കുറെക്കാലം മാര്യേജ് കൗൺസിലറായിരുന്നു സൈക്കോളജിസ്റ്റായ എവറത്ത് വെർത്തിങ്ടൺ. നിരവധി പേരുടെ ദാമ്പത്യപ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയും, പരിഹാരം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പ്രധാനമായും മനസിലാക്കിയ ഒരു കാര്യമുണ്ട്. ഒരുമിച്ചു മുന്നോട്ടു പോവുകയെന്ന തീരുമാനത്തിലേക്ക് എത്തണമെങ്കിൽ ഒരു കാര്യം അത്യാവശ്യമാണ്. അതുവരെയുള്ള എല്ലാ തെറ്റുകുറ്റങ്ങളും കുറവുകളും ക്ഷമിച്ചു എന്നൊരു വാക്ക് പരസ്പരം പറയേണ്ടതുണ്ട്. ഒരു ഘട്ടമെത്തുമ്പോൾ ക്ഷമയുടെ ശാസ്ത്രം തിരിച്ചറിഞ്ഞാൽ മാത്രമേ മുന്നോട്ടു പോകാനാവൂ. ആ ഒരു തിരിച്ചറിവിൽ നിന്നും എവറത്ത് വെർത്തിങ്ടൺ ക്ഷമയുടെ ശാസ്ത്രത്തെക്കുറിച്ചു പഠിക്കാൻ തുടങ്ങി. വെർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ എവറത്ത് വെർത്തിങ്ടണും സംഘവും നടത്തിയ പഠനം ഒരു പതിറ്റാണ്ടോളം നീണ്ടു നിന്നു.
ക്ഷമ പഠിക്കുന്നതും പ്രാവർത്തികമാക്കുന്നതും മാനസിക-ശാരീരിക ആരോഗ്യത്തിനു വളരെയധികം നല്ലതാണെന്നു പഠനത്തിൽ കണ്ടെത്തിയിരിക്കുന്നു. അഞ്ചു രാജ്യങ്ങളിൽ വിവിധ ആളുകളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം ആധികാരികമായി കണ്ടെത്തിയിരിക്കുന്നത്. ക്ഷമ ആട്ടിൻസൂപ്പിന്‍റെ ഗുണം ചെയ്യുമെന്നു പണ്ടേയൊരു ചൊല്ലുണ്ടല്ലോ. ആ ചൊല്ലിനൊരു ആധികാരിക അംഗീകാരം ലഭിക്കുകയാണ്. സാഹചര്യങ്ങളോടായാലും വ്യക്തികളോടായാലും ക്ഷമിക്കാൻ പഠിച്ചാൽ, അതു മാനസിക-ശാരീരിക ആരോഗ്യം നൽകുക തന്നെ ചെയ്യും.
ക്ഷമ പഠിക്കാനും പ്രാക്‌ടീസ് ചെയ്യാനുമുള്ള മാർഗങ്ങളും പഠനത്തിലൂടെ പറഞ്ഞുതരുന്നുണ്ട്. വിവിധ തോട്ട് എക്സർസൈസിലൂടെ ദേഷ്യം നിയന്ത്രിച്ച് ക്ഷമിക്കാനുള്ള വഴികൾ പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ഹോങ്കോങ്, ഇന്തോനേഷ്യ, ഉക്രൈയ്ൻ, കൊളംബിയ, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ അയ്യായിരത്തോളം പേരിലാണു ക്ഷമയുടെ പഠനം നടത്തിയത്.