ബിസിനസ് ലേഖകൻ
കൊച്ചി: ബാങ്കുകളിലെ പരമ്പരാഗത ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് വീണ്ടും പലിശ കൂടാന്‍ സാധ്യതയേറുന്നു. വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വിവിധ ബാങ്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലിശ വർധിപ്പിച്ചിരുന്നു. വാണിജ്യ ബാങ്കുകള്‍ തുടര്‍ച്ചയായി പലിശ വർധിപ്പിച്ചിട്ടും നിക്ഷേപ സമാഹരണത്തില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്തതിനാലാണ് വീണ്ടും പലിശ കൂട്ടാൻ ആലോചിക്കുന്നത്.
സ്വര്‍ണം, ഓഹരി, കടപ്പത്രങ്ങള്‍, മ്യൂച്വൽ ഫണ്ട് എന്നിവയില്‍ നിന്നു മികച്ച വരുമാനം ലഭിക്കുന്നതാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രിയം കുറയ്ക്കുന്നത്. ഈ പ്രവണത രാജ്യത്തെ പണ ലഭ്യതയിൽ കുറവ് വരുത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് തന്നെ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, വിപണിയിലെ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കുമായി സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ നിക്ഷേപ സമാഹരണത്തില്‍ ഏറെ നേട്ടമുണ്ടാക്കുന്നുമുണ്ട്. ഇക്വിറ്റാസ്, ഉജ്ജീവന്‍, ബന്ധന്‍ തുടങ്ങിയ സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ 15 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്‍പത് ശതമാനം വരെ പലിശ നല്‍കുന്നു. ഇത്രയും ചെറിയ കാലയളവില്‍ നിക്ഷേപങ്ങള്‍ക്ക് മറ്റ് ബാങ്കുകളൊന്നും ഇത്രയും ഉയര്‍ന്ന പലിശ നല്‍കുന്നില്ല.
മുതിര്‍ന്ന പൗരന്മാര്‍ക്ക് 444 ദിവസത്തേക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഒന്‍പത് ശതമാനം പലിശ നല്‍കുന്ന ഇക്വിറ്റാസ് ബാങ്കാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും മികച്ച ഓഫര്‍ നല്‍കുന്നത്. ഒരു വര്‍ഷ കാലയളവിലെ നിക്ഷേപങ്ങള്‍ക്ക് ഉജ്ജീവന്‍ ബാങ്ക് 8.75% പലിശ നല്‍കുന്നുണ്ട്. ഒരു വര്‍ഷത്തെ നിക്ഷേപത്തിന് ബന്ധന്‍ ബാങ്ക് 8.35% പലിശയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഒരു വര്‍ഷത്തേക്ക് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ 8.25% മാത്രമാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്നത്.
കൂടുതൽ സ്ഥിര നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായുള്ള മത്സരം ശക്തമാണ്. നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്നതും മികച്ച വരുമാനം നേടാന്‍ കഴിയുന്നതുമാണ് ഫിക്സഡ് ഡെപ്പോസിറ്റുകളുടെ അനുകൂല ഘടകം. നാണയപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വർധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.