റീന വർഗീസ് കണ്ണിമല
നാമെല്ലാം മനുഷ്യരല്ലേ..., ആണോ...? ചിറമേൽ അച്ചന്‍റെ പ്രസംഗം കേൾക്കുന്ന ആരും അറിയാതെയെങ്കിലും മനസിലീ ചോദ്യം ചോദിച്ചു പോകും.
സ്വത്വം അന്വേഷിക്കുന്ന മനുഷ്യരോട് കേരളത്തിന്‍റെ കിഡ്നിയച്ചൻ ആവർത്തിച്ചു പറയുന്നൊരു കാര്യമുണ്ട്, ''സഹജീവിക്ക് സഹായം ആവശ്യമുള്ളപ്പോൾ കണ്ടറിഞ്ഞു നൽകുമ്പോൾ മാത്രമേ മനുഷ്യൻ മനുഷ്യനാകൂ''. മനുഷ്യനായി ജനിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ആരും മനുഷ്യരാകുന്നില്ലെന്ന സത്യമാണ് ചിറമേൽ അച്ചൻ ആവർത്തിച്ചു പറയാറുള്ളത്. ഈ ലോകത്തിന്‍റെ സൗന്ദര്യം തന്നെ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാനുള്ള മനസുണ്ടാകുന്ന അവസ്ഥയിലാണ്. ജീവിതം സാർഥകമാകുന്നതു തന്നെ നിഷ്കാമ കർമത്തിലൂടെയാണ്. സകല സുഖ-ദുഃഖങ്ങളും മരണത്തോടെ അവസാനിക്കും. എന്നാൽ, നാം ചെയ്യുന്ന കർമമാകട്ടെ എല്ലാക്കാലത്തും നിലനിൽക്കും.
കിഡ്നി ഫെഡറേഷന്‍ ഒഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേലിന്‍റെ ഈ വാക്കുകൾക്ക് ആഴവും പരപ്പും ഏറെയാണ്. ഇന്നിന്‍റെ മക്കൾ മറന്നു പോകുന്ന, അറിയാതെ പോകുന്ന അനർഘ വൈഡൂര്യങ്ങളാണ് ആ വാക്കുകൾ. ദാനങ്ങൾ പലതു കണ്ടാണ് ഇന്നു മലയാളി എന്നും കണ്ണു തുറക്കുന്നത്. എന്നാൽ ദാനം ചെയ്യലിന്‍റെ മഹത്വം എങ്ങനെയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം അനുസ്മരിപ്പിക്കുന്നു:
''ഒന്നും സ്വന്തമെന്ന് കരുതാതിരിക്കുക. സ്വീകരിക്കുന്നതിനു പകരം ദാനം ജീവിതത്തിന്‍റെ ഭാഗമാക്കുക. അപ്പോൾ മനുഷ്യന്‍ മനുഷ്യനായി മാറും''.
ജീവിതത്തിൽ സ്വയം പ്രാവർത്തികമാക്കിയ കാര്യങ്ങൾ മാത്രമാണ് അച്ചന്‍റെ ഈ വരികളിൽ നിറയുന്നത്. ഒരു സാധാരണ ഇടവക വികാരിക്ക് തന്‍റെ ഇടവകയിലെ അൽമായരുടെ ആത്മീയകാര്യങ്ങൾ മാത്രം നോക്കുകയേ വേണ്ടൂ. എന്നാൽ ചിറമേലച്ചന് വസുധൈവ കുടുംബക സിദ്ധാന്തമാണ് ജീവിതോർജം.
2009ലായിരുന്നു അത്. തൃശൂർ വാടാനപ്പള്ളിയിലെ ഇലക്‌ട്രീഷ്യൻ ഗോപിനാഥൻ ചക്കമഠത്തിൽ വൃക്ക തകരാറിലായി കിടപ്പിലായി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ അത്ര സുഗമമായിരുന്നില്ല അന്ന് ഇന്ത്യയിൽ. ഭാരിച്ച ചെലവുണ്ട് ചികിത്സയ്ക്ക്, അക്കാലത്ത് അവയവദാനം അത്ര പതിവായിരുന്നുമില്ല. ആ സാഹചര്യത്തിലാണ് ഗോപിനാഥനു വേണ്ടി പ്രാദേശിക ഫണ്ട് ശേഖരണാർഥം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കൾ സമീപത്തെ സെന്‍റ് ഫ്രാൻസിസ് പള്ളിയിലെ വികാരിയായിരുന്ന ഫാ. ഡേവിസ് ചിറമേലിനെ സമീപിക്കുന്നത്. അവരുടെ ഫണ്ട് ശേഖരണത്തിൽ അച്ചനും ചേർന്നു. എന്നാൽ, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം ശേഖരിച്ചിട്ടും അനുയോജ്യമായ കിഡ്നി ഗോപിനാഥനു ലഭിച്ചിട്ടില്ല എന്നറിഞ്ഞ അച്ചൻ, തന്‍റെ കിഡ്നികളിലൊന്ന് ഗോപിനാഥനു നൽകാൻ തീരുമാനിച്ചു. അതിനെ കുറിച്ച് അച്ചൻ ഇങ്ങനെ ഓർത്തെടുക്കുന്നു:
''ക്രിസ്തുവിന്‍റെ സന്ദേശം ജീവിക്കാനുള്ള ഒരു ആത്മീയ അവസരവും കൃപയുടെ പ്രവർത്തനവുമാണ്.''
അച്ചന്‍റെ അവസരോചിതമായ ഇടപെടൽ മൂലം ഗോപിനാഥനാ ആരോഗ്യകരമായൊരു ജീവിതം സാധ്യമായി.
2009 സെപ്റ്റംബർ 30ന് കൊച്ചിയിലെ ലേക് ഷോർ ആശുപത്രിയിലായിരുന്നു ഈ ട്രാൻസ്പ്ലാന്‍റേഷൻ.
അവയവദാനത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയും അതു മുതലാക്കുന്ന ക്രിമിനൽ റാക്കറ്റുകളും ഈ രംഗത്ത് ഏറെയുണ്ടെന്നു മനസിലായ അച്ചൻ നിർഭാഗ്യവാന്മാരായ രോഗികളാരും ഈ ക്രിമിനൽ റാക്കറ്റുകളാൽ ചതിക്കപ്പെടാതിരിക്കുന്നതിനു വേണ്ടി തന്‍റെ കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ നടത്തിയ ആ ദിവസം തന്നെ കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യ എന്ന സംഘടന ആരംഭിച്ചു.
കിഡ്നി ദാനം പ്രോത്സാഹിപ്പിക്കുന്നതിനും ഡയാലിസിസിനോ ട്രാൻസ്പ്ലാൻറുകളോ താങ്ങാൻ കഴിയാത്ത രോഗികളെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനുമുള്ള ഒരു ട്രസ്റ്റാണ് ഇത്. ഇന്ന് ഇന്ത്യയിൽ അര ലക്ഷത്തിലധികം ആളുകൾ കിഡ്നി ദാതാക്കളായി മാറുന്നതിലേക്ക് കേരളത്തിന്‍റെ കിഡ്നിയച്ചന്‍റെ നിസ്വാർഥ സേവനങ്ങൾ എത്തി നിൽക്കുന്നു.
ഇന്ന് അദ്ദേഹത്തിന്‍റെ പ്രവർത്തന മേഖല ആൽ വൃക്ഷം പോലെ പടർന്നു പന്തലിച്ചിരിക്കുന്നു. ആക്സ് (ആക്സിഡന്‍റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ്) എന്ന പേരിൽ, വാഹനാപകടങ്ങളിൽപ്പെട്ടവരെയും മറ്റും ആശുപത്രികളിൽ എത്തിക്കുന്ന സന്നദ്ധ സേവന സംഘടനയുടെ സ്ഥാപകൻ കൂടിയാണ് ഫാ. ചിറമേൽ.
ദാരിദ്ര്യനിർമാർജനത്തിനായി ഫുഡ് ബാങ്ക്, ക്ലോത്ത് ബാങ്ക്, ഹംഗർ ഹണ്ട്, മാതൃകാ ഫാം... അങ്ങനെയങ്ങനെ അച്ചന്‍റെ സേവനങ്ങൾ വിവിധ മേഖലകളിലേക്കു പടർന്നു പന്തലിച്ചിരിക്കുന്നു. ഇതെഴുതുമ്പോൾ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലാണ് അച്ചൻ. ഇനിയുമൊത്തിരി പേർക്ക് ആശ്വാസമാകേണ്ട വഴിവിളക്ക്, ഒരുപാടു സാധുക്കളുടെ അഭയകേന്ദ്രം ഒക്കെയായ അദ്ദേഹം പൂർണാരോഗ്യവാനായി തിരിച്ചു വരേണ്ടത് നമ്മൾ ഓരോരുത്തരുടെയും ആവശ്യമാണ്.