ഇംതിയാസ് അബൂബക്കർ
ഇംതിയാസ് അബൂബക്കർ

മനസ് തൊടുന്ന വിരൽത്തുമ്പുകൾ

നൃത്തസംവിധായകന്‍റെ സിനിമാ തിരക്കുകൾക്കിടയിലും, തന്‍റെ പക്കലുള്ള കലയെ സമൂഹത്തിനു വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഇംതിയാസ് അബൂബക്കർ ചിന്തിച്ചതിന്‍റെ ഫലമാണ് ഇംതിയാസ് മൈൻഡ് മൂവ്സ് എന്ന പ്രസ്ഥാനം.

പ്രത്യേക ലേഖകൻ

മോഹൻലാലിന്‍റെ വിരലുകൾ പോലും അഭിനയിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ ആരാധകർ പറയാറുള്ളത്. ആ വിശേഷണത്തിലെ വസ്തുത എന്തുതന്നെയായാലും, വിരലുകൾക്ക് അഭിനയിക്കാനും കഥ പറയാനും നൃത്തം ചെയ്യാനുമൊക്കെ സാധിക്കുമെന്നു തെളിയിച്ചിട്ടുണ്ട് ഇംതിയാസ് അബൂബക്കർ എന്ന നൃത്തസംവിധായകൻ. ഒരു വ്യാഴവട്ടക്കാലം മുൻപ് ഫിംഗർ ഡാൻസ് എന്ന കലാരൂപം ഇന്ത്യയിൽ അവതരിപ്പിച്ചയാളാണ് ഇംതിയാസ്. അതിന്‍റെ പേരിൽ പല ലോക റെക്കോഡുകൾക്കും ഉടമ.

ഡയറക്റ്റർ ഓഫ് കോറിയോഗ്രഫി (DoC), അസോസിയേറ്റ് ഡയറക്റ്റർ എന്നീ റോളുകളിൽ സിനിമയുടെ തിരക്കുകളിൽ നിൽക്കുമ്പോഴും, തന്‍റെ പക്കലുള്ള കലയെ സമൂഹത്തിനു വേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് ഈ ചെറുപ്പക്കാരൻ ചിന്തിച്ചതിന്‍റെ ഫലമാണ് ഇംതിയാസ് മൈൻഡ് മൂവ്സ് എന്ന പ്രസ്ഥാനം.

സൂപ്പർ ഹീറോസ്

ഭിന്നശേഷിയോ ഓട്ടിസമോ ഒക്കെയുള്ള കുട്ടികൾ ഇംതിയാസിന് സൂപ്പർ ഹീറോസാണ്. അടുത്ത ബന്ധുവായ അങ്ങനെയൊരു സൂപ്പർ ഹീറോയെ ഫിംഗർ ഡാൻസിന്‍റെ ചില ട്രിക്കുകൾ പഠിപ്പിക്കാൻ നടത്തിയ ശ്രമമാണ് മൈൻഡ് മൂവ്സിലേക്കുള്ള യാത്രയുടെ തുടക്കം. വിരലുകളുടെ ചലനം ശരിയാക്കാനുള്ള വ്യായാമങ്ങൾ ചെയ്യാൻ മടിയുള്ള കുട്ടി ഫിംഗർ ഡാൻസിലെ കഥാപാത്രങ്ങളായി സ്വന്തം കൈവിരലുകളെ അനായാസം വിട്ടുകൊടുക്കുന്നതു കണ്ട് അവന്‍റെ അമ്മ പോലും അമ്പരന്നു. അതോടെയാണ് സ്വയം വികസിപ്പിച്ചെടുത്ത ഈ കലാരൂപം കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുമോ എന്ന ചിന്ത ഇംതിയാസിനുണ്ടാകുന്നത്.

ആശങ്കകൾ

ആശയം മനസിലുദിച്ചെങ്കിലും സംശയങ്ങൾ ഒരുപാട് ബാക്കിയായിരുന്നു. ചലനശേഷിയിൽ പ്രശ്നങ്ങളുള്ള പല കുട്ടികൾക്കും ഇക്കാര്യത്തിൽ താത്പര്യവും പഠിച്ചെടുക്കാനുള്ള ശേഷിയുമുണ്ടെന്ന് വ്യക്തമായെങ്കിലും, ഇത്തരം അംഗുലീവ്യായാമങ്ങൾ അവരിൽ ശാരീരികമായി വിപരീത ഫലമുണ്ടാക്കുമോ എന്നതായിരുന്നു പ്രധാന ആശങ്ക. ഇതെത്തുടർന്ന് ഈ വിഷയത്തിൽ ഇംതിയാസ് കാര്യമായ അന്വേഷണങ്ങൾ തന്നെ നടത്തി. വിദഗ്ധരുമായി സംസാരിച്ചു. മനസിലായത് ഒറ്റ കാര്യമാണ്- സൂപ്പർ ഹീറോ കുട്ടികളുടെ കാര്യത്തിൽ, വിരലുകളുടെ വ്യായാമത്തിന് തലച്ചോറിൽ ഗുണപരമായ പല മാറ്റങ്ങളും വരുത്താൻ സാധിക്കും. ഇതോടെ തന്‍റെ പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെ ഉറപ്പിക്കുകയായിരുന്നു ഇംതിയാസ്.

പരിശീലന രീതി

ഓരോ കുട്ടിക്കും വേണ്ടി പ്രത്യേകം പരിശീലന പാറ്റേണുകൾ തയാറാക്കുന്നതാണ് മൈൻഡ് മൂവ്സിന്‍റെ ആദ്യ ഘട്ടം. അതിനായി ഓരോ കുട്ടിയുമായും പ്രത്യേകം സംസാരിക്കേണ്ടി വരും. ഓരോരുത്തരെയും ആകർഷിക്കാൻ അവർക്ക് താത്പര്യമുള്ള മേഖലകൾ കണ്ടെത്തി അതിനനുസരിച്ചുള്ള മിനിയേച്ചർ മോഡലുകൾ ഉപയോഗിക്കും. ലിറ്റിൽ ബ്രെയിൻ എന്നാണ് ഈ മോഡലുകൾക്കു നൽകിയിരിക്കുന്ന പേര്.

എന്നാൽ, ഇക്കാര്യത്തിൽ ഇവരുടെ രക്ഷിതാക്കൾക്കും അധ്യാപകർക്കും തന്നെയാണ് കൂടുതൽ കാര്യങ്ങൾ ചെയ്യാനുള്ളതെന്നു കൂടി ഇംതിയാസ് കൂട്ടിച്ചേർക്കുന്നു. രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ഒന്നര മണിക്കൂറോളം നീളുന്ന ക്ലാസാണ് നൽകിവരുന്നത്. അതുവഴി 7-8 മാസത്തോളം കുട്ടികളെ പരിശീലിപ്പിക്കാനുള്ള മാർഗനിർദേശങ്ങൾ അവർക്കു ലഭിക്കും. തുടർന്ന് അവർ നൽകുന്ന പരിശീലനത്തിന് മേൽനോട്ടം വഹിക്കുന്നതും മൈൻഡ് മൂവ്സ് തന്നെയായിരിക്കും.

കേരളം മുഴുവൻ സൗജന്യം

നിലവിൽ കൊച്ചി നഗരപരിധിയിലെ ആറ് സ്പെഷ്യൽ സ്കൂളുകളിൽ ഇംതിയാസ് മൈൻഡ് മൂവ്സ് പരിശീലന പരിപാടി നടപ്പാക്കിക്കഴിഞ്ഞു. കേരളത്തിലാകമാനം ഇത്തരത്തിൽ 324 രജിസ്റ്റേർഡ് സ്പെഷ്യൽ സ്കൂളുകളാണുള്ളത്. ഇത്രയും സ്കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക എന്നതാണ് ഇംതിയാസിന്‍റെ പ്രാഥമിക ലക്ഷ്യം. അതിനു ശേഷം രാജ്യത്താകമാനമുള്ള പതിനായിരത്തിലധികം വരുന്ന സ്പെഷ്യൽ സ്കൂളുകളിലും പിന്നെ വിദേശ രാജ്യങ്ങളിലേക്കും എത്തിച്ചേരണമെന്നാണ് ആഗ്രഹം. കുട്ടികളിൽ നിന്നോ സ്കൂളുകളിൽനിന്നോ ഫീസൊന്നും ഈടാക്കാതെ പൂർണമായും സൗജന്യമായി തന്നെയാണ് ഈ പരിപാടി നടപ്പാക്കി വരുന്നത്. ഇനിയും അങ്ങനെ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നതും.

Trending

No stories found.

Latest News

No stories found.