നിങ്ങളൊരു 'ഇമോഷണൽ ഈറ്റർ' ആണോ...; അറിയാം ലക്ഷണങ്ങൾ

നിങ്ങളൊരു 'ഇമോഷണൽ ഈറ്റർ' ആണോ...; അറിയാം ലക്ഷണങ്ങൾ

വിശക്കുമ്പോഴോ ശരീരത്തിന് പോഷകങ്ങൾ ആവശ്യമുണ്ടായിട്ടോ ആവില്ല ഇത്തരക്കാർ ഭക്ഷണം കഴിക്കുന്നത്.
Published on

സന്തോഷം വന്നാലും സങ്കടം വന്നാലും സമ്മർദം തോന്നിയാലും ഓടിപ്പോയി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? പല സിനിമകളിലും ഇപ്പോൾ അത്തരം ദൃശ്യങ്ങൾ കാണാറുണ്ട്. ഒരു പാത്രം ഐസ്ക്രീം എടുത്ത് കഴിക്കുന്നതോ, പാക്കറ്റ് ചിപ്പസ് പൊട്ടിച്ച് കഴിക്കുന്നതൊ ഒക്കെ. ഇങ്ങനെയുള്ളവരെയാണ് ഇമോഷണൽ ഈറ്റർ എന്നും വിളിക്കുന്നത്. ഈ രീതിയെ ഇമോഷണൽ ഈറ്റിങ് എന്നും പറയുന്നു.

വിശക്കുമ്പോഴോ ശരീരത്തിന് പോഷകങ്ങൾ ആവശ്യമുണ്ടായിട്ടോ ആവില്ല ഇത്തരക്കാർ ഭക്ഷണം കഴിക്കുന്നത്. മറിച്ച് മാനസിക സമ്മർദം, ഉത്കണ്ഠ, വിരസത തുടങ്ങിയ പ്രതികൂല വികാരങ്ങളിലൂടെ കടന്നുപോകുമ്പോൾ, അല്ലങ്കിൽ സന്തോഷം തോന്നുമ്പോഴെല്ലാം ഇത്തരക്കാർ നേരെ ഓടിയെത്തുന്നത് ഭക്ഷണത്തിലേക്കാണ്. എന്നാൽ, ഈ ശീലം നിങ്ങളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ളവർ സഹായം തേടേണ്ടത് അനിവാര്യമാണ്.

നിങ്ങളൊരു ഇമോഷണൽ ഈറ്റർ ആണോ...? ലക്ഷണങ്ങൾ എന്തെല്ലാം...?

1. ഇമോഷണൽ ഈറ്റിങ്ങിന്‍റെ പ്രാധാന ലക്ഷണങ്ങളിലൊന്നാണ് വൈകാരികമായ ആഗ്രഹം കൊണ്ടുമാത്രം ഭക്ഷണം കഴിക്കുക എന്നത്. ഇത്തരക്കാർ വിശപ്പില്ലാത്തപ്പോഴും ഇതേ രീതി തുടരും.

2. എന്തെങ്കിലും ട്രിഗർ തൊന്നിയ ഉടനെ പോയി ഭക്ഷണം കഴിക്കുന്ന രീതി.

3. ഇത്തരക്കാർക്ക് അവരുടെ വികാരങ്ങളെ അടിസ്ഥാനമാക്കി പ്രത്യേക തരം ഭക്ഷണം കഴിക്കാന്‍ തോന്നും. ദേഷ്യം തോന്നുമ്പോൾ മുളക് കടിച്ചു തിന്നുന്നതും, സമ്മർദം തോന്നുമ്പോൾ ഐസ്ക്രീം കഴിക്കുന്നതെല്ലാം ഇതിനുള്ള ഉദ്ദാഹരണമാണ്.

4. എത്രമാത്രം ഭ‍ക്ഷണം കഴിച്ചു എന്നതിലുപരി, ഭക്ഷണം കഴിക്കുന്നതിലൂടെ ലഭിക്കുന്ന ആശ്വാസവും സംതൃപ്തിയുമാണ് ഇവരുടെ ലക്ഷ്യം.

5. ഭക്ഷണത്തെ ആശ്വാസമായി കണക്കാക്കുന്ന ഇത്തരക്കാർക്ക് പലപ്പോഴും കുട്ടിക്കാലത്തെ അനുഭവങ്ങളും ട്രോമയും കാരണമാകാം ഈ സ്വഭാവം ലഭിക്കുക. ഇത്തരക്കാർക്ക് വിദഗ്ധ സഹായമില്ലാതെ മറികടക്കാന്‍ പ്രയാസമായിരിക്കും.

6. വൈകാരികമായി ഭക്ഷണം കഴിക്കുന്നവർക്ക് എപ്പോഴും ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്നതിലാകും കൂടുതൽ താത്പര്യം. തങ്ങളുടെ ചിട്ടയല്ലാത്ത ഭക്ഷണരീതി മറ്റുള്ളവരിൽ നിന്ന് ഒളിച്ചു വയ്ക്കാനാവാം അത്.

7. ഒരു ഭാഗത്ത് വൈകാരികമായി ഭക്ഷണം കഴിക്കുന്നവർക്ക് അമിതമായി ഭക്ഷണം നിയന്ത്രിക്കാന്‍ സാധിക്കില്ല എന്നതാണെങ്കിൽ, മറുഭാഗത്ത് ഒരുപാട് ഭക്ഷണം കഴിക്കുന്നതുമൂലമുള്ള കുറ്റബോധവും അപമാനവും മൂലം വീണ്ടും ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലേക്ക് വികാരങ്ങളെ നയിക്കും എന്നതാണ് സത്യം

വൈകാരിക ഭക്ഷണം കൈകാര്യം ചെയ്യുന്ന ഒരാളായി ഇനി നിങ്ങൾ സ്വയം തിരിച്ചറിയുകയാണെങ്കിൽ, നിങ്ങളെ സഹായിക്കുന്ന ചില കുറുക്കു വഴികളിതാ:

1. നിങ്ങളെ ട്രിഗർ ചെയ്യുന്ന തരത്തിലുണ്ടായ സാഹചര്യം എന്തെന്ന് തിരിച്ചറിഞ്ഞ് ഒരു 'മൂഡ് ട്രാക്കർ' ഉണ്ടാക്കുക.

2. നിങ്ങളുടെ വിശപ്പിന്‍റെ അളവ് 1 മുതൽ 10 വരെയുള്ള സ്കെയിലിൽ റേറ്റ് ചെയ്യുക. ഇത് മൂഡ് ട്രാക്കറുമായി താരതമ്യം ചെയ്തു നോക്കുക.

3. ഇനി ബോറടിക്കുമ്പോൾ ഭക്ഷണം കഴിക്കുകയും ഓർഡർ ചെയ്യുകയും ചെയ്യുന്ന ശീലമുണ്ടെങ്കിൽ, ആ ചിന്ത മാറ്റി വിനോദപരമായ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുക. മനസിലുള്ള കാര്യങ്ങൾ എഴുതുക, സുഹൃത്തുക്കളുമായി കറങ്ങാന്‍ പോവുക തുടങ്ങി സമ്മർദത്തെ നേരിടാൻ മറ്റ് വഴികൾ കണ്ടെത്തുന്നതൊക്കെ സഹായകരമാകും.

4. യോഗ, ജിം, വ്യായാമം, ബോഡി ബിൽഡിങ് എന്നിവ വൈകാരിക ഭക്ഷണം കഴിക്കുന്നത് തടയുന്നതിനൊപ്പം, ശരീരവും മനസും ഫിറ്റായി ഇരിക്കാനും സഹായിക്കും.

5. ഇത്തരം കുറുക്കുവഴികൾ നിങ്ങളെ സഹായിച്ചില്ല എന്നു തിരിച്ചറിയുകയാണെങ്കിൽ ഉടന്‍ വിദഗ്‌ധാഭിപ്രായം തേടുന്നതാകും നല്ലത്.