എസി ഉപയോഗത്തിലെ വർധന താങ്ങാനാവാതെ വൈദ്യുതി ലൈനുകൾ

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനം വരെ എസി വിൽപ്പനയിൽ വർധനവുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ജിബി സദാശിവൻ

കൊച്ചി: ചൂട് ക്രമാതീതമായി ഉയരുകയും വൈദ്യുതി ഉപയോഗം വർധിക്കുകയും ചെയ്തതോടെ രാത്രികാലങ്ങളിലെ വൈദ്യുതി മുടക്കവും പതിവാകുന്നു. ഇതോടെ ചൂടും കൊതുകും കാരണം ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ് നഗരവാസികൾക്ക്. രാത്രികളിൽ എസിയുടെയും ഫാനിന്‍റെയും ഉപയോഗം കൂടിയതോടെ ട്രാൻസ്ഫോർമറുകളിലും വൈദ്യുതി ലൈനുകളിലും ഉണ്ടാകുന്ന തകരാറു മൂലമാണ് ഇടയ്ക്കിടെ വൈദ്യുതി തടസമുണ്ടാകുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

രാത്രി പത്ത് മണിക്കും പുലർച്ചെ രണ്ട് മണിക്കും ഇടയ്ക്കുള്ള സമയങ്ങളിൽ ലോഡ് കൂടുന്നതിനാൽ ട്രാൻസ്ഫോർമറുകളിലെ ഫ്യുസ് കത്തി പോകുന്നത് പതിവായി. ഇതാണ് നഗരത്തിലെ പലഭാഗത്തും രാത്രികാലങ്ങളിൽ വൈദ്യുതി തടസം ഉണ്ടാകുന്നതിനു കാരണമായി കെ എസ് ഇ ബി ചൂണ്ടിക്കാട്ടുന്നത്. എസി ഉപയോഗം വർധിക്കുന്നതാണ് ഇതിനു പ്രധാന കാരണം.

പീക്ക് അവറിൽ ഉപഭോഗം കുറയ്ക്കുന്നതിനുള്ള ബോധവത്കരണം ശക്തമാക്കാനാണ് ബോർഡ് തീരുമാനം. മുൻകാലങ്ങളിൽ വൈകിട്ട് ഏഴ് മുതൽ രാത്രി പത്ത് വരെയായിരുന്നു നഗരത്തിലെ പീക്ക് അവറുകളായി കണക്കാക്കിയിരുന്നത്. എന്നാൽ, ഇപ്പോഴാകട്ടെ രാത്രി പത്തര മുതൽ പുലർച്ചെ രണ്ട് വരെ മറ്റൊരു പീക്ക് അവർ കൂടി കടന്നുവന്നു. എയർ കണ്ടീഷണറുകളുടെ ഉപയോഗത്തിൽ വന്ന വർധനയും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതുമാണ് ഇതിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പീക്ക് സമയങ്ങളിൽ ഉപഭോഗം കുറയ്ക്കാൻ ഉപയോക്താക്കൾ തയാറായില്ലെങ്കിൽ പവർ കട്ടിലേക്ക് പോകേണ്ടി വരുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകുന്നു.

വീടുകളിലെ എ സിയുടെ എണ്ണത്തിൽ വർധനവുണ്ടായതാണ് ഉപഭോഗം വർധിക്കാൻ പ്രധാന കാരണം. എല്ലാ മുറികളിലും എയർ കണ്ടീഷണറുകളുള്ള ഒട്ടേറെ വീടുകൾ നഗരത്തിലുണ്ട്. മിക്ക വീടുകളിലും രാത്രി പത്തോടെ എയർ കണ്ടീഷണറുകൾ ഒന്നിച്ച് ഓണാക്കുന്നതോടെ ഈ സമയത്ത് ഉപഭോഗവും ഗണ്യമായി വർധിക്കും. ഇത് ഓവർലോഡിലേക്ക് നയിക്കുകയും ട്രാൻസ്ഫോർമറുകൾ തകരാറിലാക്കുകയും ചെയ്യും.

സാധാരണ മാർച്ച് മാസം അവസാനത്തോടെയാണ് എസി വിൽപ്പന വർധിക്കുന്നത്. എന്നാൽ, ഇത്തവണ ഫെബ്രുവരിയിൽ തന്നെ വിൽപ്പന വർധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 80 ശതമാനം വരെ എസി വിൽപ്പനയിൽ വർധനവുണ്ടായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.