ഫാറ്റി ലിവറും അമിത വണ്ണവും: ജാഗ്രത പുലര്‍ത്തേണ്ട സമയം

അമിതഭാരവും പൊണ്ണത്തടിയും ഫാറ്റി ലിവര്‍ രോഗാവസ്ഥയുടെ പ്രധാന അപകട ഘടകങ്ങളില്‍ ഒന്നാണ്
ഫാറ്റി ലിവറും അമിത വണ്ണവും: ജാഗ്രത പുലര്‍ത്തേണ്ട സമയം
Updated on

ഡോ മനോജ് അയ്യപ്പത്ത്, സീനിയർ കൺസൾട്ടൻ്റ് HODസർജിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, അപ്പോളോ ആഡ്‌ലക്‌സ് ഹോസ്പിറ്റൽ, അങ്കമാലി

കരളില്‍ കൊഴുപ്പ് അടിഞ്ഞു കൂടുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നമാണ് നോണ്‍- ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) അഥവാ ഫാറ്റി ലിവര്‍. ലോകത്തില്‍ ഏറ്റവും അധികമായി കണ്ടുവരുന്ന കരള്‍ രോഗമാണിത്. ഫാറ്റി ലിവറിന്‍റെ ആഗോള വ്യാപനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും മൊത്തം ജനസംഖ്യയുടെ 30 ശതമാനത്തോളം ഫാറ്റി ലിവര്‍ ബാധിതരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലും സ്ഥിതി വിപരിതമല്ല. പത്ത് വര്‍ഷം മുന്‍പ് 20 മുതല്‍ 30 ശതമാനം എന്ന കണക്കില്‍ നിന്നും 38 ശതമാനമായാണ് രോഗ ബാധിതരുടെ എണ്ണം വര്‍ധിച്ചിരിക്കുന്നത്. ഇത് ഭയാനകമായ വര്‍ധനവാണെന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ചില പഠനങ്ങള്‍ അടിവരയിടുന്നു. ജീവിതശൈലി ഘടകങ്ങളുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു എന്നതിനാല്‍ കുട്ടികളിലും ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതമായ കലോറി ഉപഭോഗവും വ്യായാമം അടക്കമുള്ള ശാരീരിക പ്രവര്‍ത്തനങ്ങളുടെ കുറവും ജീവിതശൈലിയിലെ പ്രശ്‌നങ്ങളാണ്.

നേരത്തെ ദോഷകരമല്ലാത്ത അവസ്ഥയാണെന്ന് കരുതിയിരുന്ന ഫാറ്റി ലിവര്‍, കരളുമായി ബന്ധപ്പെട്ട രോഗാവസ്ഥയ്ക്കും മരണത്തിനും പ്രധാന കാരണമാകുവെന്നാണ് കണ്ടെത്തല്‍. ഹെപ്പറ്റിക് സ്റ്റീറ്റോസിസ് അല്ലെങ്കില്‍ സിമ്പിള്‍ ഫാറ്റി ലിവര്‍ മുതല്‍ കരള്‍ കോശങ്ങളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്ന കരള്‍ വീക്കം അഥവാ നോണ്‍-ആല്‍ക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (NASH) വരെയുള്ള രോഗങ്ങളുടെ ഒരു കൂട്ടമാണ് നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD). ഇത് ഫൈബ്രോസിസ്, ലിവര്‍ സിറോസിസ്, കരള്‍ അര്‍ബുദം എന്നീ കൂടുതല്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിക്കുന്നു. ഫാറ്റി ലിവറിന്‍റെ ഈ വളര്‍ച്ച ക്രമാനുഗതവും നിശബ്ദവുമായതുകൊണ്ടുതന്നെ രോഗലക്ഷണങ്ങളൊന്നും ഉണ്ടാകില്ല എന്നത് എടുത്തുപറയണം.

അമിതഭാരവും പൊണ്ണത്തടിയും ഫാറ്റി ലിവര്‍ രോഗാവസ്ഥയുടെ പ്രധാന അപകട ഘടകങ്ങളില്‍ ഒന്നാണ്. പൊണ്ണത്തടിയുടെ ഗുരുതര വ്യാപനം, ഫാറ്റി ലിവറിന്‍റെ വര്‍ധനവും തീവ്രതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍ മറ്റെല്ലാ പ്രശ്‌നങ്ങള്‍ക്കും പുറമെ, പൊണ്ണത്തടി ഫാറ്റി ലിവര്‍ രോഗികളില്‍ കരളുമായി ബന്ധപ്പെട്ട മരണനിരക്ക് വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പൊണ്ണത്തടി നിയന്ത്രിക്കുന്നത് ഫാറ്റി ലിവര്‍ നിയന്ത്രണത്തിലെ പ്രധാന ഘട്ടമാണ്.

ഭക്ഷണക്രമവും വ്യായാമവും ഉള്‍പ്പെടെയുള്ള ജീവിതശൈലി പരിഷ്‌ക്കരണങ്ങളിലൂടെ കൈവരിക്കുന്ന ശരീരഭാരം കുറയ്ക്കലാണ് ഫാറ്റി ലിവര്‍ കൈകാര്യം ചെയ്യുന്നതിനുള്ള ആദ്യപടി. കലോറി നിയന്ത്രിത ഭക്ഷണവും ക്രമമായ ശാരീരിക പ്രവര്‍ത്തനങ്ങളും ശരീരഭാരം 7 മുതല്‍ 10 ശതമാനം കുറയ്ക്കുന്നതും കരളിലെ കൊഴുപ്പും കുറച്ച് കരളിന്‍റെ പ്രവര്‍ത്തനം സാധാരണമാക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. പല ഫാറ്റി ലിവര്‍ രോഗികള്‍ക്കും പ്രമേഹം, ഉയര്‍ന്ന രക്തസമ്മർദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവയുള്‍പ്പെടെ മെറ്റബോളിക് സിന്‍ഡ്രോമിന്‍റെ അനുബന്ധ ഘടകങ്ങളുണ്ട്. അതുകൊണ്ട് ഇവ കൈകാര്യം ചെയ്യുന്നതും ഫാറ്റി ലിവര്‍ രോഗികളില്‍ മുന്‍ഗണന നല്‍കേണ്ട കാര്യമാണ്.

ഫാര്‍മക്കോ തെറാപ്പിയുടെ സാധ്യതകള്‍ പരിമിതമാണ്, പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇടയില്‍ നിരവധി മറ്റ് ഘടകങ്ങളുണ്ട്. ജീവിതശൈലി പരിഷ്‌ക്കരണങ്ങളുടെയും മരുന്നുകളുടെയും സംയോജനം പരാജയപ്പെടുകയാണെങ്കില്‍, ബാരിയാട്രിക് സര്‍ജറി (ഭാരം കുറയ്ക്കുന്നതിനുള്ള ശസ്ത്രക്രിയ) തിരഞ്ഞെടുക്കപ്പെട്ട പൊണ്ണത്തടിയുള്ള രോഗികളില്‍ പരിഗണിക്കാവുന്നതാണ്.

മറ്റ് നടപടികള്‍ പരാജയപ്പെട്ടാല്‍ ബാരിയാട്രിക് സര്‍ജറി ഒരു ദീര്‍ഘകാല പരിഹാരമായും സ്വീകരിക്കാം. വിവിധ തരത്തിലുള്ള ശസ്ത്രക്രിയകളില്‍ നിന്ന് അനുയോജ്യമായ ശസ്ത്രക്രിയയുടെ തിരഞ്ഞെടുപ്പ് രോഗിയുടെ ശാരീരിക- രോഗ അവസ്ഥയെയും ബോഡി മാസ് സൂചികയെയും ആശ്രയിച്ചിരിക്കുന്നു. കുറഞ്ഞ മരണസാധ്യതയുമുള്ള കീ-ഹോള്‍ ശസ്ത്രക്രിയകളായാണ് അവ നടത്തുന്നത്. ആമാശയത്തിന്‍റെ ശേഷി കുറയ്ക്കുന്ന സ്ലീവ് ഗ്യാസ്‌ട്രെക്റ്റമിയാണ് ഏറ്റവും ലളിതമായ ശസ്ത്രക്രിയ. വയറിന്‍റെ വലിപ്പം കുറയ്ക്കുകയും ഭക്ഷണം ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും ചെയ്യുന്ന ശസ്ത്രക്രിയകളാണ് മറ്റ് സാധ്യതകള്‍. ശസ്ത്രക്രിയാ വിദഗ്ധന്‍, എന്‍ഡോക്രൈനോളജിസ്റ്റ്, ഡയറ്റീഷ്യന്‍ എന്നിവരടങ്ങുന്ന ശസ്ത്രക്രിയാ സംഘം രോഗിയെ സാധാരണ ജീവിതത്തിലേക്ക്ക്ക് നയിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികള്‍ കര്‍ശനമായ നിരീക്ഷണത്തില്‍, ഡോക്റ്ററുടെ ഉപദേശപ്രകാരം വിറ്റാമിന്‍, അയണ്‍ എന്നിവയും എടുക്കേണ്ടി വന്നേക്കാം.

Trending

No stories found.

Latest News

No stories found.