്വാസം ചില പൗരസ്ത്യ മതങ്ങള്‍ പഠിപ്പിക്കുന്നു. പുനര്‍ജന്മം ബൈബിളില്‍ കാണുന്നില്ല എന്നാണ് പറയുന്നത്. മരണത്തിനു ശേഷമുള്ള കാര്യങ്ങളെക്കുറിച്ച് നിരവധി സിദ്ധാന്തങ്ങളുണ്ട്. കൂടുതല്‍ പ്രചാരമുള്ളതും ക്രിസ്ത്യന്‍ ഇതര ആശയങ്ങളില്‍ ഒന്നാണ് പുനര്‍ജന്മം. പുനര്‍ജന്മം സൂചിപ്പിക്കുന്നത് നിങ്ങള്‍ മരിക്കുക മാത്രമല്ല, പുഴുക്കള്‍ നിങ്ങളെ ഭക്ഷിക്കുകയും ചെയ്യുന്നു അല്ലെങ്കില്‍ നിങ്ങളുടെ ആത്മാവ് സ്വര്‍ഗം അല്ലെങ്കില്‍ നരകം പോലുള്ള മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിക്കുന്നു. പകരം, പുനര്‍ജന്മത്തില്‍ നിങ്ങളുടെ ആത്മാവ് മറ്റൊരു ശരീരത്തിലേക്ക് പരിവര്‍ത്തനംചെയ്യുന്നു. അങ്ങനെ നിങ്ങളുടെ സത്തയ്ക്ക് വീണ്ടും ജീവിക്കാന്‍ കഴിയും. സമീപകാല ദശകങ്ങളില്‍ ഈ ആശയം പാശ്ചാത്യ ലോകത്ത് ശരിക്കും പിടിമുറുക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഒരു ബൈബിള്‍ ആശയമല്ല.
ലോകമെമ്പാടുമുള്ള ഗോത്രവര്‍ഗ സംസ്കാരങ്ങളില്‍ പുനര്‍ജന്മത്തെക്കുറിച്ചുള്ള വിശ്വാസം ശക്തമായി കാണുന്നുണ്ട്. മധ്യ ഓസ്ട്രേലിയയിലെയും പശ്ചിമാഫ്രിക്കയിലെയും തദ്ദേശീയ സമൂഹങ്ങളില്‍ ഈ ആശയം വളരെ നാടകീയമായി പ്രകടവുമാണ്. അവിടെ ഇത് പൂർവിക ആരാധനയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. പുരാതന ഇന്ത്യയിലും ഗ്രീസിലുമാണ് പുനര്‍ജന്മ സിദ്ധാന്തം ഏറ്റവും വിശദമായി കാണപ്പെടുന്നത്. ഇന്ത്യയില്‍, പുനര്‍ജന്മം എന്ന വിശ്വാസം ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ് മതം, സൂഫിസം എന്നിവയില്‍ കാണാം. ശ്രീരാമകൃഷ്ണ പരമഹംസരേയും മഹർഷി അരബിന്ദോയെയും പോലെയുള്ള ആധുനിക ചിന്തകരുടെ രചനകളില്‍ പോലും ഇത് പ്രതിപാദിക്കുന്നു. പുരാതന ഗ്രീസില്‍ ഈ ആശയം പ്രാഥമികമായി പൈതഗോറസ്, എംപെഡോക്കിള്‍സ്, പ്ലേറ്റോ, പ്ലോട്ടിനസ് എന്നിവരുടെ ദാര്‍ശനിക വംശപരമ്പരകളുമായി തിരിച്ചറിയപ്പെടുന്നു.
പുനര്‍ജന്മം എന്ന വിഷയം ചര്‍ച്ച ചെയ്യുമ്പോള്‍ ചിലര്‍ ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്. ഓരോരുത്തരോടും അവര്‍ ചോദിക്കുകയാണ് നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പുനര്‍ജനിച്ച ഒരാളെ കണ്ടിട്ടുണ്ടോ എന്ന്. അങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ അയാളുമായി നിങ്ങള്‍ സംസാരിച്ചിട്ടുണ്ടോ എന്ന്. കാലങ്ങളായി ഭൂമിയില്‍ മനുഷ്യര്‍ ജനിക്കുകയും മരിക്കുകയും ചെയ്യുന്നു - എന്നാല്‍ ഇന്നുവരെ ഒരു മനുഷ്യന്‍ പോലും താന്‍ ഒരു പുനര്‍ജനിച്ച വ്യക്തിയാണെന്ന് വ്യക്തതയോടെ പറഞ്ഞിട്ടില്ല.