തട്ടുകട മുതല്‍ പഞ്ചനക്ഷത്രം വരെ; രുചിയുടെ 11 മേളകളുമായി കേരളീയം

ബ്രാന്‍ഡഡ്, സ്ട്രീറ്റ്, പെറ്റ്, ഫൈവ് സ്റ്റാര്‍ ഫുഡ് ഫെസ്റ്റിവലുകളുടെ മേളം
Representative image
Representative image
Updated on

തിരുവനന്തപുരം: നാവില്‍ നാടിന്‍റെ മുഴുവന്‍ രുചികളുമായി കേരളീയം ഭക്ഷ്യമേള നഗരത്തിലെത്തുന്നു. നവംബര്‍ ഒന്നുമുതല്‍ ഏഴു വരെ തിരുവനന്തപുരം നഗരത്തില്‍ നടക്കുന്ന മലയാളത്തിന്‍റെ മഹോത്സവം കേരളീയത്തിന്‍റെ ഭാഗമായാണ് നാളിതുവരെ കണ്ടിട്ടില്ലാത്ത രുചിമേളം അനന്തപുരിക്ക് വിരുന്നൊരുക്കുന്നത്.

11 വ്യത്യസ്തതരത്തിലുള്ള ഭക്ഷ്യമേളകളാണ് ഒരാഴ്ചക്കാലം നഗരത്തില്‍ രുചിലോകം തീര്‍ക്കാനെത്തുന്നത്.തട്ടുകട ഭക്ഷണം മുതല്‍ പഞ്ചനക്ഷത്ര ഭക്ഷണം വരെ കേരളീയത്തിലെ സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തില്‍ വ്യത്യസ്തയുടെ വിഭവങ്ങളാണ് ഒരുക്കുന്നത്.

കേരളത്തിലെ തനത് വിഭവങ്ങള്‍ അണിനിരത്തിക്കൊണ്ട് കനകക്കുന്നില്‍ നടക്കുന്ന ബ്രാന്‍ഡഡ് ഫുഡ് ഫെസ്റ്റിവല്‍ ആണ് മേളയിലെ പ്രധാന ആകര്‍ഷണം. രാമശ്ശേരി ഇഡലി, അമ്പലപ്പുഴ പാല്‍പ്പായസം, തലശ്ശേരി ദം ബിരിയാണി, അട്ടപ്പാടി വന സുന്ദരി, പൊറോട്ടയും ബീഫും തുടങ്ങി കേരളത്തിന്‍റെ സവിശേഷമായ ഭക്ഷണങ്ങളെ ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുന്ന ബ്രാന്‍ഡഡ് ഫെസ്റ്റിവല്‍ ഭക്ഷണ പ്രേമികള്‍ക്കു രുചിയുടെ കേരളപ്പെരുമ സമ്മാനിക്കും. എകെജി സെന്‍റര്‍ മുതല്‍ സ്പെന്‍സര്‍ ജംഗ്ഷന്‍ വരെയും സ്പെന്‍സര്‍ ജംഗ്ഷന്‍ മുതല്‍ വാൻറോസ് ജംഗ്ഷന്‍ വരെയുമുള്ള വീഥികളിലെ സ്ട്രീറ്റ് ഫുഡ് ഫെസ്റ്റും അതിനൊപ്പം അരങ്ങേറുന്ന തെരുവുകലാവിരുന്നും സവിശേഷ അനുഭവം സമ്മാനിക്കും.

മാനവീയം വീഥിയില്‍ കേരളത്തിന്‍റെ പരമ്പരാഗത ഭക്ഷണങ്ങളുടെയും അടുക്കളയിലെ പഴയകാല വസ്തുക്കളുടെയും പ്രദര്‍ശനവുമായി എത്തുന്ന പഴമയുടെ തനിമയാണ് മറ്റൊരു വിരുന്ന്. സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ മുഖ്യവേദിയിലാണ് ഫൈവ് സ്റ്റാര്‍ ഫെസ്റ്റിവല്‍ അരങ്ങേറുക.

പട്ടികവര്‍ഗ വികസനവകുപ്പിന്‍റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന എത്നിക് ഭക്ഷ്യമേള, കുടുംബശ്രീ ഭക്ഷ്യമേള, പാലുംപാലുല്‍പ്പന്നങ്ങളും, മത്സ്യവിഭവങ്ങള്‍ എന്നിവയുടെ ഭക്ഷ്യമേള, സഹകരണവകുപ്പ്, കാറ്ററിംഗ് അസോസിയേഷന്‍ എന്നിവയുടെ ഭക്ഷ്യമേള, വളര്‍ത്തുമൃഗങ്ങള്‍ക്കായുള്ള പെറ്റ് ഫുഡ്ഫെസ്റ്റ് എന്നിങ്ങനെ വിവിധ തരം മേളകളാണ് അരങ്ങേറുന്നത്. ഇവയ്ക്കു പുറമേ കനനകക്കുന്നിലെ സൂര്യകാന്തിയില്‍ പാചകമത്സരവും വ്ളോഗര്‍മാരുമായുള്ള ചര്‍ച്ചയും സംഘടിപ്പിക്കും.

Trending

No stories found.

Latest News

No stories found.